രവിന്ദ്രനാഥ ടാഗോറിന് തൊട്ടടുത്താണ് ബംഗാളിൽ കാസി നസ്രുൽ ഇസ്ലാമിനുള്ള സ്ഥാനം. കവി, നസ്രുൽ ഗീതി എന്ന സംഗീത ശാഖയുടെ ഉപജ്ഞാതാവ്, പത്രാധിപർ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ വിപ്ലവകാരി തുടങ്ങി ബഹുമുഖമാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിൻ്റെയും ബ്രിട്ടീഷ് സർക്കാരിനെതിരെ എഴുതിയതിൻ്റെയും പേരിൽ ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച നസ്രുൽ ഇസ്ലാമിനെ ഭാരത സർക്കാർ പത്മവിഭൂഷൺ നൽകി ആദരിച്ചു. ബംഗ്ലാദേശ് സർക്കാർ ദേശീയ കവിയായി പ്രഖ്യാപിച്ചു. നസ്രുൽ ഇസ്ലാമിൻ്റെ ഒരു മൺസൂൺ കവിതയുടെ ബംഗാളിൽ നിന്ന് നേരിട്ടുള്ള പരിഭാഷ:
മൺസൂൺ
കാസി നസ്രുൾ ഇസ്ലാം
വിവർത്തനം:
ബാലകൃഷ്ണൻ കൊയ്യാൽ
മേഘക്കീറുകളിലൂടെ
വർഷ മേഘങ്ങൾ
മനസ്സിൽ എവിടെയൊക്കെയോ
അലഞ്ഞു നടക്കുന്നുണ്ടായിരുന്നു
അലക്ഷ്യമായി വീശിയ കാറ്റിനാൽ
രേവാ നദിയുടെ ഏകാന്ത തീരത്തെവിടെയോ
മാളവികയിലേക്ക് നയിക്കപ്പെടുന്ന മനസ്സ്
അവിടെ
ശ്യാമ നിറമാർന്ന പ്രണയിനി
വിരഹിണിയായി ജനാലക്കരികെ
മ്ലാനമായ മുഖം
അയഞ്ഞ മുടിയിഴകൾ
മാളവിക
മേഘക്കീറുകൾ പ്രതിഫലിച്ച
നദിയിൽ പതിഞ്ഞ
അവളുടെ കണ്ണീർമുത്തുകൾ
ആരുമറിയാതെ ഒന്നു തലോടാൻ
മനസ്സു മുഴുവൻ അവിടെയായിരുന്നു…
Add a Comment