ഞാനും എല്ലാ മനുഷ്യനെയും പോലെ യൗവനാരംഭത്തിൽ ഒരു ഇണക്കു വേണ്ടി മോഹിച്ചിരുന്നു. പലതരം പ്രണയങ്ങളിൽ പെട്ടു. ഒരാകർഷണയന്ത്രമെന്നിലുണ്ടെന്നും അതിന്റെ ശക്തി എന്റെ ജീവിതാസക്തി വർധിപ്പിക്കുമെന്നും ഞാൻ വിശ്വസിച്ചു. വിരസതയെന്തെന്നറിയാതെ ജീവിക്കാൻ ആ വിശ്വാസം എന്നെ സഹായിച്ചു. പക്ഷേ….
ഏകാന്തതയ്ക്കു വേണ്ടിയുള്ള
തിരഞ്ഞിരിപ്പുകൾ
എസ്. ശാരദക്കുട്ടി
ഏകാകിത എന്ന വാക്കില്‍ തന്നെയുണ്ട് എകാകിത്വം. എകാകിയായിരിക്കുക എന്നത് ആന്തരികമായ ഒരു അവസ്ഥയാണ്, അതേപോലെ തന്നെ ബാഹ്യമായ ഒരു സ്ഥിതിവിശേഷവും. ഒരു ബസ്സിലോ ബീച്ചിലോ ഹോട്ടലിലോ ദേവാലയത്തിലോ സിനിമാ തീയേറ്ററിലോ അത് സാധ്യമാണ്. ഒരു വീട്ടിലും കിടപ്പറയിലും അത് സാധ്യമാണ്. കാറിൽ പരസ്പരം സംസാരിക്കാതെ യാത്ര ചെയ്യുമ്പോൾ എനിക്കറിയാം ഞാനും ഭർത്താവും രണ്ടു വഴിക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് . ഒരു ചെറിയ ശബ്ദം കൊണ്ടു പോലും ആ നിശ്ശബ്ദതയോ ഒറ്റക്കാകലോ ഭഞ്ജിക്കാൻ ഞാൻ ഒരുമ്പെടാറില്ല. ഞങ്ങളുടെ കാറിൽ ഞങ്ങൾക്കൊരുമിച്ചു യാത്ര ചെയ്താൽ ശ്വാസം മുട്ടുന്നതു പോലെ തോന്നുമെന്ന് എന്റെ ബന്ധുക്കൾ പറയാറുണ്ട്. പക്ഷേ, ഞങ്ങൾക്കിടയിൽ വലിയ ഭൂഖണ്ഡങ്ങളുടെ ഒരകൽച്ച ഉള്ളതാണ് ജീവിതത്തെ പലപ്പോഴും സ്വച്ഛവും സ്വതന്ത്രവും ശക്തവും സുന്ദരവുമാക്കുന്നത്. ഒറ്റക്കായിരിക്കൽ ആനന്ദിക്കാൻ ശീലിക്കേണ്ടതുണ്ട്.
സദാ ഫേസ്ബുക്ക് പോലെ ആൾ ബഹളമുള്ള ഒരു സാമൂഹ്യ മാധ്യമത്തിൽ ഇടപെട്ട് നിരന്തരം സംസാരിച്ചു കൊണ്ടേയിരിക്കുന്ന ഒരാൾ താനിഷ്ടപ്പെടുന്ന തന്റെ ഏകാന്തതയെ കുറിച്ചു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ആരും എന്നെ വിശ്വസിക്കണമെന്നു നിർബ്ബന്ധമില്ല എന്നതു തന്നെയാണ് ഏകാന്തമായ ഇരിപ്പുകൾ എന്നെ പഠിപ്പിച്ചത്. വിർച്വലായ ഒരാൾക്കൂട്ടം എപ്പോഴും എന്റെയുള്ളിലും എനിക്കു ചുറ്റിനും ഉണ്ട് . സദാ തനിയെ സംസാരിച്ച് പാചകം ചെയ്യാറുണ്ട് . യഥാർഥ ആൾക്കൂട്ടത്തിലെന്നതിനേക്കാൾ ബഹളങ്ങളും സംസാരങ്ങളും ഒരു വിർച്വൽ ആൾക്കൂട്ടത്തിൽ നടക്കുന്നുണ്ട്. Monologue is my form of revenge എന്ന് മദാം ബോവറിയെ കൊണ്ട് ഫ്ലോബേര്‍ പറയിപ്പിച്ചത് എന്റെ ഉള്ളിൽ തറച്ചിട്ടുണ്ട്.
