ullilakkam

ഓര്‍മയിലെ ഉള്ളിളക്കങ്ങള്‍

എസ്  ശാരദക്കുട്ടി

ആവോളം വായിച്ചും സ്വപ്നം കണ്ടും പരിസരങ്ങളിലെല്ലാം തുള്ളിച്ചാടിയും നടന്ന പെൺകുട്ടിക്കാ ലമായിരുന്നു ഇന്നത്തെ പല പെൺ കുട്ടികളുടേതും പോലെ എന്റെയും. നിയന്ത്രണങ്ങളും താക്കീതുകളും ഓർമ്മപ്പെടുത്തലുകളുമുണ്ടായിരുന്നു. വഴിയരികിലെ കാഴ്ചകൾ കണ്ടു നടന്നാലോ ഏതെങ്കിലുമൊരു ആൺകുട്ടി അവന്റെ സ്വന്തം സൈക്കിളിൽ എന്റെ വീടിനു മുന്നിലെ വഴിയിൽ ചുറ്റി നടന്നാലോ പഴി എനിക്കു തന്നെയായിരുന്നു. എന്നിട്ടും കഴിവതും സ്വപ്നത്തിലും ഭൂമിയുടെ മത്തു പിടിപ്പിക്കുന്ന മണത്തിലും ലയിച്ചു നടന്നു. ‘പാരിലൊറ്റക്കാലൂന്നി നിന്നാൾ മാരദൂതിപോൽ തെല്ലിട സുന്ദരി’ എന്ന ഒരു മട്ടായിരുന്നു. ഏതാണ്ടെല്ലാ സമയത്തും. ആർക്കെങ്കിലും അടിമയാകുന്നെങ്കിൽ അത്, നിർവ്വചിക്കാനാകാത്ത ആത്മഹർഷത്തിനു മാത്രം ആയിരിക്കുവാനാണ് ഒരു പെൺകുട്ടി എല്ലാക്കാലത്തും ആഗ്രഹിക്കുക എന്ന് ഞാനാണയിടുന്നു. എന്റെ കലാലയപഠനകാലത്തു തന്നെ യാണ് വേറിട്ട സിനിമാസങ്കൽപങ്ങളുള്ള ഒരു കൂട്ടം നവസംവിധായകർ മലയാള സിനിമക്ക് പുതിയമുഖം നൽകിക്കൊണ്ട് കടന്നു വരുന്നതും. ലെനിൻ രാജേന്ദ്രനും കെ ജി ജോർജ്ജും മോഹനും ബാലചന്ദ്രമേനോനും കാംപസ്സുകളെ ഇളക്കി മറിച്ച കാലഘട്ടം. മദനോത്സവത്തിലൂടെ സറീനാ വഹാബും ഉൾക്കടലിലൂടെ ശോഭയും ജലജയും കാംപസുകളുടെ പ്രിയനായികമാരായി മാറിയിരുന്നു. ഉൾക്കടൽ മോഡലിലുള്ള ഓർഗൺടി സാരിയും മദനോത്സവം ടൈപ്പ് ടീ ഷർട്ടും തുണിക്കടകളിൽ നല്ലതുപോലെ വിറ്റഴിഞ്ഞിരുന്ന സമയം.

