സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ അറുപതാം അദ്ധ്യായം കാഞ്ഞങ്ങാടിന് സ്വന്തമാകുമ്പോൾ ഈ നാടിന് എന്നേ സ്വന്തമായ രണ്ട് മരണമില്ലാത്ത കലാകാരന്മാരെ ഓർമ്മിച്ചു പോകുകയാണ്. കാഞ്ഞങ്ങാട് നഗരഹൃദയത്തിൽ തലവെച്ച്കിടക്കുന്ന വെള്ളിക്കോത്ത്ഗ്രാമത്തിലാണ് ഇവർ പിറന്നത്. ഏതാണ്ട്സദൃശമാണ് ഇരുവരുടെയും ജാതകനില. പൊട്ടന്മാരായിരുന്നു രണ്ടുപേരും. ഞങ്ങളുടെ നാട്ടുഭാഷയിൽ മരപ്പൊട്ടന്മാർ. പൊട്ടത്തരം വിളിച്ചുപറയുകയും കാട്ടിക്കൂട്ടുകയും ചെയ്തവർ. പക്ഷെ, വാക്കുകൾക്ക്പൊരുളെട്ടായിരുന്നു. പോരാ, പൊരുളായിരമായിരുന്നു. ഒരിക്കലും വായിച്ചുതീരാത്ത രണ്ട്മഹാഗ്രന്ഥങ്ങളായിരുന്നു ഇരുവരും.
ഒന്നാമൻ, പൊട്ടൻ തെയ്യമാണ്. രണ്ടാമൻ, മഹാകവി പി. കുഞ്ഞിരാമൻ നായർ. പൊട്ടൻ എന്ന വാക്കിന്റെചുരുക്കമാണ് പി. എന്നും പറയാം. പി.യുടെ ചുരുക്കമാണ് പൊട്ടൻ എന്നുംപറയാം. അത്രമേൽ ഒന്നാണിവർ. പഠിച്ചറിഞ്ഞാൽ രണ്ടെന്ന ഇണ്ടലേ ഉണ്ടാവില്ല.
മാർഗത്തിൽ ആനന്ദലബ്ധിയുണ്ടെങ്കിലും കലകൾക്ക്മഹത്തായ ലക്ഷ്യമുണ്ടെന്ന്, പ്രതിബോധത്തിന്റെയും പ്രതിരോധത്തിന്റെയും വലിയ സാധ്യതകളുണ്ടെന്ന്ചൂണ്ടിത്തന്നവരാണിവർ. സാഹിത്യത്തിലൂടെ, ഒന്നുകൂടി സൂക്ഷ്മമായി പറഞ്ഞാൽ കവിതയിലൂടെവെളിച്ചം പകർന്നവർ. തെയ്യത്തോറ്റവും പി.യുടെ രചനകൾ പോലെ കവിതകളാണല്ലോ. വിദ്യാലയങ്ങളെ കലാലയങ്ങളെന്ന് വിളിച്ചു തുടങ്ങിയവരെയും യുവജനോത്സവങ്ങൾ വിഭാവനം ചെയ്തവരേയും നമിക്കാതെ വയ്യ. പാഠപുസ്തകങ്ങൾ നൽകുന്ന അറിവുകൾക്കപ്പുറം തിരിച്ചറിവുകൾ നൽകുന്നത് കലകളാണ്. സംസ്കാരത്തിന്റെ ഉടയാടകളാകുന്നത് കലകളാണ്. കലകളിൽ മുഖ്യമായ ഒന്നാണ് സാഹിത്യം. സാഹിത്യത്തിൽ മികച്ചരൂപം കവിതയാണ് എന്നുംപറയാം.
പിറന്നെങ്കിലും കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിലെ ആവികളിൽമാത്രം നിലനിന്ന പയനാടൻ പുഞ്ചയും വെള്ളിക്കോത്തെ കൂർമ്മൻ എഴുത്തച്ഛന്റെ ശവകുടീരവും പൊട്ടന്റെ ജന്മസ്ഥലം കാഞ്ഞങ്ങാടാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു, (പാഠഭേദങ്ങൾ ഉണ്ടെങ്കിലും). പൊട്ടൻ, തെയ്യമായതോടെ സർവ്വവ്യാപിയായി. തെയ്യമുള്ള സ്ഥലങ്ങളിലെല്ലാം പ്രവാസിയെപ്പോലെ പൊട്ടൻ തെയ്യമെത്തി ആരൂഢം നേടി. കവിത തലയിൽ കയറി ‘തെയ്യ’മായതോടെ പി.യും പ്രവാസിയായി. റെയിൽവേ വന്നത് കൊണ്ട്കുറേക്കൂടി വ്യാപ്തിയിൽ ഊരുചുറ്റി. മരണമടുക്കുമ്പോഴേയ്ക്കും ‘സമസ്തകേരളം പി.ഒ.’ എന്നമട്ടിലായി.