പേഴ്സണല്‍ ലൈഫ് പൊന്നുപോലെ , കണ്ണു പോലെ, കരൾ പോലെ കാത്തുസൂക്ഷിക്കുവാനാണ് എനിക്കിഷ്ടം. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ പ്രശസ്ത ആക്ടിവിസ്റ്റ് എലിസബെത് കാന്ടി സ്റ്റാന്‍റ്റണ്‍ അതിനെ ഇങ്ങനെ വിശദീകരിച്ചു, “നാം തന്നെ എന്ന് നാം വിശ്വസിക്കുന്ന നമ്മുടെ ആന്തരികസ്വത്വം, അതിനുള്ളിലേക്ക് ഒരു നോട്ടമോ ഒരു പുരുഷന്റെ സ്പര്‍ശമോ ഒരു മാലാഖയോ ഇന്ന് വരെ പ്രവേശിച്ചിട്ടില്ല.” അതെ , അതിന് ഞാൻ അനുവദിക്കാറില്ല. എങ്ങനെയാണ് മറ്റൊരാൾക്കും കടക്കാനാകാതെ തന്റെ ആന്തരികതയെ ഒരാൾ സംരക്ഷിക്കുന്നതെന്നതിന് എനിക്ക് ഞാൻ തന്നെയാണ് സാക്ഷി.
ജെൻഡർ ഭേദമില്ലാതെ ആണിനെയും പെണ്ണിനേയും മറ്റുള്ളവരെയും ഒരേ പോലെ സ്നേഹിക്കുവാൻ എന്നെ എന്നും സഹായിക്കുന്നത് എന്റെ സ്വകാര്യതയിലുള്ള ഈ കരുതലാണ്. ഏതു ബന്ധവും ഒരകലത്തില്‍ നിറുത്തിക്കൊണ്ടു തന്നെയാണ് അതിനെനിക്കു കഴിയാറുള്ളത്. ഓടിക്കയറി ആരും എന്റെ വീട്ടിലേക്കോ എന്റെ ഉള്ളിലേക്കോ വരാൻ ഞാൻ അനുവദിക്കില്ല . ഏറ്റവും വേണ്ടപ്പെട്ടതെന്നു ഞാൻ വിശ്വസിക്കുന്നവരെ പോലും എന്നിൽ നിന്ന് നിശ്ചിത അകലത്തിൽ നിർത്തുവാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. അതിനെന്നെ സഹായിച്ചത് ഞാൻ വായിച്ചിട്ടുള്ള വിജയികളായ സ്ത്രീകളുടെ ആത്മകഥകളാണ്. അവരിൽ മറിലിൻ മൺറോ ഉണ്ട് . ലീവ് ഉൾമാൻ ഉണ്ട് . മാർഗററ്റ് ആറ്റ് വുഡ് ഉണ്ട് . മലയാളത്തിലെ വിജയലക്ഷ്മിയുണ്ട്. ബാലാമണിയമ്മയുമുണ്ട്. ഇവരെല്ലാം സങ്കീർണ്ണവും നിർവ്വചനാതീതവുമായ വ്യക്തിത്വത്തിന്റെ ഉടമകളാണ്. സദാ സമയവും സ്നേഹിച്ചു കൊണ്ടേയിരുന്നാൽ സത്യസന്ധമായി ഒന്നും എഴുതാനാവില്ലെന്നും വ്യക്തിഗത സ്നേഹങ്ങളിൽ നിന്ന് വിടുതൽ നേടിയാലേ സ്വന്തം ലോകം കണ്ടെത്താനാകൂ എന്നും കവി വിജയലക്ഷ്മിയെ ഉപദേശിച്ചത് മുതിർന്ന കവി ബാലാമണിയമ്മയാണ്.
