rahna_main

ഫ്ലെക്സിബിലിറ്റി എന്നത് ഒരു ബൂർഷ്വാ ലിബറൽ മൂല്യമാണ്

ഫ്ലെക്സിബിലിറ്റി എന്നത്
ഒരു ബൂർഷ്വാ ലിബറൽ മൂല്യമാണ്

പ്രിയാ വർഗീസ്

‘രഹന മറിയം നൂർ’ ആയിരുന്നു 26മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടനചിത്രം. സമരങ്ങളെയോ പുരോഗമന വീക്ഷണങ്ങളെയോ ഒക്കെ ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ കലണ്ടർ കാലത്തിന്റെയോ കുത്തകയായി അവതരിപ്പിക്കുന്നതിലെ അപാകത കോളനിയനന്തര ചിന്തകരും ചരിത്രത്തിലെ യൂറോകേന്ദ്രിത വാദങ്ങളെ പ്രശ്നവൽക്കരിച്ചിട്ടുള്ള ചിന്തകരും എല്ലാം ഒരുപോലെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതേസമയം സ്കൂളിങ്ന്റെ ചരിത്രം പരിശോധിച്ചാൽ അത് എല്ലാ കാലത്തും വ്യവസ്ഥാനുകൂലമായ അനുശീലനങ്ങളായിരുന്നു നൽകിയിരുന്നത് എന്ന് കാണാം.

പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം
നാവിൽ നിന്നപ്പൊഴേ പോയ്‌ക്കഴിഞ്ഞു
നാനാ ജഗന്മനോരമ്യഭാഷ”

എന്ന ഇടശ്ശേരിയുടെ വാക്കുകൾ എല്ലാ പള്ളിക്കൂടങ്ങളെ സംബന്ധിച്ചും ശരിയാണ്.സമരസപ്പെടാനല്ലാതെ സമരം ചെയ്യാൻ പഠിപ്പിക്കുന്ന സ്കൂളുകളും ഉണ്ടാവുക ഇക്കാലത്ത് പ്രയാസമാണ്. പക്ഷേ സമരം അനിവാര്യമാകുമ്പോൾ അതു പരിശീലിപ്പിക്കാൻ ഒരു സ്കൂളു തുടങ്ങിയാൽ അതിന്റെ രീതിശാസ്ത്രം എന്തായിരിക്കും? കരിക്കുലം എന്തായിരിക്കും? അതും പഴയ സ്കൂളുകളുടെ അതേ രീതിശാസ്ത്രവും കരിക്കുലവും തന്നെയായിരിക്കുമോ?ഈ ചോദ്യം വളരെ ശക്തമായി ഉയർത്തുന്നതും ഈ സിനിമയുടെ പ്രേത്യേകതയാണ്.

ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് രഹന. വൃദ്ധരായ മാതാപിതാക്കളും തൊഴിൽ രഹിതനായ അനുജനും അച്ഛനെ നഷ്ടപ്പെട്ട അഞ്ചു വയസുകാരി മകൾ ‘എമു ‘വും ഉൾപ്പെട്ട ഒരു കുടുംബത്തിലെ തൊഴിലും വരുമാനവുമുള്ള ഏക അംഗം കൂടിയാണ് അവൾ. രഹനയുടെ മാതാപിതാക്കൾ ടെലിഫോൺ സംഭാഷണത്തിലെ ശബ്ദമായിട്ടല്ലാതെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നില്ല. മകൾ എമുവും അനുജനും ഫ്രെയിമിൽ വരുന്നതും രഹനയുടെ തൊഴിലിടമായ മെഡിക്കൽ കോളേജിന്റെ അന്തരീക്ഷത്തിലാണ്. ക്യാമറ മിക്കവാറും മെഡിക്കൽ കോളേജിന്റെ ചുമരുകൾക്കും മുറികൾക്കും ഉള്ളിൽ നിൽക്കുന്ന രഹനയെ ഫോക്കസ് ചെയ്തുകൊണ്ടാണ് ചലിക്കുന്നത്. അല്പം നീല നിറം കലർന്ന ആ ദൃശ്യങ്ങൾക്കെല്ലാം ആദിമധ്യാന്തം ഒരു വിഷാദഛവിയുണ്ട് താനും. ഒട്ടും വഴങ്ങുന്ന സ്വഭാവക്കാരിയല്ല രഹന. ഫ്ലെക്സിബിലിറ്റി എന്നത് ഒരു ബൂർഷ്വാ ലിബറൽ മൂല്യമാണ്. അതിനു സാധിക്കാത്തവർ മൂരാച്ചികളായും പരുക്കൻമാരും പിന്തിരിപ്പൻമാരുമായും ചാപ്പ കുത്തപ്പെടും. ആ അർഥത്തിൽ ഒരു മൂരാച്ചിയാണ് രഹന. പോട്ടെ എന്ന് പറഞ്ഞു മുന്നോട്ടു നടക്കാനാവാത്തതാണ് രഹനയുടെ പ്രശ്നം. പക്ഷേ രഹനക്ക് പോട്ടെന്ന് വെക്കാൻ കഴിയാത്ത കാര്യങ്ങൾ എന്തൊക്കെയാണ്? അവിടെയാണ് പ്രശ്നം.രഹന ജോലി ചെയ്യുന്ന കോളേജിലെ, കാസി സാമി ഹസൻ അവതരിപ്പിക്കുന്ന സീനിയർ പ്രൊഫസർ ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് രഹന ദൃക്സാക്ഷിയാവേണ്ടി വന്നു. പരാതി നൽകാൻ വിദ്യാർത്ഥിനിയോട് രഹന ആവശ്യപ്പെടുക മാത്രമല്ല, നിർബന്ധിക്കുന്നുമുണ്ട്. പക്ഷേ അവൾ അതിനു തയ്യാറാവുന്നില്ല. നടന്നു കൊണ്ടിരിക്കുന്ന പരീക്ഷയും മനസ്വാസ്ഥ്യവും മുതൽ സമൂഹവും കുടുംബവും നടത്തിയേക്കാവുന്ന ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും വരെ നിരവധി കാരണങ്ങൾ അവൾക്കതിനു പറയാനുണ്ടായിരുന്നു.കുട്ടികൾ കോപ്പിയടിക്കുന്നത് റിപ്പോർട്ട് ചെയ്യണം എന്ന് ശഠിക്കുന്ന അധ്യാപികയാണ് രഹന. നാളെ മനുഷ്യരെ ചികിത്സിക്കാൻ പോകേണ്ട മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ കോപ്പി അടിക്കുന്നത് സമൂഹത്തിന് തന്നെ ദുരന്തം വരുത്തിവെക്കും എന്നതാണ് അവളുടെ ആ കാർക്കശ്യത്തിന് കാരണമായി രഹന പറയുന്നത്. അതു തന്നെയാണ് പീഡന പരാതിയെക്കുറിച്ചും രഹനയുടെ നിലപാട്. അത്തരം കാര്യങ്ങൾ പരാതിപ്പെടാതെ പോയാൽ കുറ്റം നിരവധിപേരോട് ആവർത്തിക്കപ്പെടാനുള്ള സാധ്യത കൂടിയാണ് വളർന്നു വരുന്നത്. അതുകൊണ്ട് തന്നെ ഇരയാക്കപ്പെട്ട വിദ്യാർത്ഥിനിക്ക് പകരം ആക്രമിക്കപ്പെട്ടത് താനാണ് എന്ന വ്യാജപരാതി നൽകിയായാലും കുറ്റവാളിയെ വെളിച്ചത്തു കൊണ്ട് വരാൻ തന്നെ രഹന തീരുമാനിക്കുന്നു. അവിടെയാണ് രഹന എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ അജ്മരി ഹക്ക് ബാദോൻ ഫിലിം ഫസ്റ്റിവൽ ഓപ്പൺ ഫോറത്തിൽ പറഞ്ഞ ഒരു അഭിപ്രായം അന്വർത്ഥമാകുന്നത്. “ലോകത്തെവിടെയായാലും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങൾക്ക് സമാനതകളുണ്ടെന്നായിരുന്നു” അവരുടെ നിരീക്ഷണം.രഹനയുടെ പരാതിയെ കോളേജ് അധികൃതർ ഭാവിയിലെങ്കിലും തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായോ പീഡിപ്പിക്കപ്പെട്ടവളുടെ വേദനയായോ ഒന്നുമല്ല കണ്ടത്.മറിച്ച് സ്ഥാപനത്തിന്റെ യശസ്സ് കളങ്കപ്പെടുത്തുന്ന നീക്കമായാണ്. അതാവട്ടെ സ്വകാര്യ മെഡിക്കൽ കോളേജിന്റെ കച്ചവടസാധ്യതകളെ പോലും ബാധിക്കുകയും ചെയ്യും. അവർ ഉണർന്നു പ്രവർത്തിച്ചു. സാമം, ദാനം, ഭേദം, ദണ്ഡം തുടങ്ങി എന്തും പ്രയോഗിച്ചു രഹനയെ വരുതിക്ക് കൊണ്ടുവരാനായി പിന്നീട് ശ്രമം. നിരവധി സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇൻക്രിമെന്റും ശമ്പളവർദ്ധനവും ഉൾപ്പടെയുള്ള പ്രലോഭനങ്ങൾക്കൊന്നും വഴിപ്പെടാതെ രഹന തന്റെ പരാതിയിൽ തന്നെ ഉറച്ചു നിന്നു. പക്ഷേ കോപ്പിയടി റിപ്പോർട്ട് ചെയ്തതിൽ വേണ്ടത്ര തെളിവുകളോടെയല്ല രഹന നിലപാടെടുത്തത് എന്നൊരു പ്രചരണം കോളേജ് അധികൃതർ തന്നെ ഉയർത്തികൊണ്ടു വരുകയും രഹനക്കെതിരെയുള്ള വലിയൊരു വിദ്യാർത്ഥി പ്രക്ഷോഭമായി അതിനെ വളർത്തിയെടുക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. കുട്ടികളോട് അവൾക്കുള്ള ആത്മാർത്ഥത തിരിച്ചറിയാൻ സാധിക്കാതെ മാനേജുമെൻറിന്റെ കയ്യിലെ ചട്ടുകങ്ങളായി വിദ്യാർത്ഥി സമൂഹം മാറുന്ന കാഴ്ച ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു.യഥാർത്ഥത്തിൽ ലൈംഗിക പീഡനത്തിനിരയായ വിദ്യാർത്ഥിനി പോലും രഹനക്കെതിരായി നിലപാടെടുക്കുന്നു!ഇത്തരത്തിൽ തീർത്തും ഒറ്റപ്പെട്ടുപോകുന്ന രഹന അതേ സന്ദർഭത്തിൽ തന്നെയാണ് വ്യക്തിപരമായും ചില സംഘർഷങ്ങളിൽ പെട്ടുപോകുന്നത്. മകൾ ക്ലാസിലെ ഒരു ആൺകുട്ടിയുടെ കയ്യിൽ കടിച്ചു എന്ന് ക്ലാസ്സ്‌ ടീച്ചർ പരാതി പറയുന്നു.