swayambhoo

സ്വയംഭൂ (നോവൽ പ്രകാശ് മാരാഹി

സ്വയംഭൂ

(നോവൽ)

പ്രകാശ് മാരാഹി

 

3

വെളുത്ത നാരായണൻ നല്ലൊരു അദ്ധാപകനായിരുന്നത്രേ. വൊളന്ററി റിട്ടയർമെന്റ് എടുത്ത് ഇപ്പോൾ വീട്ടിലിരിക്കുന്നു. ചരിത്രാന്വേഷണവും എഴുത്തും തുടരുന്നുണ്ടെന്നുകൂടി അറിഞ്ഞപ്പോൾ എനിക്കുമുമ്പിലെ അയാളോടുള്ള അപരിചിതത്ത്വത്തിന്റെ ഹിമപാളി തകർന്നു വീണു. അയാളെ ഒന്നു പരിചയപ്പെട്ടേ മതിയാകൂ എന്നു തീർച്ചപ്പെടുത്താൻ പിന്നെയെനിക്ക് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. എങ്കിലും ആകെയുള്ള തടസ്സം, ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഒരധ്യാപകനായിരുന്ന വെളുത്ത നാരായണൻ പറഞ്ഞ ഭൂമിക്കടിയിലുള്ളവർ എന്ന വിശേഷണമാണ്. ആത്മാക്കൾ, അവരുടെ സമാധാനം, സ്വസ്ഥത. ആകക്കൂടി വട്ടിളകിയമാതിരിയുള്ള സംസാരം. അതിലാണ് എന്റെ വിയോജിപ്പ്. ഞാനതു തുറന്നുപറഞ്ഞില്ല.

”നിങ്ങളുദ്ദേശിക്കുന്ന ഒരാളാണോ എന്റെ ചേട്ടൻ, എന്നെനിക്കറിഞ്ഞൂട. പക്ഷെ പുരാവസ്തുക്കളെപ്പറ്റിയോ മറ്റോ അങ്ങിനെയേതാണ്ട് ഒരു അന്വേഷണത്തിലാണ് കക്ഷിയെന്നറിയാം. അതിടയ്ക്കുവെച്ച് ട്രാക്കുമാറ്റിയത് ഉദ്ഖനനം നടക്കുന്ന സ്ഥലത്ത് പണ്ടുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണക്കമ്മിറ്റിയിലെ ചിലരുമായി ബന്ധപ്പെട്ടുതുടങ്ങിയതോടെയാണ്.”

കറുത്ത നാരായണന്റെ ആ ഒരു പ്രസ്താവനയിൽ എനിക്കുള്ളതെല്ലാം അടങ്ങിയിരുന്നു. ഇനി എത്തരത്തിലുള്ള അന്വേഷണമാണെന്നു മാത്രം അറിഞ്ഞാൽ മതി.

അന്നൊരു അവധി ദിവസമായിരുന്നു.

എന്റെ ലാംബിയുടെ പഞ്ചർ മാത്രമല്ല മറ്റു ചില യന്ത്രത്തകരാറുകൾകൂടി കറുത്ത നാരായണനും അയാളുടെ സഹായിയായ കുട്ടിയുംകൂടി തീർത്തുതന്നു. കഴിഞ്ഞ രണ്ടു ദിവസവും ഞാൻ അവധിയെടുത്തു. പുതുപട്ടണത്തുനിന്നും പലപ്രാവശ്യം സൂപ്രണ്ടിന്റെ വിളി വന്നു. അതുകൊണ്ടുതന്നെ പിറ്റേന്ന് കറുത്ത നാരായണനെക്കാണാനിറങ്ങുമ്പോൾ മനപ്പൂർവ്വം ഫോൺ എടുക്കാതെയാണിറങ്ങിയത്.
ചേട്ടനെക്കുറിച്ച് പറഞ്ഞത് അയാൾ മറന്നതുപോലെയുണ്ടായിരുന്നു. പോരെങ്കിൽ നല്ല പണിത്തിരക്കും. ഹോണടിച്ചുകൊണ്ട് പലതരം വണ്ടികൾ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. അവിചാരിതമായുണ്ടാക്കിയ സൗഹൃദംപോലെ അയാൾക്ക് താനൊരു ബാധ്യതയായോ. അങ്ങിനെ വരില്ല.കാരണം, ആളൽപ്പം തിരക്കിലാണെങ്കിലും സംസാരത്തിനും ആ കയ്യാംഗ്യം കാണിക്കുന്നതിലും ഒരു മുടക്കവും വരുത്തിയിരുന്നില്ല.