കേരളത്തിന്റെ ആദ്യത്തെ തീപ്പന്തമാണ് പൊട്ടൻതെയ്യം. ഈ തെയ്യത്തിന്റെ തോറ്റമാണ് അധഃസ്ഥിതന്റെ ആദ്യത്തെ ഉണർത്തുപാട്ട്. കലകൊണ്ട്, കവിതയുടെ ഊക്ക്കൊണ്ട്മേലാളനെ നിലംപരിശാക്കിയ കാവ്യസ്വരൂപൻ. മേലാളൻ എന്നുമാത്രംപറഞ്ഞാൽ മതിയോ? പോരാ, ബ്രാഹ്മണോത്തമൻ എന്നുപറഞ്ഞാലും മതിയാകില്ല. സാക്ഷാൽ ആദിശങ്കരാചാര്യരാണ് കഥയിലെമേലാളൻ. പുലയനായ പൊട്ടൻ പയനാടൻ പുഞ്ചയ്ക്ക്കാവൽ നിൽക്കുന്നനേരമാണ്.
”തിരി തിരി പുലയാ
വഴി തിരി പുലയാ”
എന്നാക്രോശിച്ചുകൊണ്ടാണ് ചൊവ്വറായ ആചാര്യന്റെ എഴുന്നള്ളത്ത്. നിയമമനുസരിച്ച്പൊട്ടൻ ഓടിമറയേണ്ടതാണ്. അറുപതോ എഴുപതോ അടി ദൂരെനിൽക്കേണ്ടതാണ്. വഴിയിൽ നിൽക്കാനല്ല, വഴിയിൽ തുപ്പാൻപോലും സ്വാതന്ത്ര്യമില്ലാത്ത കാലമാണ്. പക്ഷേ, പൊട്ടൻ കുറ്റിപോലെ നിന്നു.
”അങ്ങെല്ലംകാട്, ഇങ്ങെല്ലംമുള്ള്
തലയില് കുടമുണ്ട്, ഉക്കില് കുട്ടീണ്ട്
അടിയനെങ്ങട്ട്വഴി മാറണ്ട്?”
തർക്കമായി, ചോദ്യോത്തരങ്ങളായി, ചൊവ്വറുടെ യുക്തികളെയെല്ലാം പൊട്ടൻ അദ്വൈതമെന്ന ആയുധം തന്നെയെടുത്ത്പൊളിച്ചു കൊണ്ടിരുന്നു. ഈ തർക്കമാണ് തോറ്റംപാട്ടിനെ ചടുലമാക്കുന്നത്. പൊട്ടൻ നെഞ്ച് വിരിച്ച്നിന്ന്ചോദിക്കുന്നത് നമ്മൾ തമ്മിൽ എന്താണ് ഭേദം? നമ്മൾ മനുഷ്യർ എന്ന ഒരേ ജാതിയല്ലേ?
നീങ്കൾ താമരമാല അണിയുമ്പോൾ നാങ്കൾ പൂത്താലി മാലഅണിയുന്നു. നീങ്കൾ ആനപ്പുറത്ത്പോകുമ്പോൾ നാങ്കൾ പോത്തിൻപുറത്ത്പോകുന്നു. നീങ്കൾ ചന്ദനം ചാർത്തിനടക്കുമ്പോൾ നാങ്കൾ ചേറണിയുന്നു. നീങ്കൾ പൊൻകോയ ധരിക്കുമ്പോൾ നാങ്കൾ മീൻകോയ. നീങ്കൾ വീരാളി പ്പട്ട്ചുറ്റുമ്പോൾ നാങ്കൾക്ക്മഞ്ചട്ടി. നീങ്കൾ ഉരുളി കമഴ്ത്തുമ്പോൾ നാങ്കൾ പാള കമിഴ്ത്തുന്നു. നീങ്കൾക്ക് വാളും പരിചയും. നാങ്കൾക്ക്കത്തിയും മാടിക്കോലും. നീങ്കൾ വെറ്റിലകൂട്ടിമുറുക്കുമ്പോൾ നാങ്കൾ അല്ലിക്ക തിന്നുന്നു. ഒരേ അരിയല്ലേ നമ്മൾ തിളപ്പിക്കുന്നത്? നമ്മൾ പൊട്ടിക്കുന്ന തേങ്ങയിൽ ഒരേവെള്ളമല്ലേ? നമ്മൾ പിന്നിലോട്ട്തുഴയുമ്പോൾ ഒരേപോലെ തോണി മുന്നിലേക്കല്ലേ? നാങ്കളുടെകുപ്പയിലെ വാഴപ്പഴമല്ലേ നീങ്കളുടെ ദേവന് കാഴ്ച? മരിച്ചുകഴിഞ്ഞാൽ നാങ്കളും നീങ്കളും ഒരേസ്ഥലത്തല്ലേഎത്തുന്നത്? പിന്നെന്തിനാണ് ചൊവ്വറ് കുലം പിശകുന്നത്. എന്നെ തീണ്ടിക്കൊണ്ടല്ലേ കുലം പിശകുന്നത്?
