aleena

സ്നേഹം ബാധ്യതയാവുമ്പോൾ സ്ത്രീകൾ നിശ്ശബ്ദയാവരുത്

ഒന്ന്:
ചെറുപ്പം മുതലേ പെൺകുട്ടികളെ പറഞ്ഞുപഠിപ്പിച്ച, പഠിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു കാര്യമുണ്ട്, ‘അടങ്ങിയൊതുക്കി അച്ചടക്കത്തോടെ നിൽക്കണം’, ‘അടക്കവും ഒതുക്കവു ‘മുള്ള പെൺകുട്ടിയാകണം. എന്താണ് ‘അടക്കവും ഒതുക്ക’വുമെന്നുള്ളത് അവൾ വളരുന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇടപെടലുകൾക്കനുസരിച്ച് വ്യത്യാസപ്പെടും. പെൺമക്കൾക്ക് സ്വാതന്ത്ര്യം നൽകുന്നു എന്ന് അവകാശപ്പെടുന്ന കുടുംബങ്ങളുടെ കൈയിൽ പോലും അവളെ കെട്ടിയിട്ട ചരടിന്റെ അറ്റം കാണും. ശബ്ദമുയർത്താത്ത പെൺകുട്ടികളെയാണ് നമ്മുടെ സമൂഹത്തിന് അന്നും ഇന്നും ഇഷ്ടം. ‘നീ അവളെ കണ്ട് പഠിക്ക്, അങ്ങനെ അടങ്ങിയൊതുങ്ങി ജീവിക്കണം പെൺകുട്ടികളായാൽ…എന്ന് ഒരിക്കലെങ്കിലും കേൾക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും.

നമ്മുടെ കൺസപ്റ്റിലെ സ്ത്രീ ശാക്തീകരണം ഒരുപരിധി വരെ അവൾക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷമൊതുക്കുന്നതിൽ അവസാനിച്ചു. പെൺകുട്ടിയെ പഠിപ്പിക്കണം, അവൾക്ക് ജോലി വേണം, സുരക്ഷിതമായി അവൾക്ക് നടക്കാൻ കഴിയണം…ഇതോടെ ഒരു പെൺകുട്ടി ശാക്തീകരിക്കപ്പെട്ടു എന്ന് വിചാരിക്കുന്നവരാണ് അധികവും. ഇതിനപ്പുറം പറക്കാൻ ചിറക് ലഭിക്കുന്നവർ കുറവാണ്. ഇത്രയൊക്കെ മതി നമ്മുക്ക് എന്ന് വിചാരിച്ച്, സമാധാനം ലഭിക്കുന്നതിനായി ഒതുങ്ങിനിൽക്കുന്ന സ്ത്രീകളുമുണ്ട്. പക്ഷെ, ഇപ്പോൾ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. തന്റെ ശബ്ദമൊന്നുയർത്താൻ സ്ത്രീ തയ്യാറാകുന്നിടത്ത് വിപ്ലവങ്ങളും ആരംഭിക്കും.

രണ്ട്:
അഭിപ്രായം തുറന്ന് പ്രകടിപ്പിച്ച സ്ത്രീകളെ അംഗീകരിച്ച എത്രപേരുണ്ടാകും? സ്വന്തം മുടി മുറിക്കണമെങ്കിൽ പോലും എല്ലാവരും എന്ത് പറയുമെന്ന് ആലോചിക്കുന്ന എത്ര പേരുണ്ടെന്ന് അറിയുമോ…സ്വന്തം വീട്ടിലോ പുറത്തോ ഉണ്ടാകുന്ന പല അനുഭവങ്ങളും പുറത്തുപറയാൻ വരെ പേടിയുള്ളവരുണ്ട്. ബസിലോ ട്രെയിനിലോ ഉള്ള യാത്രയിൽ ശരീരത്ത് പൊള്ളലേൽപ്പിച്ച് ഏതെങ്കിലും സ്പർശനം വന്നാൽ പ്രതികരിക്കാനാകാതെ നിസഹായരാകുന്നവരുണ്ട്. ചെറുപ്പത്തിലേ മനസിൽ പതിഞ്ഞ അച്ചടക്ക ബോധത്തിന്റെ ഉപോൽപ്പന്നമാണ് പലപ്പോഴും ഇത്തരം നിശബ്ദത.