”എന്താ പറയ്യാ, കഴിഞ്ഞ പ്രാവശ്യം പ്രസിഡണ്ട് സ്ഥാനത്തേക്ക് നോമിനേഷനായിരുന്നല്ലോ. ഇത്തവണയും നമ്മുടെ നേതാവ് ആ സ്ഥനോം പ്രതീക്ഷിച്ചിരുന്നതാ. നോക്കുമ്പോ മറുചേരിക്കാരും പ്രസിഡണ്ട് സ്ഥാനത്തേക്ക് ആളെ നിർത്തി. പിന്നെന്ത് രക്ഷ? ജനാധിപത്യമാണത്രേ, ജനാധിപത്യം. മണ്ണാങ്കട്ട.

സംസാരത്തിനിടയ്ക്ക് ഒരു ഇരുചക്രവാഹനത്തിന്റെ യന്ത്രഭാഗം ഏതാണ്ട് മുഴുവനായി അയാൾ അഴിച്ചുമാറ്റിയിരുന്നു. പിന്നീട് അയാൾ സമ്മേളനവിഷയത്തിലേക്കു കടന്നു.

വർക്കു ഷോപ്പിന്റെ അരികിലൂടെ അയാളുടെ വീട്ടിലേക്കു നീളുന്ന വഴിയിൽ നിരത്തിയിട്ട ഒഴിഞ്ഞ എണ്ണവീപ്പകൾക്കടുത്ത് കുറച്ചുനേരം ഞാൻ ചെന്നുനിന്നു.

ആ കുട്ടിയും തിരക്കിലായിരുന്നു. പക്ഷെ ഇടയ്ക്ക് അവൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് സന്ധ്യമയങ്ങുമ്പോൾമാത്രം തുറക്കുന്ന തട്ടുകടയിൽപ്പോയി ഒരു തട്ടിൽ ചായയും പലഹാരങ്ങളുമായി ശന്തനു വന്നു. അതെല്ലാവർക്കും വിളമ്പുന്നതിനിടയിലും അവൻ എന്റെനേരെ തലയാട്ടിക്കൊണ്ട് എന്തോ പറഞ്ഞു. അപ്പോൾ മാത്രം കറുത്ത നാരായണൻ തലയുയർത്തിനോക്കി എന്തോ കയ്യാംഗ്യം കാട്ടി. അതയാളുടെ സ്വഭാവത്തിന്റെ ഒരു ഭാഗമായിരിക്കണം. കയ്യുയർത്തി ആംഗ്യങ്ങളോടെയുള്ള ആശയവിനിമയം.

ഒരാഴ്ചകഴിഞ്ഞുള്ള ഒഴിവുദിവസത്തിലാണ് എനിക്കു വീണ്ടും കറുത്ത നാരായണനെ സന്ദർശിക്കാൻ കഴിഞ്ഞത്.
എന്റെ ലാംബി നല്ല കണ്ടീഷനിലായിരുന്നു.