ജാതി സമ്പ്രദായത്തിനെതിരെ, ഉച്ചനീചത്വങ്ങൾക്കെതിരെ ഇത്രപ്രചണ്ഡമായ സ്വരം മലയാളത്തിന് അതിനു മുമ്പുണ്ടായിട്ടില്ല. മനുഷ്യരെല്ലാം ഒരേ ജാതിയാണ് എന്ന്നാരായ ണഗുരുദേവൻ പ്രഖ്യാപിക്കുന്നതിനും നൂറ്റാണ്ടുകൾക്ക്മുന്പാണ്, അതും ജാതിയിൽ ഏറ്റവും അടിത്തട്ടിലായിരുന്ന പുലയൻ ഇങ്ങനെ സുധീരം കലഹിച്ചത് എന്നോർക്കണം. ഭാരത ത്തിലുടനീളം സഞ്ചരിച്ച്സർവ്വജ്ഞ പീഠങ്ങൾ കയറിയ മഹാപണ്ഡിതനെ നാട്ടുയുക്തികൾ കൊണ്ടാണ് പൊട്ടൻ കീഴ്പെടുത്തിയത്. സർവ്വരാലും അജ്ഞരെ പുറംതള്ളിയ അടിയാള വിഭാഗത്തിലെ ഒരു ചെറുപ്പക്കാരന്റെ യുക്തിശരങ്ങൾക്ക്മുന്നിൽ ചൊവ്വർ വാക്കറ്റ്ഇടറിനിന്നു. അപ്പോഴതാ പൊട്ടന്റെ ആണവ മിസൈൽ പോലൊരു ചോദ്യം കൂടി വരുന്നു:
‘’നീങ്കളെകൊത്ത്യാലും ചോരല്ലേ ചൊവ്വറേ,
നാങ്കളെകൊത്ത്യാലും ചോരല്ലേ ചൊവ്വറേ,
പിന്നെന്തേ ചൊവ്വറ് കുലം പിശക്ന്ന്‍ ?’’
മനുഷ്യരായ മനുഷ്യരുടെയെല്ലാം ചോര ഒന്നായിരിക്കുമ്പോൾ കുലം പിശകുന്നതെന്തിനെന്ന ചോദ്യത്തിന് മുന്നിൽ ആചാര്യരുടെ ഗതികെട്ട ഉത്തരം മുട്ടിയ ബ്രാഹ്മണോത്തമൻ പുലയന് മുന്നിൽ ആ വയൽച്ചേറിൽ സാഷ്ടാംഗം പ്രണമിച്ച്മാപ്പ്ചോദിച്ചു. കീഴാളന്റെ അപാരമായ ഈ വിജയം പോലെ കല വിഭാവനം ചെയ്ത മറ്റൊന്ന്കേരളത്തിലില്ല. എഴുത്തോ, വായനയോ, പാട്ടോ എന്തിന് വഴിയിൽ തുപ്പി നടക്കാൻ പോലും സ്വാതന്ത്ര്യമി ല്ലാതിരുന്ന, മനുഷ്യരായിപ്പൊലും പരിഗണിക്കപ്പെടാതിരുന്ന കീഴാളജനത ആദ്യമായി നട്ടെല്ലുയർത്തി നിവർന്നുനിന്നത് ഈ തോറ്റം കവിതയിലാണ്. അധിനിവേശ താല്പര്യങ്ങൾക്കെതിരായി സ്വന്തം മണ്ണിലുറച്ചുനിന്ന് കവിതയെന്ന തോറ്റം കൊണ്ടും അതിന്റെ പ്രയോഗാവിഷ്കാരമായ തെയ്യാട്ടം കൊണ്ടും പോരാടിയത് ഈ പുലപ്പൊട്ടനാണ്.