ഒരു ഗുഹാജീവിയെ പോലെ സ്വന്തം വായനയും എഴുത്തുമായി കഴിയുന്ന വിജയലക്ഷ്മിയുടെ ചിന്തകളുടെ ഗരിമ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ”മറ്റൊരു ലോകമുണ്ട്, എന്നാൽ ആ ലോകം ഈ ലോകത്തിൽ തന്നെയാണ്”—യേറ്റ്സ് ആണോ ഇത് പറഞ്ഞത്, ഓർക്കുന്നില്ല. ഈ ലോകത്തിനുള്ളിൽ മറ്റൊരു ലോകം ഉണ്ടാക്കിയെടുത്തുകൊണ്ട് ജീവിക്കുവാനാണിഷ്ടം. അതിന് തനിച്ചാവുക എന്നത് പ്രധാനമാണ്.
പണ്ടു മുതൽ ആരും കൂട്ടില്ലാതെ ഒറ്റക്ക് സിനിമ കാണാനിഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഫിലിം ഫെസ്റ്റിവലിന്റെ ആരവങ്ങളിലോ പുസ്തകോത്സവങ്ങളിൽ ഒഴുകി നടക്കുന്ന ആൾക്കൂട്ടത്തിലോ പെടാൻ എനിക്കാവുന്നില്ല. ആൾക്കൂട്ടത്തിനിടയിൽ എന്റെ പ്രണയിയെ പോലും എനിക്ക് സഹിക്കാനാവില്ല.
“I want to be left alone.” ഹോളിവുഡ് ലെജന്‍ഡ് ഗ്രെറ്റ ഗാര്‍ബോ പറഞ്ഞതിലെ അർഥം സൂക്ഷ്‌മമാണ്, പൂര്‍ണമാണ്. അവര്‍ എന്നും തനിച്ചായിരുന്നു, പക്ഷെ ആ ഏകാന്തത അവര്‍ തിരഞ്ഞെടുത്തതായിരുന്നു. തനിച്ചായിരിക്കാനുള്ള ഗാർബോയുടെ ആഗ്രഹത്തെ ഒരു എഴുത്തുകാരി വിശേഷിപ്പിച്ചത് “ഹോളിവുഡ് എന്ന മൃഗശാലയില്‍ നീരസത്തോടെ ജീവിക്കുന്ന, ഒരു സ്ത്രീശരീരമുള്ള മാന്‍ ആണ് അവര്‍” എന്നാണ്
ഞാനും എല്ലാ മനുഷ്യനെയും പോലെ യൗവനാരംഭത്തിൽ ഒരു ഇണക്കു വേണ്ടി മോഹിച്ചിരുന്നു. പലതരം പ്രണയങ്ങളിൽ പെട്ടു. ഒരാകർഷണയന്ത്രമെന്നിലുണ്ടെന്നും അതിന്റെ ശക്തി എന്റെ ജീവിതാസക്തി വർധിപ്പിക്കുമെന്നും ഞാൻ വിശ്വസിച്ചു. വിരസതയെന്തെന്നറിയാതെ ജീവിക്കാൻ ആ വിശ്വാസം എന്നെ സഹായിച്ചു. പക്ഷേ, എന്റെ ഉൾലോകങ്ങളുടെ അത്ര ശക്തിയുണ്ടായിരുന്നില്ല , ഞാൻ പാഞ്ഞുചെന്നെത്തിപ്പിടിച്ച ഒരു ബാഹ്യലോകത്തിനും .
യഥാർഥത്തിൽ പല കാലങ്ങളിൽ ഞാൻ കണ്ടെത്തിയ അങ്ങനെ ഒരു സുഹൃത്ത് ഇല്ലായിരുന്നുവെങ്കിൽ പോലും അതെന്റെ ജീവിതത്തെയോ ചിന്തകളെയോ ബലഹീനപ്പെടുത്തുമായിരുന്നില്ല എന്നെനിക്കുറപ്പാണ്. ചില നേരങ്ങളില്‍ ഒരു കൂട്ടിനു വേണ്ടി ആഗ്രഹിച്ചിട്ടുണ്ടാകാമെന്നല്ലാതെ എന്നെന്നെക്കുമായൊരു കൂട്ട് അത്ര മനോഹരമായ ഒന്നായി എനിക്കു തോന്നിയിട്ടില്ല.