കർക്കശക്കാരിയായ അധ്യാപിക മാത്രമല്ല, ‘ കർക്കശക്കാരിയായ അമ്മ കൂടിയാണ് രഹന. പക്ഷേ എപ്പോഴും പിച്ചി വേദനിപ്പിക്കാറുണ്ടായിരുന്ന ആ സഹപാഠിയെ അവൾ കടിച്ചത് സ്വയരക്ഷക്കായിട്ടാണെന്ന് മനസ്സിലാക്കിയതോടെ അവൾക്ക് സർവ്വ പിന്തുണയും നൽകുകയായിരുന്നു രഹന.തന്നെ പിച്ചുന്ന ആൺകുട്ടിയെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ അതിനെ നിസ്സാരമാക്കി എടുത്ത സ്കൂൾ അധികൃതർ എമുവിന്റെ പ്രത്യാക്രമണത്തെ അത്ര നിസ്സാരമാക്കിയില്ല. പെൺകുട്ടികൾക്ക് അത്ര ഈഗോ നല്ലതല്ല എന്ന് രഹനയേയും അവർ ഉപദേശിക്കാൻ മറന്നില്ല. സ്കൂൾ അധികൃതരോടും സമരസപ്പെട്ടുപോകാൻ രഹന ഒരുക്കമായിരുന്നില്ല. സ്കൂളിലെ സാംസ്‌കാരിക പരിപാടിക്ക് പങ്കെടുക്കാൻ മകളെ അനുവദിക്കണമെങ്കിൽ അവൾ പരസ്യമായി കടി കിട്ടിയ ആൺകുട്ടിയോട് മാപ്പ് പറയണം എന്ന സ്കൂൾ അധികൃതരുടെ ഭീഷണിക്ക് മുന്നിലും രഹനക്ക് കുലുക്കമുണ്ടായിരുന്നില്ല. സ്കൂളിലെ സാംസ്‌കാരിക പരിപാടിയിൽ ഏറെ ഒരുക്കത്തോടെ പങ്കെടുക്കാൻ പുറപ്പെട്ട മകളോട് നീ പരിപാടി അവതരിപ്പിക്കേണ്ട എനിക്ക് അതിഷ്ടമല്ല എന്ന് മാത്രമാണ് രഹന പറയുന്നത്. രഹനയുടെ നിലപാടുകളുടെ ശരിതെറ്റുകൾ അറിയാൻ മാത്രം പ്രായമൊന്നുമില്ലാത്ത അഞ്ചു വയസ്സുകാരിക്ക് അത് അമ്മയുടെ പിടിവാശി മാത്രമാണ്. അമ്മയാവട്ടെ സമരം ചെയ്യാൻ പരിശീലിപ്പിക്കുന്ന പുതിയൊരു പാഠശാല തുറക്കുകയായിരുന്നു. ആ പാഠശാലയിലും അനുശീലനങ്ങൾക്ക് പഴയ രീതിശാസ്ത്രങ്ങളേ ഉള്ളൂ. മകളെ ഏത്തമിടുവിക്കുകയും വാതിൽ അടച്ചു പുറത്താക്കുകയും ഒക്കെ ചെയ്യുന്ന ശിക്ഷകയായി മാറുന്നു രഹന. ഈ രീതിശാസ്ത്ര അപാകതകളെക്കുറിച്ച് രഹനയുടെ അനുജന്റെ വാക്കുകളിലൂടെ സിനിമ തന്നെ സംസാരിക്കുന്നുണ്ട്. “നീ ഈ ചെയ്യുന്നതൊക്കെ മകൾക്ക് വേണ്ടിയാണോ അതോ നിനക്ക് വേണ്ടി തന്നെയാണോ?”എന്ന് അനുജൻ രഹനയോട് ചോദിക്കുന്നുണ്ട്. രഹനയുടെ ഒറ്റയാൾ പോരാട്ടങ്ങൾ ദയനീയമായി പരാജയപ്പെടുകയാണ്.എങ്കിലും അവസാനരംഗങ്ങളിൽ തന്നെ സ്കൂളിലെ പരിപാടി അവതരിപ്പിക്കാൻ വിടാതെ പിടിച്ചു വെച്ചിരിക്കുന്ന അമ്മയെ പിച്ചുകയും കടിക്കുകയും ഒക്കെ ചെയ്യുന്ന കുഞ്ഞ് എമുവിന്റെ ചിത്രം ഇന്നല്ലെങ്കിൽ നാളെ ആ പോരാട്ടങ്ങൾ വിജയിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷ അവശേഷിപ്പിക്കുന്നുണ്ട്.