ശോഭയും അംബികയും ശാന്തികൃഷ്ണയും അണിഞ്ഞിരുന്ന ലളിതരീതിയിലുള്ള കമ്മലുകളും മാലകളും തേടി നടന്നു ഞങ്ങൾ. കോളർ വെച്ച ബ്ലൗസ് അംബികയെ ഇഷ്ടപ്പെട്ടവരും കോളറില്ലാത്ത ഹൈനെക് ബ്ലൗസ് ശോഭയെ ഇഷ്ടപ്പെട്ടവരും അവരവരുടെ ശേഷിക്കനുസരിച്ച് ആഗ്രഹിക്കുകയും തരപ്പെടുത്തുകയും ചെയ്തു. മുടി കൊണ്ടകെട്ടി അതിനു മുകളിലൂടെ ഷിഫോൺ സാരി പുതച്ച് ഞങ്ങൾ ഉൾക്കടലിലെയും ശാലിനി എന്റെ കൂട്ടുകാരിയിലെയും ചാമരത്തിലെയും നായികമാരായി സ്വയം സങ്കൽപ്പിച്ചു. വേണുനാഗവള്ളിയും പ്രതാപ് പോത്തനും പോലെയുള്ള വിഷാദവാന്മാരോ വിഭ്രാമകസ്വഭാവമു ള്ളവരോ ആയ ആൺകുട്ടികളെയും സുകുമാരനെപ്പോലെ കുസൃതികലർ ന്ന ധിക്കാരമുഖമുള്ള കോളേജധ്യാപ് കരെയും ഞങ്ങൾ അന്ന് കാംപസ്സിൽ തിരഞ്ഞു നടന്നു. – ആകാശവാണിയിലെ ലളിതസം ഗീതങ്ങൾ പാടിക്കൊണ്ട് കെ എസ് ചിത്രയും ജി. വേണുഗോപാലും ബി അരുന്ധതിയും യുവജനോത്സവ വേദികളുടെ രാത്രികളെ ഉണർത്തി നിർത്തി. കടമ്മനിട്ടക്കവിതകൾ ചൊൽക്കാഴ്ചകളിലൂടെയും മറ്റും കാംപസ്സുകളിൽ മുഴങ്ങുകയും ഭരണകൂടത്തിന്റെ തലയോടുകളെ ഭേദിച്ചുകൊണ്ട് അവ കാംപസുകളിൽ നവവിപ്ലവത്തിന് ശബ്ദം നൽകുകയും ചെയ്തിരുന്നു. കലാലയ തിരഞ്ഞ ടുപ്പുവേളകളിൽ കടമ്മനിട്ടയുടെയും അയ്യപ്പപ്പണിക്കരുടെയും കവിതാഭാ ഗങ്ങൾ കാംപസ്സിന്റെ ചുവരുകളിലും തിരഞ്ഞെടുപ്പു നോട്ടീസുകളിലും നിറഞ്ഞു. കലാലയത്തിലെ യുവക വികൾ അവ ഉറക്കെ പാടിയാണ് പെൺകുട്ടികളുടെ വോട്ട് നേടിയിരുന്നത്. ശാന്തയും കുറത്തിയും കാട്ടാളനും സ്ഥാനാർഥികളെക്കൊണ്ട് ഞങ്ങൾ ആവർത്തിച്ചു പാടിപ്പിക്കുമായിരുന്നു. വേനൽ സിനിമയിലൂടെ ലെനിൻ രാജേന്ദ്രനും നെടുമുടി വേണുവും കൂടി “നീ തന്നെ ജീവിതം സന്ധ്യ /നീതന്നെ മരണവും സന്ധ്യ” (പകലുകൾ രാത്രികൾ- അയ്യപ്പപ്പണിക്കർ) എന്ന കവിതയെ കാംപസുകളിൽ പ്രശസ്തമാക്കിയതും അക്കാലത്തു തന്നെ.