ആന്തരികമായ ഒറ്റപ്പെടൽ ശക്തമായതിനാലാകാം ദാമ്പത്യജീവിതത്തില്‍ ഞങ്ങൾക്കിടയിൽ ഒരിക്കലും റൊമാന്‍സ് ഉണ്ടായിരുന്നില്ല. വിചിത്രമെന്നു തോന്നാമെങ്കിലും, അതു സത്യമായിരുന്നു . എനിക്കതിൽ ഒരസ്വാഭാവികതയും തോന്നിയിട്ടില്ല. പരാതിയുമില്ല. കേൾക്കുന്ന കൂട്ടുകാരിൽ പലർക്കും അതൊരു അമ്പരപ്പ് ആയിരുന്നു. പരസ്പരം ഇഴുകിച്ചേർന്ന് ഒന്നാകാതെ ഒരു വിവാഹ ജീവിതമോ?എന്നാൽ ഞങ്ങളങ്ങനെ ജീവിക്കുന്നു എന്നതാണ് സത്യം. ഒറ്റക്ക് സ്വതന്ത്രമായി ജീവിക്കാനാകുന്നു എന്നത് ചെറിയ കാര്യമല്ല. സ്വകാര്യതയിലെ ആ വലിയ ലോകങ്ങളിലാണ് ഞങ്ങൾ . ആന്തരികോർജ്ജമാണ് ഇന്നും എന്റെ യുവത്വത്തെ വർണ്ണാഭമായി നിലനിർത്തുന്നത് എന്നതാണ് സത്യം. ദാമ്പത്യത്തിലെ തികച്ചും സ്വാഭാവികമായ വിയോജിപ്പുകൾ എന്റെ ജാതകത്തിലെ പരിവ്രാജകയോഗത്തിന്റെ ശക്തി മൂലമാണെന്ന് കൂട്ടുകാരിൽ ചിലർ പറഞ്ഞു. എന്റെയുള്ളിലെ ഏകാന്തതയുടെ ശക്തിസൗന്ദര്യമാണതെന്ന് ഞാൻ വിശ്വസിച്ചു.
ഇബ്സന്റെ ഡോള്‍സ് ഹൌസിലെ നോറയെ നോക്കൂ.. അവള്‍ വാതില്‍ കൊട്ടി അടച്ചുപോയത് സ്ത്രീസ്വത്വത്തിന്റെ മേല്‍ക്കോയ്മ കാണിച്ചുകൊണ്ടാണ്. തന്റെ മേലുള്ള എല്ലാ ഇടപെടലുകളെയുമാണ് അവൾ ഇട്ടെറിഞ്ഞു പോയത്. എല്ലാ സ്ത്രീകളിലും ഒരു നോറയുണ്ടെന്ന് , എല്ലാ സ്ത്രീയും നോറ തന്നെയാണ് എന്ന് പറയാം. പക്ഷെ , അതു തിരിച്ചറിയണമെങ്കില്‍ ഓരോ സ്ത്രീയും ആദ്യം മറ്റാര്‍ക്കും കടന്നു ചെല്ലാനാവാത്ത തന്റെ ഹൃദയത്തിലേക്ക് നോക്കണം എന്ന് ഇബ്സന്‍ പറയുന്നുണ്ട്. നോറ വീട്ടില്‍നിന്നു പുറത്തേക്ക് പോയതോടെ ഇബ്സന്റെ നാടകം അവസാനിക്കുന്നു, പക്ഷെ അതൊരു സ്ത്രീയുടെ ജീവിതത്തിലെ യഥാര്‍ത്ഥ തുടക്കമാണ്. അവളുടെ കഥ അവിടെ തുടങ്ങുന്നു എന്നാണ് ഇബ്സന്‍ സൂചിപ്പിക്കുന്നത് . അവൾ വാതില്‍ കൊട്ടി അടച്ചത് അത്ര ശക്തിയോടെയായിരുന്നു . പോകുമ്പോള്‍ നോറയ്ക്ക് അറിയില്ലായിരുന്നു എവിടെക്കാണ് പോകുന്നതെന്ന്, പ്രായോഗികമായ യാതൊരു ജോലിയും അവള്‍ക്കറിയില്ല. എന്നിട്ടും അവള്‍ വീട് വിട്ടിറങ്ങി, സാമൂഹിക-സദാചാര ശീലങ്ങള്‍ക്കും അവളുടെ ഭര്‍ത്താവിന്റെ ശബ്ദത്തിനും മുകളില്‍ നിന്നു , അവള്‍ വാതില്‍ കൊട്ടിയടച്ച ആ ശബ്ദം. അവളുടെ നിശ്ചയത്തിന്റെ ശക്തി അത്രയ്ക്കുമുണ്ടായിരുന്നു. അവളുടെ ഏകാന്തതയെന്ന തിരഞ്ഞെടുപ്പിന്റെ ആര്‍ജവവും ശക്തിയും അവളെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അത്രയേറെ സഹായിച്ചിട്ടുണ്ടാകണം. വീടു വിട്ടിറങ്ങൽ ഒരു ആന്തരികപ്രക്രിയയാണ്. ബുദ്ധൻ ലോകത്തേക്കിറങ്ങി അറിഞ്ഞ സത്യങ്ങൾ തനിയെ അകത്തിരുന്നു കൊണ്ട് അനുഭവിച്ചറിയുന്നുണ്ട് യശോധര . മഹാത്മാഗാന്ധി അന്വേഷിച്ചറിഞ്ഞതെല്ലാം കസ്തൂർബാ ഗാന്ധി അനുഭവിച്ചറിയുന്നുണ്ട്.
