വിനോയ് തോമസ്
ഞാനീ പറയാന്‍ പോകുന്ന കാര്യം സങ്കല്‍പ്പിച്ചുണ്ടാക്കീതല്ല. എന്നുവെച്ചാല്‍ ഇത് കഥയല്ല, നടന്ന സംഭവമാണെന്നര്‍ത്ഥം. കോട്ടയത്ത് എന്റെ പഴയ തറവാട്ടുകാര് താമസിക്കുന്ന കുണിഞ്ഞിയില്വെച്ചാണ് ഞാനയാളെ കണ്ടത്.
“എടാ, ഒരു കാരണവശാലും എന്റെ പേരു പറഞ്ഞേക്കരുത്. അറിയാല്ലോ നിനക്ക്, ഞങ്ങടേത് ഒരു രഹസ്യ പരിപാടിയാ.”
ഞാന്‍ അങ്ങേരുടെ പേരു പറയാത്തതിന്റെ കാര്യം മനസ്സിലായല്ലോ. അങ്ങേരെ നേരിട്ടു കണ്ടാല്‍ ഇമ്മാതിരി രഹസ്യപരിപാടിയുമായി നടക്കുകയാണെന്ന് തോന്നുകയേ ഇല്ല. വെളുത്ത് പൊക്കമുള്ള ഒരു മധ്യവയസ്കന്. നല്ല ഡ്രസ്സിംഗും ഗറ്റപ്പും.
“ശരിക്കും ഞങ്ങള്‍ വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തിലാ. ഞങ്ങടേത് ഒരു രഹസ്യവിശ്വാസമായിരുന്നില്ലെങ്കില് കളി കാണാരുന്നു. എടാ, ആരും ചെയ്തുപോകും. അതുപോലത്തെ വ്രണപ്പെടുത്തലാണ് ഇവിടെ നടക്കുന്നത്. ഇതിനെടയ്ക്ക് ഒരുത്തന് ഫെയ്സ്ബുക്കിലെഴുതീത് കണ്ടാരുന്നോ കോഴിക്കോട്ടെ സാംസ്കാരികക്കാര് കോഴികളാണെന്ന്. ഒരക്ഷരം തിരിച്ചു പറയാന്‍ ഞങ്ങക്ക് പറ്റിയോ? സഹിച്ചൂ… ക്ഷമിച്ചൂ…”
കോഴിക്കോട്ടുകാര്‍ വ്രണപ്പെടല്ലേ, ഇത് സംഗതി വേറെയാണ്. എന്റെയീ തറവാട്ടുകാരന് ശരിക്കും ഒരു ക്രിസ്തുമതവിശ്വാസിയാണ്. എന്നുപറഞ്ഞാല്‍ ഇരുമ്പൊലക്ക പോലത്തെ വിശ്വാസി. അങ്ങോട്ടോ ഇങ്ങോട്ടോ വളയേല, മനസ്സിലായോ. അങ്ങേര് ക്രിസ്തുമതത്തേപ്പറ്റി നന്നായി പഠിച്ചിട്ടാണ് വിശ്വാസിയായത്. അല്ലാതെ കാര്ന്നോമ്മാര് പറയുന്നതു കേട്ടിട്ടല്ല. ആ പുള്ളി കുരിശുയുദ്ധത്തേപ്പറ്റി പറയുന്നതു കേട്ടിട്ട് ഞാന്‍ ശരിക്കും അന്തംവിട്ടുപോയി.
“നിനക്ക് കേക്കണോ. 1187 ല്‍ ജറുസലേം കീഴടക്കിയ സലാവുദ്ദീന്‍ അയൂബിക്കിട്ട് പണികൊടുക്കാന്‍ ജര്‍മ്മനീലെ ഫെഡറിക് ബെര്ബറോസ രാജാവും ഫ്രാന്‍സിലെ ഫിലിപ്പ് അഗസ്റ്റസും ഇംഗ്ലണ്ടിലെ സിംഹഹൃദയന്‍ റിച്ചാര്ഡുമാണല്ലോ പോയത്. അവര്‍ പടനയിച്ചു മുന്നേറുന്ന സമയത്ത് ഒരു പുഴ കടക്കേണ്ടി വന്നു. എന്റെ പൊന്നനിയാ റിച്ചാര്‍ഡ് ബര്‍ബറോസ പൊഴേല് മുങ്ങിമരിച്ചൂന്നല്ലേ നമ്മളെല്ലാം വിശ്വസിച്ചിരിക്കുന്നത്. എന്നാ സംഗതി അങ്ങനെയല്ല. ഈ രാജാവിന്റെ കൂട്ടത്തിലുള്ള രണ്ടവന്മാര്. അവരുടെ പേര് ഞാന്‍…. ശ്…ശ്… ശ്…
എന്തേലുവാട്ടെ… പേരുണ്ടാരുന്നു. അവന്മാര് അയൂബിയുടെ കയ്യീന്ന് കാശും മേടിച്ചിട്ട് സ്വന്തം രാജാവിനിട്ടു കൊടുത്ത പണിയല്ലേ.”