എസ് എഫ് ഐ യും കെ എസ് യു വും സാംസ്കാരികമായി മത്സരിച്ച് കാംപസ്സുകളെ സജീവമാക്കി നിർത്തിയിരുന്നു. കോട്ടയത്തിന്റെ ആത്മീയ-രാഷ്ട്രീയ കൂട്ടുകെട്ടിലും ചുറ്റുപാടിലും ഒരു പെൺകുട്ടിക്കു കിട്ടാവുന്ന പരമാവധി തുറസ്സായിരുന്നു. സി.എം.എസ്. കോളേജ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കലാലയം. ഗുണ്ടർട്ടും ബെഞ്ചമിൻ ബെയ്ലിയും അവരുടെ ഗ്രാമർ സ്കൂളും ഉറങ്ങുന്നിടം. പെൺകുട്ടികളായ ഞങ്ങൾ ആൺകുട്ടികളുടേതെന്നു മാത്രം കരുതപ്പെട്ടിരുന്ന കൂട്ടായ്മകളിൽ രാഷ്ട്രീയ പങ്കാളികളായി. ബിഷപ്പ് പൗലോസ് മാർ പൗലോസും സുഗതകുമാരിയും വിജയലക്ഷ്മിയും ബാലചന്ദ്രൻ ചുള്ളിക്കാടും ഞങ്ങളുടെ കോളേജിലെത്തി. അന്നത്തെ ഞങ്ങളുടെ യൂണിയൻ ചെയർമാൻ എന്റെ സഹപാഠി കൂടിയായ ജോണിലൂക്കോസ് (മലയാള മനോരമ) ആയിരുന്നു. നൈതികവിദ്യാഭ്യാസ മൂല്യങ്ങളെക്കുറിച്ച് പൗലോസ് മാർ പൗലോസ് പറഞ്ഞതൊക്കെ ഇരുപതു വയസ്സുകാരിയുടെ തലയിൽ എന്നെ ന്നേക്കുമായി രേഖപ്പെടുത്തപ്പെട്ടു. കാ ഴ്ചകളുടെയും വായനയുടെയും ദിശ മാറുന്നത് ഈ കാംപസ്സിൽ നിന്നാണ്. ഇതിനൊക്കെയിടയിൽ വലുതായ വിദ്യാർഥി സംഘട്ടനങ്ങളും കലാലയ കൊലപാതകങ്ങളും കാംപസ്സുകളെ  അന്നും പ്രക്ഷുബ്ധമാക്കിയിരുന്നു.