വിവാഹം ചെയ്തയച്ചാൽ അതാണ് അവളുടെ വീട് എന്ന് പറഞ്ഞുപഠിപ്പിക്കുന്ന ബന്ധുക്കളാണ് ഗാർഹിക പീഡനങ്ങളിലും നിശബ്ദരാകാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്. അവൾ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ, ചട്ടീം കലവുമാണെങ്കിൽ തട്ടലും മുട്ടലുമുണ്ടാകുമെന്ന രീതിയിലാണ് പലരും കുടുംബപ്രശ്നങ്ങളിൽ അഭിപ്രായവുമായി എത്തുന്നത്. ബന്ധം ഉപേക്ഷിച്ച് ഇറങ്ങിവന്നാൽ കുടുംബത്തിന് നാണക്കേടും ബാധ്യതയുമാകുമെന്ന ചിന്ത പെൺകുട്ടികളെ തീരുമാനമെടുക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. താൻ സന്തുഷ്ടയാണെന്ന് അഭിനയിച്ച് ജീവിതം എങ്ങനൊക്കയോ ജീവിച്ച് തീർക്കുകയാണവർ.

മൂന്ന്:
സ്നേഹം എന്നും ഒരു ബാധ്യത കൂടിയാണ്. പ്രണയത്തിന്റെ, സ്നേഹത്തിന്റെ, കടപ്പാടിന്റെ പുറത്ത് തീരുമാനങ്ങളെ തളച്ചിടേണ്ടതായും വരും. അച്ഛന്റെ, അമ്മയുടെ കണ്ണീരൊക്കെ വലിയ പ്രശ്നമാണ് പെൺമക്കൾക്ക്. അമ്മമാരെ മാത്രം കുറ്റം പറയേണ്ടതല്ല ഇവിടെ. അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും സഹോദരരുമൊക്കെയടങ്ങുന്ന സിസ്റ്റം മുന്നിൽ നിൽക്കുമ്പോൾ അമ്മ മാത്രം കുറ്റക്കാരിയാകുന്നതെങ്ങനെ? ഈ അമ്മയും ആഗ്രഹങ്ങളെ ബലി കഴിച്ചതാകാം. അമ്മയെ മുൻതലമുറ പറ‌ഞ്ഞുപഠിപ്പിച്ച പല കാര്യങ്ങളും മകളിലേക്ക് പകരുന്നുയെന്നേയുള്ളൂ. അച്ഛന്റെ ആജ്ഞകൾക്ക് മുന്നിലാണ് മകൾ വളരുന്നത്. തുല്യവ്യക്തിയായി ഭാര്യയേും മകളേയുമൊക്കെ കാണാനാകണം.

തമ്മിൽ തല്ലി തീർക്കേണ്ടതല്ല കുടുംബ ബന്ധങ്ങൾ. പരസ്പരം ബഹുമാനിച്ച് ജീവിക്കാനാണ് ആണും പെണ്ണും പഠിക്കേണ്ടത്. അവളുടെ ഇടങ്ങളിൽ കടന്നുകയറാതിരിക്കാൻ അവനും അവന്റെയിടങ്ങളിൽ കടന്നുകയറാതിരിക്കാൻ അവളും വേണം. സ്വന്തം കാലിൽ നിൽക്കാനാവശ്യമായ കുഞ്ഞു സമ്പാദ്യമെങ്കിലും പെൺകുട്ടിക്ക് വേണം. ഇത് എന്റെ അവകാശമാണെന്ന ബോധ്യത്തിൽ സ്വന്തം വീട്ടിൽ നിന്ന് സമയാസമയം സ്വർണവും പണവുമൊക്കെ ചോദിച്ച് വാങ്ങുന്ന ചെറിയൊരു ശതമാനം പെൺകുട്ടികളുണ്ട്. അവരുടെ കാഴ്ചപ്പാടും മാറണം. സ്വന്തം വിവാഹത്തിന് ചിലവാകുന്നതിന്റെ ഒരു ഭാഗമെങ്കിലും നിങ്ങൾ സ്വന്തമായി അധ്വാനിച്ചുണ്ടാക്കണം പെണ്ണുങ്ങളേ, അഭിപ്രായങ്ങൾ പങ്കാളിക്ക് മുന്നിൽ തുറന്നുപറയാനുമാകണം.

Comments are closed.