“എന്ത്?”
“എന്നാന്നു ചോദിച്ചാ… പൊഴേലേയ്ക്കെറങ്ങീപ്പോ അവന്മാര് ബര്‍ബോസയുടെ കുപ്പായത്തിന്റെ കീശയില്‍ മണല്‍ വാരി നെറച്ചു. അങ്ങനെയാ പുള്ളി മുങ്ങിപ്പോകുന്നത്. അല്ലെങ്കില്‍ ഇന്നും ജറുസലേം നമ്മടെ കയ്യിലിരിക്കണ്ടതാ.”
കണ്ടോ, ചരിത്രത്തിന്റെ മുക്കും മൂലേം വരെ പുള്ളിക്കറിയാം. അങ്ങനെ ചരിത്രത്തിലുള്ള കമ്പം കേറിയാണു പോലും പുള്ളി ഈ രഹസ്യസംഘടനയുമായിട്ട് ബന്ധപ്പെടുന്നത്. അതിന്റെ കഥ കുറച്ചു വിവരിച്ചുപറയണം. അതിന് അങ്ങേര്‍ക്ക് ഇപ്പോ നേരമില്ല. പിന്നെ വിശദമായിട്ട് പറയാന്നുപറഞ്ഞ് കാര്യങ്ങള്‍ ചുരുക്കി പറഞ്ഞു.
ആറാം നൂറ്റാണ്ടില്‍ ഗ്രിഗറിപ്പിതാവ് കത്തോലിക്കാസഭയുടെ തലവനായിരിക്കുന്ന സമയത്ത് കോഴിപ്പൂവനെ ക്രിസ്തുമതത്തിന്റെ എംബ്ലമായിട്ട് കല്‍പ്പന പുറപ്പെടുവിച്ചു. അതുകഴിഞ്ഞ് ഒന്‍പതാം നൂറ്റാണ്ടില്‍ പോപ്പ് നിക്കോളാസ് എല്ലാ പള്ളീടെയും മുകളില്‍ കോഴിപ്പൂവന്റെ ചിത്രം വരയ്ക്കണന്ന് ഓര്‍ഡറിട്ടു. അതീന്നൊക്കെ നമ്മള് മനസ്സിലാക്കണ്ടതെന്നതാ. എന്റെ തറവാട്ടുകാരന് പറഞ്ഞതനുസരിച്ചാണെങ്കില്‍ കോഴി കത്തോലിക്കരുടെ വിശുദ്ധപക്ഷിയാ.
“പണ്ടത്തെ പോപ്പുമാര്‍ എന്തെങ്കിലും പറഞ്ഞെന്നോര്‍ത്ത് ഇന്നത്തെ കാലത്ത് നമ്മള് ബഹളമൊണ്ടാക്കണ്ട കാര്യമൊണ്ടോ?”
ഞാന്‍ എന്റെ തറവാട്ടുകാരനോട് ചോദിച്ചു.
“എടാ, പോപ്പങ്ങനെ വെറുതെ പറഞ്ഞതാണെങ്കി പോട്ടെന്നു വെക്കാം. ഇത് ബൈബിളില്‍ പറഞ്ഞ കാര്യവല്ലേ. മത്തായീടെ സുവിശേഷം ഇരുപത്തിമൂന്നാം അധ്യായം മുപ്പത്തേഴാം വാക്യം. വായിച്ചുനോക്ക്.”
ഞാന്‍ വായിച്ചുനോക്കി.
ജറുസലേം, ജറുസലേം, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവളെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്ക്കുള്ളില് കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷെ നിങ്ങള്‍ വിസമ്മതിച്ചു.
“അല്ല ഇതിപ്പോ ഒരുപമ പറഞ്ഞതല്ലേ.”