Women Who Run With the Wolves എന്ന ഒരു പുസ്തകമുണ്ട്. വന്യജീവിതത്തെയും വന്യസ്ത്രീകളെയും ബന്ധപ്പെടുത്തിയുള്ള ഒരു പഠനമാണ് ആ പുസ്തകം. വൈല്‍ഡ് ആയ സ്ത്രീകള്‍ ചെന്നായയെ പോലെയാണ്. അതിലെ ഒരു ഭാഗം ഇങ്ങനെയാണ് , Wild Woman has no name, for she is so vast. ടിബട്ടന്‍ സംസ്കാരത്തില്‍ അവളെ ഡാകിനി എന്നാണ് വിളിക്കുക, സ്ത്രീകള്‍ക്ക് തെളിഞ്ഞ അകക്കാഴ്ച ഉണ്ടാക്കുന്ന ഡാന്‍സിംഗ് ഫോഴ്സ് ആണ് ഡാകിനി. തിബറ്റന്‍ സംസ്കാരത്തില്‍ ആകാശനടനം ചെയ്യുന്ന സ്ത്രീകളെ കുറിച്ചുള്ള ഉന്നതമായ ആ സങ്കല്‍പം നിലവിലുണ്ട്.
ഇബ്സന്റെ തന്നെ മറ്റൊരു കഥാപാത്രമുണ്ട്. Hedda Gabler. ഹെഡ്ഡായെ പോലെ വന്യ സ്വഭാവമുള്ള പെണ്ണാകുവാനായിരുന്നു എന്റെ ഇഷ്ടം . ഒറ്റയാന്‍ എന്നൊക്കെ ആണിനെ പറയില്ലേ, അങ്ങനെ ഒരുത്തി. ഹെഡ്ഡ ,പതിവു പെണ്ണുങ്ങളെപ്പോലെ പല്ലിറുമി “ഒരു സാധാരണ ജീവിതം” ജീവിക്കുവാൻ തയ്യാറല്ലായിരുന്നു. സ്വന്തം ജീവിതം കൊണ്ട് എല്ലാറ്റിനും ഒരു വില കൊടുക്കുവാൻ അവൾ ഒരുമ്പെട്ടില്ല. അവൾ ആസക്തവും അപകടകരവുമായ ജീവിതമാണ് തിരഞ്ഞെടുത്തത്. പ്രണയവും മരണവുമായൊക്കെയായി അവൾ നിരന്തരം കളിയിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.
ആന്തരികതയിൽ ബുദ്ധിയുള്ള ഒരു ചെന്നായ ആയിരിക്കുമ്പോൾ തന്നെ, ഒരു സ്ത്രീക്ക് ബാഹ്യമായി വിനയവതിയോ കുലീനയോ ആകാം. വ്യക്തിത്വത്തില്‍ അപകടകരവും ഭ്രാന്തവുമായ സർഗ്ഗാത്മകതയുള്ള പെണ്ണുങ്ങള്‍ അങ്ങനെയാണ് എന്നെ ജീവിക്കാൻ പഠിപ്പിച്ചത്. അവർ ഒറ്റക്കായിരിക്കും. അവർക്ക് ഒറ്റയാകാനേ കഴിയൂ.
Add a Comment