പിൽക്കാലത്ത്സംഭവിച്ച കൊളോണിയൽ അധിനിവേശത്തിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന്അടരാടിയ കവിയാണ് പി. കുഞ്ഞിരാമൻ നായർ. മറ്റൊരു സ്വാതന്ത്ര്യസമരം. വഴി നടക്കാനല്ല, വന്നു കീഴടക്കിയവർ ഒഴിഞ്ഞു പോകാനാണ്. ഇവിടെ ദേശീയ പ്രസ്ഥാനം കെട്ടിപ്പടു ത്തതിന്റെഅമരക്കാരനായ എ.സി. കണ്ണൻനായരുടെയും കവിയും നാടകകൃത്തുമായ വിദ്വാൻ പി. കേളുനായരുടെയും പിൻഗാമിയാണ് പി. ഇവർ സ്ഥാപിച്ച വെള്ളിക്കോത്തെ ’വിജ്ഞാനദായിനി’ സ്കൂളായിരുന്നു ഗാന്ധിജി യുടെ ആശയങ്ങളുടെ പ്രയോഗശാല. സ്വാതന്ത്ര്യസമരങ്ങൾക്ക്തീ പിടിപ്പിക്കാൻ കേളുനായർ എഴുതിയ നാടകങ്ങൾക്ക്പി. ഗാനങ്ങൾ എഴുതിക്കൊടുത്തിരുന്നു. ഗാന്ധിജിയെ നേരിട്ട്കണ്ടിരുന്നു. പി.യുടെ പല കവിതകളിൽ ഗാന്ധിജി പാദപൂജ നേടുന്നുണ്ട്. നാട്ടിലെ മേലാളന്മാരെ മുഴുവൻ വെല്ലുവിളിച്ച്ചെറുമരെ കണ്ണൻനായരും കൂട്ടരും സ്കൂളിൽ ചേർത്ത്പഠിപ്പിച്ചു. പന്തിഭോജനം നടത്തി. ചർക്ക പരിശീലിപ്പിച്ചു. ഖാദി പ്രചാരത്തിലാക്കി. ഈ ‘സ്കൂളി’ലാണ് (കെട്ടിടത്തിലല്ല) പി. പഠിച്ചത്. കീഴാളനും മനുഷ്യരാണ് എന്ന്പഠിപ്പിച്ചസ്കൂളിൽ.
പൊട്ടൻ തെയ്യം അരങ്ങിലെത്തിയാൽ നിറയെ പൊട്ടൻകളികളാണ്. തമാശനിറഞ്ഞ കളികളും സംഭാഷണങ്ങളും കാണികളെ പൊട്ടിച്ചിരിപ്പിക്കും. മറ്റ്തെയ്യങ്ങളെല്ലാം അടിമുടി ഗൗരവക്കാരും ക്ഷിപ്രകോപികളുമാണ്. തെയ്യങ്ങൾക്കെല്ലാം നിശ്ചിത ആട്ടപ്രകാരങ്ങളും സംഭാഷണങ്ങളും ഉണ്ട്. ഇതിനെയെല്ലാംമറികടക്കാൻ സ്വാതന്ത്ര്യമുള്ള തെയ്യമാണ് പൊട്ടൻ. അതുപോലെ മറ്റ്കവികളിൽ നിന്നെല്ലാം പി. വേറിട്ട്നിന്നു.
‘ചുമ്മാ പലപല വേഷങ്ങൾ കെട്ടി ആത്മസ്വരൂപത്തെ’ തിരിച്ചറിയാതെ’എന്നെത്തിരയുന്നഞാനാ’യി നടന്ന പി.യുടെ ജീവിതം നിറയെ പൊട്ടൻ കളികളായിരുന്നു. എവിടെനിന്ന് വരുന്നു എങ്ങോട്ട് പോകുന്നു എന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. കവിക്കും നിശ്ചയമുണ്ടായിരുന്നില്ല.
‘തലതെറ്റിയവനെ’പ്പോലുള്ള കുഞ്ഞിരാമൻ നായരുടെ ’പൊട്ടൻ കളി’കൾ എല്ലാവർക്കും ചിരിക്കാൻ വക നൽകിയരുന്നുവെന്ന് കളിക്കൂട്ടുകാരനും സ്വാതന്ത്ര്യസമരസേനാനിയു മായ കെ. മാധവൻ ആത്മകഥയിൽ ഓർമിച്ചിട്ടുണ്ട്. ചിലപ്പോൾ വെറുതെ പൊട്ടിക്കരയും. ചിലപ്പോൾ വെറുതെ പൊട്ടിച്ചിരിക്കും. എങ്ങെന്നില്ലാതെ നക്ഷത്രം നോക്കിനടന്ന പടുകുഴികളില് വീണ് മുട്ട്പൊട്ടിക്കും. വാച്ചുണ്ടെങ്കിലും നിഴലളന്ന്സമയം നോക്കും. മറ്റുള്ളവരുടെ കൈബലമായി സ്വന്തംതലയിൽ പിടിച്ച് വെച്ച് നുഗ്രഹം മേടിക്കും. ക്ലാസ്സിൽ കുട്ടിയെകസേരയിലിരുത്തിബഞ്ചിലിരിക്കും. സ്വന്തംകല്യാണവും വേണ്ടപ്പെട്ടെവരെയും മറക്കും. പൂവ് വിടരുന്നത് നോക്കിഒരു രാവ് മുഴുവൻ അരികിൽ കുത്തിയിരി ക്കും…’’
അതുകൊണ്ടാണ് ‘’ചുവട് തെറ്റിയ / കിരീടം ചെരിഞ്ഞ തെയ്യമാണ് പി.’’ എന്ന്ഡി. വിനയചന്ദ്രൻ ‘സമസ്ത കേരളം പി.ഒ.’ എന്നകവിതയിലെഴുതിയത്. പൊട്ടൻ തെയ്യം കത്തുന്നചൂട്ട്ചിലപ്പോൾ തിരിച്ച്പിടിക്കും. കുഞ്ഞിരാമൻ നായർ ബീഡി തിരിച്ച്പിടിച്ച്വലിക്കുന്ന പോലെ. തീക്കനൽ കൂമ്പാരത്തിൽ നിന്നും കനൽക്കട്ടകൾ വാരിയെടുക്കും. ഭക്തജനങ്ങളുടെ കൈകളിൽ പിടിച്ചിറക്കും. ചിലപ്പോൾ പോക്കറ്റിലിട്ടുകൊടുക്കും. കത്തുന്നബീഡി പോക്കറ്റിലിട്ട്പി.യുടെ ഷർട്ട് ഒരിക്കൽ കത്തിപ്പോയിട്ടുണ്ട്.