അബ്ദുള്ള മൊഹമ്മദ് സാദ് (സംവിധായകൻ)

പരാജയപ്പെടുമ്പോഴും പ്രസക്തമായ പോരാട്ടങ്ങളാണ് രഹനയുടേത്. ബൂർഷ്വാ ആധുനികത അതിന്റെ വൈരുധ്യങ്ങളെയും നീതികേടുകളെയും മറച്ചു വെച്ചു കൊണ്ടാണ് വിജയക്കൊടി പാറിക്കുന്നത്. പീഡകനായ സീനിയർ അധ്യാപകന്റെ ഭാര്യക്ക് കാര്യങ്ങൾ അറിയാം എന്ന് മനസ്സിലാക്കുമ്പോൾ എങ്ങിനെ നിങ്ങൾക്ക് വീണ്ടും ആയാളോടൊപ്പം കഴിയാൻ സാധിക്കുന്നു എന്ന് രഹന ചോദിക്കുന്നുണ്ട്.”എനിക്ക് അറിയാം എന്ന് അയാൾക്ക് അറിയില്ല അതുകൊണ്ട് പ്രശ്നമില്ല “എന്നായിരുന്നു അവരുടെ മറുപടി. ഇത്തരത്തിൽ നുണകൾ കൊണ്ടും സമരസപ്പെടലുകൾ കൊണ്ടും കെട്ടിപ്പൊക്കിയ വ്യാജ ജീവിതങ്ങളോടാണ് രഹനയുടെ പോരാട്ടം. ജീവിതത്തിന്റെ അന്ത:സാരശൂന്യതകളെ വിഭവങ്ങൾകൊണ്ടും പല മട്ടിലുള്ള ലഹരികൾ കൊണ്ടും പകരം വെക്കാനാണ് ബൂർഷ്വാ സമൂഹം ശ്രമിക്കുന്നത്. പീഡനവിധേയയായ വിദ്യാർത്ഥിനി പരാതിപ്പെടാൻ ഭയപ്പെടുകയും തന്റെ സംഘർഷങ്ങളെ ജനപ്രിയ ഗാനത്തിനൊപ്പം ചുവട് വെച്ച് മറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യം സിനിമയിൽ നമുക്ക് കാണാം. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മതങ്ങൾ നടത്തിയിരുന്ന ആലോചനകളെ ബൂർഷ്വാ ആധുനികതയുമായുള്ള അഭിമുഖങ്ങൾ റദ്ദ് ചെയ്യുകയായിരുന്നു എന്നാണ് ചരിത്രപാഠങ്ങൾ പറയുന്നത്. ആധുനിക കാലത്ത്‌ മതങ്ങൾ ധാർമിക ആലോചനകളെക്കാൾ പ്രാധാന്യം നൽകുന്നത് സംഘടനാ സ്വരൂപത്തിനാണെന്ന് കാണാം. എന്നാൽ ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ മതങ്ങളും സമരസപ്പെടാൻ മാത്രമായിരുന്നു പഠിപ്പിച്ചിരുന്നതെന്നും മതത്തിന് അന്യമായതാണ് സമരമെന്നും കരുതാനാവില്ല.തട്ടമിടുകയും നിസ്കരിക്കുകയും ചെയ്യുന്ന രഹനയുടെ കഥാപാത്രം ടെന്നീസ് ആൺകുട്ടികളുടെ കളിയാണെന്ന് ടീച്ചർ പറഞ്ഞ വിശേഷം പങ്കു വെക്കുന്ന മകളോട് അത് തെറ്റാണെന്ന് അർഥശങ്കക്കിടയില്ലാത്തവിധം പറയുന്നുണ്ട്. കളികൾ എല്ലാം കളികളാണ് അത് ആർക്കുവേണമെങ്കിലും കളിക്കാം ആൺ പെൺ വ്യത്യാസമൊന്നും അതിലില്ല എന്ന് സാമ്പ്രദായിക സ്കൂളിലെ പാഠങ്ങളെ തിരുത്തുന്ന അമ്മയാണ് അവിടെയും രഹന. സ്കൂളും മതവും ആൾക്കൂട്ടങ്ങൾക്ക് പഥ്യമായത് മാത്രം അനുശീലിപ്പിക്കുമ്പോൾ പുതിയൊരു മതവും പുതിയൊരു സ്കൂളും തേടുകയാണ് രഹനയുടെ കഥാപാത്രം. ആ അന്വേഷണം പരാജയപ്പെട്ടാലും അപ്രസക്തമാകുന്നതല്ല.

തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളെക്കുറിച്ചും അവരുടെ ചെറുത്തു നിൽപ്പുകളെക്കുറിച്ചുമുള്ള ശക്തമായ ദൃശ്യഭാഷ്യങ്ങൾ ചമക്കാൻ ഇത്തവണത്തെ മികച്ച വിദേശ ഭാഷാ ചലചിത്രങ്ങളുടെ വിഭാഗത്തിൽ ബംഗ്ലാദേശിന്റെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടിയായ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്.കാൻ ഫിലിം ഫെസ്റ്റിവലിലെ Un Certain Regard വിഭാഗത്തിലും ഈ ചലചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Add a Comment

Your email address will not be published. Required fields are marked *