തലമുറകളെയും തലമുറകളെയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ ഒരു അധാർമ്മികതയുണ്ട്. ജീവിക്കുന്ന ഓരോ മനുഷ്യനും താന്താങ്ങളുടേ തായ ന്യായീകരണങ്ങളുണ്ടാകും. ഓരോരുത്തരം അവരവരുടെ ലോകത്തെ നേരിടുന്നതിന്റെ വ്യഥകളും ആനന്ദങ്ങളും അനുഭവിക്കു കയാണ്. അടിസ്ഥാനപ്രശ്നങ്ങളും അടിസ്ഥാനമൂല്യങ്ങളും ഏറെക്കുറെ ഒന്നു തന്നെ. പേരുകൾ മാറിയിരി ക്കാം. സാഹചര്യങ്ങൾ മാറിയിരിക്കാം. സമരമുഖങ്ങളിലുണ്ടായിരുന്ന വ്യക്തികൾ മാറിയിരിക്കാം. പക്ഷേ, തലമുറകൾ ചേർന്നു തന്നെ നിൽക്കുന്നു. അടക്കമുള്ള പെൺകുട്ടികൾ രഹസ്യമായും അടക്കമില്ലാത്ത ആകാംക്ഷകളുള്ള പെൺകുട്ടികൾ പരസ്യമായും തങ്ങളുടെ മോഹങ്ങളിലൂടെ എല്ലാക്കാലത്തും സഞ്ചരിക്കുന്നു. പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും അവിഹിതഗർഭങ്ങളും ആത്മഹത്യകളും അന്നും നടന്നിരുന്നു. ഇളക്കങ്ങളുണ്ടായിരുന്നിട്ടും ശീലം കൊണ്ട് ഏതോ ഉൾഭയങ്ങൾക്കും അച്ചടക്കത്തിനും വശംവദയായിരുന്നതു കൊണ്ടു മാത്രം വലിയ ചതികളിലോ അപകടങ്ങളിലോ ചെന്നുപെടാതെ രക്ഷപ്പെട്ടു പോയ വളാണ് ഞാൻ. അത്രക്കായിരുന്നു ഉള്ളിളക്കങ്ങൾ. ഇന്നു പല സംഭവങ്ങളും കേൾക്കുമ്പോൾ ഒരാന്തലോടെ ഞാൻ ആ പഴയ പെൺകുട്ടിയെ നെഞ്ചോടടുക്കിപ്പിടിച്ച് കിതക്കാറുണ്ട്. ‘പോട്ടെ സാരമില്ല’ എന്ന് സമാശ്വസിപ്പിക്കാറുണ്ട്. അതു കൊണ്ടാകാം എന്റെ പതിനാറു വയസ്സും പതിനേഴു വയസ്സും അപകടം പിടിച്ച ഇരുപതുകളും എന്റെ വിദ്യാർഥിനികളിലും ഞാൻ കാണുന്നുണ്ട്. അത്രക്ക് സാഹസികവും ഭയപ്പെടുത്തുന്നതും ഉന്മാദം കൊള്ളിക്കുന്നതുമായിരുന്നു. എന്റെ ആന്തരികസഞ്ചാരങ്ങൾ. അറ്റ്റാക്ഷൻ സീക്കിങ് ആണെന്ന് ഒരു പെൺകുട്ടിയെ മറ്റദ്ധ്യാപകർ കുറ്റപ്പെടുത്തുമ്പോൾ അവളിൽ പ് ട്ടെന്നു ഞാനെന്നെക്കാണുന്നു. ഈ പ്രായത്തിലും ഞാനിത്ര ‘അറ്റാക്ഷൻ സീക്കിങ്’ ആയിരിക്കുമ്പോൾ അവളെ എനിക്കല്ലാതെ ആർക്കു മനസ്സിലാകും. തലമുറകൾ തമ്മിലല്ല വിടവുള്ളത്, വ്യക്തികൾ തമ്മിലാണ്. വ്യക്തികളുടെ മനോഭാവങ്ങൾക്കിടയിലാണ് എന്ന് എനിക്ക് പുതിയ പെൺകുട്ടികളോടിടപെടുമ്പോൾ തോന്നാറുണ്ട്.. എന്റെ തിളക്കലുകൾ, ആധികൾ, ഇളക്കങ്ങൾ ഒക്കെ ഇന്നും അങ്ങനെതന്നെ തുടരുന്നത് ഈ കുട്ടികൾ എനിക്കൊപ്പം ഉള്ളതുകൊണ്ടാണ്. അരിസ്റ്റോട്ടിൽ തന്റെ അദ്ധ്യാപകനായ പ്ലേറ്റോ എല്ലാം തലകീഴറിച്ചുവെന്ന് ചിന്തിച്ചുവെങ്കിലും ഒരു കാര്യത്തിൽ ഗുരുവിനോട് യോജിക്കുന്നുണ്ട്. ഒരു കുതിരയും എല്ലാക്കാലത്തും ജീവിക്കുന്നില്ല. എന്നാൽ കുതിര അങ്ങനെ നിലനിന്നു പോരുകയും ചെയ്യുന്നുവെന്ന കാര്യത്തിൽ. എനിക്കിന്നും അന്നു കണ്ട കടലുകൾ കാണാൻ കഴിയുന്നുണ്ട്. ഭൂമിയുടെ ആ മത്തു പിടിപ്പിക്കുന്ന മണം ഇന്നും എന്റെ ചുറ്റിലും നിന്നുയരുന്നുണ്ട്. നിശ്ശബ്ദത പരാജയപ്പെടുത്താൻ ശ്രമി ക്കുമ്പോഴൊക്കെ അതിനു വിപരീതമായി ഉച്ചത്തിൽ ശബ്ദമുണ്ടാക്കുവാൻ കഴിയുന്നുണ്ട്. എന്റെ കൂടെയുള്ള പെൺകുട്ടികൾ അതിനെനിക്കു കൂട്ടു വരാറുമുണ്ട്. പ്രകൃതി എഴുതിയ ഏറ്റവും മനോഹരമായ കവിതയെന്ന് ഞങ്ങൾ പരസ്പരം തിരിച്ചറിയുന്നു.

Comments are closed.