ഇത്തവണയും നിങ്ങൾക്ക് സംസാരിച്ചിരിക്കാൻപറ്റിയ ഒരു മനുഷ്യജീവിയെ പരിചയപ്പെടുത്താമെന്ന ഒരു മുഖവുരയോടുകൂടിയാണ് അയാൾ തന്റെ ജ്യേഷ്ഠനെ എന്റെ മുന്നിൽ അവതരിപ്പിച്ചത്. അധികമൊന്നും ജ്യേഷ്ഠൻ പുറത്തിറങ്ങാറില്ലെന്നും വൈകുന്നേരങ്ങളിൽ അടുത്തുള്ള ഒരു ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനുമായല്ലാതെ മറ്റാരുമായും ഇടപാടുകളൊന്നുമില്ലെന്നും അയാൾ അറിയിച്ചു. എന്തോ എഴുതിത്തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കിടെ ഉണ്ടാവുന്ന യാത്രകളിൽ ആൾ എപ്പോഴും വീട്ടിൽ കാണും. പുതുപട്ടണത്തിലെ ഉദ്ഘനനവുമായി ബന്ധപ്പെട്ട് പത്രവാർത്തകൾ വായിക്കുമ്പോൾ പലപ്പോഴും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് അവിചാരിതമായി നിങ്ങളുമായി വെളുത്ത നാരായണൻ ബന്ധപ്പെട്ടിരുന്നു എന്നു കേട്ടപ്പോൾ ഞാൻ ശരിക്കും ത്രില്ലടിച്ചുപോയത്. ഇപ്പോഴത്തെ എന്റെ ജ്യേഷ്ഠന്റെ ഒറ്റപ്പെട്ട മാനസികനിലയെത്തന്നെ മാറ്റിമറിക്കാൻ നിങ്ങളുടെ സാമീപ്യം ചിലപ്പോൾ സഹായിച്ചേക്കും. അതുകൊണ്ടുമാത്രം, നിങ്ങൾക്ക് സമയവും സാവകാശവും ഒത്തുചേരുമ്പോൾ ഒന്നുവന്നു കാണണം. തലേന്ന് കറുത്ത നാരായണൻ പറഞ്ഞത് ഞാനോർത്തു. അങ്ങനെയൊരാളെ പരിചയപ്പെടാൻ സത്യത്തിൽ താൽപര്യപ്പെടേണ്ട ഒരു കാര്യം എനിക്കുമുണ്ടായിരുന്നില്ല. ഒന്നാമത്തെ കാര്യം അയാളുടെ ആശയഗതിക്കു നേരെ വിപരീതമാണ് എന്റെ ജോലിയും പ്രകൃതവും. അങ്ങനെ ആഗ്രഹംപ്രകടിപ്പിച്ച ചിലരെ ഇതിനുമുമ്പ് ഞാൻതന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അധ്യാപനത്തിൽനിന്നു വിടുതൽ വാങ്ങി ഒതുങ്ങിയിരിക്കുന്ന ഈ മനുഷ്യനെക്കുറിച്ച് അറിയാനുള്ള ഒരഭിവാഞ്ഛ എന്റെ ഉള്ളിലെവിടെയോ മൺമറഞ്ഞ് കിടന്നിരിക്കണം. ഞാൻ സമ്മതംമൂളിയത് പൊടുന്നനെയാണ്.

കറുത്ത നാരായണനും സന്തോഷം പ്രകടിപ്പിച്ചു-അയാളുടെ വീട്ടിലേക്കുള്ള എന്റെ സന്ദർശനത്തിൽ. എന്നെപ്പറ്റി അയാളോട് മുമ്പേ വെളുത്ത നാരായണൻ എന്തോ പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നെ ജ്യേഷ്ഠനു മുന്നിലാക്കിയിട്ട് സോല്ലാസം അയാൾ പുറത്തേക്കു പോയി.

”വരൂ.”

വീടിന്റെ വരാന്തയിൽ നിന്ന വെളുത്ത നാരായണൻ എന്നെ അകത്തേക്കു ക്ഷണിച്ചു. കറുത്ത നാരായണനുമായി അയാൾക്ക് നിറത്തിൽ മാത്രമല്ല രൂപത്തിലും വളരെ വ്യത്യാസമുണ്ടായിരുന്നു. കറുത്ത നാരായണനേക്കാൾ ദുർബലനാണെങ്കിലും നല്ല പ്രസരിപ്പുള്ള ഭാവം. അയാളുടെ തൊലിയുടെ നിറത്തിലും മുഖപ്രകൃതത്തിലും ശബ്ദത്തിലും ഒന്നിനൊന്നു വ്യത്യാസമുണ്ടായിരുന്നു. പക്ഷേ, പേരിൽമാത്രം ഒന്ന്.

ഇരട്ടകൾക്കുണ്ടായിരിക്കേണ്ട സാദൃശ്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നതിനിടയിൽ അയാൾ എന്റെ കൈപിടിച്ച് ഒപ്പം നടത്തി. നല്ല തണുപ്പനുഭവപ്പെട്ടു അയാളുടെ ഉള്ളംകൈയ്യിൽ.

”ഇവിടെ സ്ത്രീകളാരുമില്ലാത്തതുകൊണ്ട് കുടിക്കാൻ ചായയോ കാപ്പിയോ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.”

”അതു സാരമില്ല.” ഞാൻ പറഞ്ഞു.

വിശാലമായ ഹാളിൽ, പഴയ ചൂരൽകസേരയിലൊന്നിൽ ഞാനിരുന്നു. അയാൾ അകത്തുപോയി പഴയൊരു വർത്തമാനപത്രം എടുത്തുകൊണ്ടുവന്ന് എനിക്കെതിരെയുള്ള കസേരയിൽ ഇരുന്നു.