ബ്രാഹ്മണോത്തമനെ വഴിയിൽ ചോദ്യം ചെയ്തതിന് പിന്നീട് പുലയനെ ശിക്ഷിച്ചുവെന്ന കഥാന്തരവും പ്രചാരത്തിലുണ്ട്. ധീരനായ ആ മനുഷ്യനെ മേലാളന്മാർ പിടിച്ചുകെട്ടി ജീവനോടെ തീയിലിട്ട്ചുട്ടുകൊന്നുവത്രേ. ആ ഓർമ്മ കൊണ്ടാവണം, ആ ഉയരത്തിലുള്ള തീക്കൂനയിൽ തെയ്യംമലർന്ന്കിടന്ന്’കുളിര്ന്ന്ചൊവ്വരേ, കുളിര്ന്ന്ചൊവ്വരേ’’ എന്ന്പൊട്ടിച്ചിരിക്കുന്നത്. താങ്ങുകാർ ബലമായി പിടിച്ചെണീക്കുമ്പോൾ ഉടുത്തുകെട്ടുകൾക്ക്തീപിടിച്ചിരിക്കും. കത്തുന്ന തീപ്പന്തം പോലെകാണികൾക്കിടയിലൂടെ തെയ്യം പായുമ്പോൾ ആൾക്കൂട്ടം ഭയന്ന്മാറും. വീണ്ടും താങ്ങുകാരെ കബളിപ്പിച്ച്തീയിൽ പോയി ‘തീണ്ടാൻ’ തുടങ്ങും. ഇൗ കാഴ്ച കണ്ടിട്ടാവണം ദിവാകരൻ വിഷ്ണുമംഗലം ‘മണ്ണിൽ കത്തിയാടിയ കളിയച്ഛന്റെ ബലിജന്മം’ എന്നും ബിജു കാഞ്ഞങ്ങാട് ‘തീപിടിച്ച ഒറ്റയാൻ’ എന്നും പി യെക്കുറിച്ചുള്ള കവിതകളിൽ എഴുതിപ്പോയത്. രണ്ട്പൊട്ടൻതെയ്യങ്ങളും ജനിച്ച വെള്ളിക്കോത്ത് ഗ്രാമത്തിന്റെ കരപറ്റിജീവിക്കുന്ന കവികളാണ് ഇരുവരും. തീയിൽ കുളിച്ചുപായുന്ന തെയ്യത്തെ കാണുമ്പോൾ എനിക്ക് പി യെ ഓർമവരും. ‘’തീപ്പൊരി പോലെ പറക്കുന്ന മധുമക്ഷിക’’ എന്ന്പി.യെ വിശേഷിപ്പിച്ച വൈലോപ്പിള്ളിയേയും ഓർമവരും.