“വേറെ ഏതെങ്കിലും പക്ഷിയെ വെച്ച് ഉപമ പറയാരുന്നല്ലോ. എന്തുകൊണ്ടു കോഴി. അതാലോചിക്കണം.”
“അല്ല…. അത് പെടക്കോഴി…”
“പെടയോ പൂവനോ എന്നുള്ളതല്ല. കോഴിയാണാ? ബൈബിളില്‍ പറഞ്ഞിട്ടുള്ള കാര്യം, മാര്‍പ്പാപ്പമാര്‍ കല്പ്പനയിട്ടിട്ടുള്ള കാര്യം നമ്മളനുസരിക്കണോ വേണ്ടയോ?”
“അല്ല, അതൊക്കെ കഴിഞ്ഞുപോയതല്ലേ? അതിന്നുകൊണ്ടന്നിട്ടിപ്പോ…?”
“അങ്ങനെയാണേ ക്രിസ്തൂം കഴിഞ്ഞുപോയീന്ന് നീ പറയൂല്ലോ. എടാ നീ കൂടണ്ട. പക്ഷെ നമ്മടെ വിശ്വാസം നെഞ്ചിന്കൂട്ടിലെ ചങ്കുപോലെ സൂക്ഷിക്കാന്‍ കഴിയുന്ന ആമ്പിള്ളേരുണ്ട്.”
ആ ആമ്പിള്ളേരാണ് പുള്ളി പറയുന്ന രഹസ്യസംഘടന. ഹോളി ഹെന് മൂവ്മെന്റ് (HHM), വിശുദ്ധകോഴിപ്രസ്ഥാനം. കേരളത്തില്‍ അവര്‍ക്കുള്ള ആയിരത്തിലധികം അനുയായികളില്‍ ഒരാളാണ് പേരു പറയാന്‍ പറ്റാത്ത എന്റെ തറവാട്ടുകാരന്.
“ഏതവന്റെ ആഘോഷം വന്നാലും നമ്മടെ വിശുദ്ധപക്ഷീനെയല്ലേ കൊന്നു കറിവെക്കുന്നതെന്ന്. നാട്ടില്‍ വ്യഭിചാരം ചെയ്തു നടക്കുന്നോന്മാരെ വിളിക്കുന്നതെന്നതാ, കോഴി… അല്ലേ. മനസ്സടക്കി കര്‍ത്താവു പറഞ്ഞതുപോലെ മനുഷ്യവംശം നിലനിര്‍ത്തുക എന്ന ആവശ്യം മാത്രം ലക്ഷ്യംവെച്ച് ഒരുത്തന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ നിങ്ങളതിനെ എന്താ വിളിക്കുക? കോഴിപ്പണി… കളിയാക്കലല്ലേ അത്? ചെല ദൈവങ്ങക്ക് ദാഹം തീര്ക്കണങ്കില് നമ്മടെ വിശുദ്ധപക്ഷീടെ ചോര വേണം. ജീവനോടെ തോല് പൊളിക്കുക, കനലേലിട്ട് ചുടുക, കമ്പേക്കുത്തി കറക്കിപ്പൊള്ളിക്കുക. അതിനോട് ചെയ്യാത്ത ദ്രോഹവൊണ്ടോ… പക്ഷെ ഞങ്ങക്കു മാത്രം വികാരം വ്രണപ്പെടാന്‍ പറ്റിയേല. രഹസ്യസംഘടനയായിപ്പോയില്ലേ…”
ഇത്രയും പറഞ്ഞപ്പോഴേയ്ക്കും എന്റെ തറവാട്ടുകാരന്റെ രണ്ടു കണ്ണില്‍നിന്നും കട്ടക്കണ്ണീര് കുത്തിയൊലിക്കാന്‍ തുടങ്ങിയിരുന്നു. എനിയ്ക്കുപോലും അതുകണ്ടപ്പോ വിഷമമായി.
“പോട്ടെ ചേട്ടാ.” ഞാനങ്ങേരുടെ തോളില്‍ പിടിച്ചു.
“ങാ, ഞങ്ങളും ഒരിക്കല്‍ പരസ്യസംഘടനയാകും. അന്നു കാണിച്ചുതരാം എല്ലാ അവനേം…”
കണ്ണീരു തുടച്ചുമാറ്റിയപ്പോള്‍ അങ്ങേരുടെ കണ്ണില്‍ കട്ടക്കലിപ്പാണ് കണ്ടത്.
Add a Comment