നിത്യകന്യകയെന്ന കവിതയെത്തേടി അലഞ്ഞുനടന്ന കവി കേട്ട ആക്ഷേപങ്ങൾക്ക് കണക്കില്ല. വിഷയലമ്പടൻ എന്നും താന്തോന്നി എന്നും വിരിച്ചേടത്ത് കിടക്കാത്തവൻ എന്നും തുടങ്ങിയുള്ള കുറ്റങ്ങൾ, പി.യെ തിരിച്ചറിയാതെ പോയതുകൊണ്ടാണ്. പക്ഷേ, അതൊന്നും പി.യെ ഒരിക്കലും അലട്ടിയില്ല, തടസ്സപ്പെടുത്തിയില്ല. മൂല്യങ്ങൾ നിരസിക്കപ്പെടുന്നതിന്റെയും പ്രകൃതി കൊള്ളയടിക്കപ്പെടുന്നതിന്റെയും വേദനയിൽ പി. തീപിടിച്ചമനസ്സോടെ ചുറ്റിനടന്നു. ‘’നിർത്തുക വീരന്മാരെ വിപിനവധോത്സവം’’ എന്ന്സൈലന്റ് വാലി സമരത്തിനും പതിറ്റാണ്ടുകൾക്ക്മുമ്പ്, നമ്മുടെ കവികൾക്കെല്ലാം വഴികാട്ടിയായിക്കൊണ്ട്പി. മുന്നറിയിപ്പ് തന്നു. ഭാഷയിലും സംസ്കാരത്തിലും പ്രകൃതിയിലും നടക്കുന്ന എല്ലാവിധ അധിനിവേശങ്ങൾക്കും എതിരായി പി. പാടിക്കൊണ്ടിരുന്നു. ‘’ഗ്രാമീണ സംഗീത തരംഗ വായ്പിൽ അലിഞ്ഞുചേരാത്ത എല്ലാ അപസ്വരങ്ങളെയും’’ പി. ചൂണ്ടിക്കൊണ്ടിരുന്നു. അതെല്ലാം ’പൊട്ടത്തര’മെന്ന്ആളുകൾ അന്ന് കളിയാക്കി. പക്ഷേ, ഇന്ന് നമുക്ക്സത്യമെന്ന് തിരിഞ്ഞുവരുന്നുണ്ടെങ്കിലും മേലത്ത്ചന്ദ്രശേഖരൻ ഒരിക്കൽ എഴുതിയ പോലെ, ‘കവിക്ക് വേണ്ടി ആത്മബലി നൽകിയ കവി’യായിരുന്നുപി.
ശങ്കരാചാര്യർ കൊണ്ടുനടന്ന അതേ അദ്വൈത വടികൊണ്ടാണ് പൊട്ടൻ തിരിച്ചടിച്ച്തോൽപിച്ചത്. ഒന്നുംരണ്ടല്ല എന്നഅദ്വൈതം. പൊട്ടന്റെ തോറ്റത്തിൽ ഉള്ള വരികൾ നോക്കുക:
‘’അന്തണരാദിയാകും ജന്തുവർഗങ്ങൾക്കും മറ്റുസ്ഥാവര ജംഗമങ്ങളായുള്ള ജന്തുക്കൾക്കും ജീവനായി വസിക്കുമേകൻ സർവ്വർക്കുംനാഥനല്ലോ.’’
‘’നീലവിണ്ടലമെന്ന ഒരൊറ്റ മേൽക്കൂരയ്ക്ക്കീഴിൽ കഴിയുന്നവരാണ് നമ്മളെല്ലാം’’ എന്നപി. യുടെ സങ്കല്പം ഇതേ അദ്വൈതമാണ് ആഖ്യാനിക്കുന്നത്. ഒന്നുകൂടി കടന്ന്,
‘’മർത്ത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളും
ക്ഷിപ്രമിച്ചരാചരമൊന്നായിത്തളർന്നുപോ-
മിപ്രപഞ്ചത്തിൻ ചോരഞരമ്പൊന്നറുക്കുകിൽ’’
എന്നവിധം പി. ജൈവപ്രകൃതി യുടെതാളം തെറ്റാതിരിക്കാനുളള മുന്നറിയിപ്പ്കൂടി നൽകുന്നു. ഒരേചോരയാണ് എല്ലാവർക്കുംഎന്ന്തെയ്യം പറഞ്ഞതിനെ ഒന്നുകൂടി വ്യാപ്തിപ്പെടുത്തി’’മരിച്ചാൽ പുലയുള്ളവരാണെല്ലാവരും’’ എന്ന്പി. പ്രഖ്യാപിച്ചു. മനുഷ്യൻ മാത്രമല്ല, എല്ലാ ജീവികളും മനുഷ്യന്റെ ബന്ധുക്കളാണ് എന്ന പരിസ്ഥിതി വിവേകത്തിന്റെ വിളംബരം. കാക്ക ചത്തുകിടന്നാൽ പോലും പുല ആചരിക്കണം എന്നർത്ഥം. മനുഷ്യന്റെ ചോര മാത്രമല്ല, നദികളിലൂടെഒഴുകുന്നതും ചോരയാണ് എന്ന്, ‘പുഴകളിലൂടെ ഒഴുകുന്നത് ഞങ്ങളുടെ പൂർവ്വികരുടെ ചോരയാണ്’ എന്ന്സിയാറ്റിൽ മൂപ്പൻ പറഞ്ഞത് പോലെ ’വൻമരങ്ങൾ നാടിൻ ചോരഞരമ്പുകൾ’ എന്ന്പി ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട്. നദികൾ കാത്തുരക്ഷിക്കേണ്ടവയാണെന്ന് എത്രവട്ടം പി. അലറിക്കരഞ്ഞിട്ടും നമുക്ക്മനസ്സിലായില്ല. നദികളെയെല്ലാം നാം മരണത്തിന് വിട്ടുകൊടുത്തു. ചത്തുകിടക്കുന്നവരെ കുളിപ്പിക്കുന്നത് പോലെനദികളെ ശുദ്ധീകരിക്കുന്ന അനുഷ്ഠാനങ്ങൾ ഇപ്പോൾ നടന്നു തുടങ്ങിയിട്ടുണ്ട്. ജാതിയുടെ പേരിൽ നമ്മുടെ രാജ്യത്ത്ഇപ്പോഴും നിരവധി പേർ നിർദ്ദയം കൊല്ലപ്പെടുന്നുണ്ട്. പൊട്ടനും പി.യ്ക്കും ചെവികൊടുക്കാതെ പോയതിന്റെ ദുരന്തഫലങ്ങളാണ് നാമിന്ന്അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വൃക്ഷങ്ങൾ കൊലചെയ്യപ്പെടുന്നതിനെതിരെ ലോകത്തിൽ തന്നെ ഏറ്റവുമധികം കവിതയെഴുതിയ കവി പി. യാണ്. വൃക്ഷങ്ങളെ സംരക്ഷിക്കലാണ് ആഗോളതാപനത്തിനുള്ള ഏകവഴിയെന്ന് നാമിന്ന്തിരിച്ചറിയുമ്പോൾ ഈ കാഞ്ഞങ്ങാട്ട്കാരനെ ആരെങ്കിലും ഓർക്കുന്നുണ്ടാകുമോ? വയലുകളെക്കുറിച്ചും കൃഷിയെക്കുറിച്ചും പി. പലപാട് എഴുതിയിട്ടുണ്ട.് തെയ്യമായിത്തീരുന്നതിന് മുമ്പ്പൊട്ടൻ വയൽ കാവൽക്കാരനായിരുന്നു. കാത്തുരക്ഷിച്ചത് പയനാടൻ പുഞ്ചയെ ആയിരുന്നു.
‘’വിത്ത്ഇടവേണ്ട വളമിടവേണ്ട
താനേവിളയും ആ പയനാടൻ പുഞ്ച
ഏളയെനോക്കാൻ ഏളപ്പിള്ളരുമില്ല
നോക്കാൻ കാലിപ്പിള്ളരുമില്ല
ആരുള്ളതിപ്പളീ പുഞ്ചക്ക്കാവൽ
വലായ് നിന്നത് പൊട്ടനാണല്ലോ’’
അങ്ങനെ ഏളപ്പക്ഷികളെ ഓടിക്കാൻ പുഞ്ചവയലിന് പൊട്ടൻ കാവൽ നിൽക്കുമ്പോഴാണല്ലോ പണ്ഡിതാഗ്രേസനായ ആചാര്യരുടെവരവും തോറ്റ്തുന്നംപാടലും.
പൊട്ടൻ കാവലിരുന്ന ഈ അതിവിശേഷമായ പയനാടൻ പുഞ്ച ഏതാണ്? കാഞ്ഞങ്ങാടിന്റെ തീരദേശത്ത്കെട്ടിനിന്ന ആവിയിൽ വളരുന്ന അപൂർവ്വനെല്ലാണ്. വിളയാൻ പത്തുമാസം വേണം. മറ്റ്നെല്ലുകൾ പോലെ മൂന്നോ നാലോ മാസമല്ല. പ്രധാന പ്രത്യേകത മറ്റൊന്നാണ്. മറ്റ്നെല്ലിനങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടന്നാൽ ചീഞ്ഞുപോകും. ഈ നെല്ല് വെള്ളം പൊങ്ങുന്നതിനനുസരിച്ച്പൊങ്ങിക്കൊണ്ടിരിക്കും. പത്ത്പന്ത്രണ്ടടി വരെപൊങ്ങും (ഈ നെല്ലിനെക്കുറിച്ചാണ് സമീപകാലത്ത്’ചിന്നമു ണ്ടി’ എന്നകഥ ഞാനെഴുതിയത്). ചളിയിൽ നെഞ്ചുവിരിച്ച്നിന്ന്പൊട്ടനെപ്പാലെ അധിനിവേശത്തിനെതിരെ ഉയർന്നുനിന്ന നെല്ലാണ് പയനാടൻ വെള്ളച്ചാലുകൾ വറ്റിയതോടെ, കൃഷി നിലച്ചതോടെ ഈ പുഞ്ചകൃഷിചെയ്യാതായി. ഞാൻ നിരവധി കർഷകരെ സമീപിച്ചു. എല്ലാവരും കൈമലർത്തി. വിത്ത്ആരും സൂക്ഷിച്ചിട്ടില്ല. നാലഞ്ച്കൊല്ലം മുമ്പ് വരെ കൃഷിചെയ്ത കർഷകനെയും കണ്ടു. നിർഭാഗ്യമെന്ന്പറയട്ടെ, അയാളും വിത്ത്സൂക്ഷിച്ചിട്ടില്ല. ഈ ചാലിന്റെകരയിലാണ് പടന്നക്കാട് കാർഷിക കോളേജ്. ഇങ്ങനെയൊരു അപൂർവ്വ നെല്ലിനത്തെക്കുറിച്ച്അവരും കേട്ടില്ല. അന്വേഷിച്ചില്ല. വിത്ത്കണ്ടെത്തി സൂക്ഷിക്കാമായിരുന്നു. രാസവളങ്ങളും രാസകീടനാശിനികളും അടിച്ചേൽപിക്കുന്ന കൃഷി പഠിപ്പിക്കുന്നവർക്ക്’വളമിടാതെ, വിത്തിടാതെ’ വളരുന്ന കൃഷിയെ കണ്ടാൽ കാണില്ല. അപൂർവ്വയിനം നെൽവിത്ത്തങ്ങളുടെമുന്നിൽ നിന്ന് വംശനാശം സംഭവിച്ചതിൽ ഒരു ഖേദവും അവർക്കുണ്ടാകാനിടയില്ല. മഹാനിർഭാഗ്യമെന്ന്പറയട്ടെ, പയനാടൻ പുഞ്ചവിത്തറ്റ കൃഷിയായി. പൊട്ടൻ കാത്തുരക്ഷിച്ച നെല്ലിനെ നമുക്ക് വിത്ത്സൂക്ഷിച്ച്സംരക്ഷിക്കാനായില്ല.
വയലുകളും കൃഷികളും ഇല്ലാതാകുന്നതിൽ പി. ഖേദിച്ചുകൊണ്ടേയിരുന്നു. ‘വിത്തറ്റ കൃഷി’ എന്നപേരിൽ ഒരു കവിത തന്നെഎഴുതി. ‘പുകയുന്നതറവാട്’ എന്നകവിതയിൽ,
‘’സൂക്ഷിച്ച സുദുർലഭ
പൈതൃകങ്ങൾ തൻ വിത്ത്
വിറ്റുടൽ വീർപ്പിക്കുമീ ജീവിതം
മൃതിയത്രെ’’ എന്ന്പി. എഴുതുമ്പോൾ സാംസ്കാരികപൈതൃകങ്ങൾക്കൊപ്പം മലകളായ മലകൾ തോറും നിലവിളികളോടെ വാപിളർക്കുന്ന ക്വാറികളേയും ഇന്ന്ഓർമിച്ചുപോകും.
ഇങ്ങനെകാലാതീതരായ രണ്ട്കലാപ്രതിഭകളുടെ നാട്ടിൽ അരങ്ങേറുന്ന കലോത്സവത്തിന് പ്രസക്തികൂടുതലാണ്. 59 കൊല്ലം കലോത്സവം നടന്നപ്പോൾ ഒരു വർഷം മാത്രമാണ് 1991ൽ ഈ ജില്ല പരിഗണിക്കപ്പെട്ടത്. പിന്നോക്ക ജില്ലയാണ് എന്നഉദ്യോഗസ്ഥ വിചാരത്തിൽ നിന്നാണ് ഇങ്ങനെ കാസർകോട് മാറ്റിനിർത്തപ്പെട്ടത്. എന്നാൽ സാംസ്കാരികമായി, ഭാഷാപരമായി കാസർകോട് മുന്നോക്ക ജില്ലയാണ് എന്ന്ഞാൻ പലതവണ എഴുതിയിട്ടുണ്ട്. ഈ രണ്ട്പ്രതിഭകളുള്ള ദേശം എങ്ങനെ പിന്നോക്കമാകും? ലോകത്തിലെ ഏറ്റവും വർണ്ണശബളമായ അനുഷ്ഠാനകലയായ തെയ്യമുള്ള നാട് എങ്ങനെ പിന്നോക്കമാകും? മാപ്പിളകലകളുടെയും യക്ഷഗാനത്തിന്റെയും പൂരക്കളിയുടെയും കളരികളുടെയും നാട് എങ്ങനെ പിന്നോക്കമാകും? ഈ തുളുനാട് എന്നും കീഴാള പാരമ്പര്യത്തിനൊപ്പം ചുവടുവെച്ചനാടാണ്. രാവണൻ ഈശ്വരനാവുന്ന ’രാവണീശ്വരം’ എന്നദേശം ഇവിടെയാണ്. മഹാബലിയെ വിളക്കുംപൂക്കളും വെച്ച്ദൈവത്തെപ്പോലെ ആരാധിക്കുന്ന’പൊലിയന്ദ്രം’ എന്നഅനുഷ്ഠാനം നടക്കുന്നത് ഇവിടെയാണ്. നിരവധി ഭാഷകളുടെയും സംസ്കാരങ്ങളുടെയും ആചാര ങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും തട്ടകമാണ് ഇവിടം.