”ഇതിൽ പുതുപട്ടണത്തിലെ ഉദ്ഖനനത്തിനെതിരെയുള്ള ഉപരോധത്തെക്കുറിച്ച് വിശദമായി സചിത്രലേഖനം വന്നിട്ടുണ്ട്.”

”ഉവ്വ്, ഞാനത് വായിച്ചിരുന്നു.”

”പുരാവസ്തു ഏറ്റെടുത്തു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അതൊക്കപ്പോട്ടെ, പക്ഷേ, അതിന്റെ യഥാർത്ഥ പേരും ചരിത്രവും അവിടെ തമസ്‌കരിക്കപ്പെട്ടതിലാണ് എനിക്ക് സങ്കടം.”

”യഥാർത്ഥ പേരോ, എന്താണത്?” എനിക്കാകാംക്ഷയായി.

”മന്ദഗര.”

”മന്ദഗര! അതെവിടെയാണ് അങ്ങനെയൊരു പേര് പരാമർശിച്ചിട്ടുള്ളത്?”

”പരമ്പരാഗത ചരിത്രകൃതിയിലൊന്നും നിങ്ങൾക്കത് കണ്ടുപിടിക്കാൻ കഴിയില്ല, അതുലന്റെ മൂഷകവംശം മഹാകാവ്യത്തിലൊഴികെ. പക്ഷേ, സത്യം അതാണ്!” വെളുത്ത നാരായണൻ ശബ്ദമുയർത്തിക്കൊണ്ട് പറഞ്ഞു.

അന്ന് ഞങ്ങൾക്ക് അതിൽക്കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. അതിനിടയ്ക്ക് എന്റെ മൊബൈൽ ശബ്ദിച്ചു. അരുന്ധതിയാണ്. അവളുടെ ഇങ്ങോട്ടുള്ള യാത്ര ഇനിയും വൈകുമെന്ന് അറിയിക്കാനാണ്. ഒരു നാട്ടിൽനിന്ന് മറുനാട്ടിലേക്കുള്ള ഓരോ യാത്രയും അവൾക്ക് ഒരു പിക്‌നിക്‌പോലെയാണ്. അതിന്റെ സർവ്വസന്നാഹങ്ങളോടുകൂടെയേ അവൾ പുറപ്പെടുകയുള്ളൂ. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള അവളുടെ രണ്ടാമത്തെ തീസിസിന്റെ പേരിലാണ് യൂണിവേഴ്‌സിറ്റിയിൽനിന്ന് അവൾ നീണ്ട അവധിയെടുത്തുവരുന്നത്. സന്തോഷം. പക്ഷേ, വന്നുകഴിഞ്ഞാൽ അവളുടെ ഗവേഷണവിഷയവുമായി സഹിക്കാം. അവളുടെ കവിതയുമായി സഹിക്കാൻ പാടാണ്.

 

4

അടുത്ത തവണ വീട്ടിൽനിന്നിറങ്ങുമ്പോൾ ലാംബി ഒഴിവാക്കിയാണ് ഞാൻ വെളുത്ത നാരായണനെ കാണാൻപോയത്.

അയാൾ സൂചിപ്പിച്ചതനുസരിച്ച് അതികാലത്തേ എന്നെ പ്രതീക്ഷിച്ചുനില്ക്കുന്നതുപോലെ തോന്നി. കൈയിൽ ഒരുപാട് കടലാസുകൾ അടുക്കിവെച്ച ഫയലുകൾ വീണ്ടും കണ്ടു.

”വളരെ കുറച്ചുമാത്രമാണെങ്കിലും എന്നെക്കുറിച്ച് ഇതിലെഴുതാതിരിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നുവെച്ച്, ഞാനറിഞ്ഞതും കേൾവികേട്ടതുമായ പല കാര്യങ്ങളും എന്റെ അന്വേഷണത്തിൽപ്പെട്ടിട്ടുള്ളതും ഇതിൽ ഞാൻ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. ഫിക്ഷന്റെ പുതിയ സങ്കേതങ്ങളെക്കുറിച്ച്-അജ്ഞനായ ഒരെഴുത്തുകാരന്റെ സ്വാതന്ത്ര്യത്തോടെ, ഭാഷയെയും കഥാകല്പനയെയും ദുരുപയോഗം ചെയ്തിട്ടുണ്ട്. അതെന്റെമാത്രം പ്രശ്‌നമാണ്, വിശേഷപ്പെട്ട ഒരു സാഹിത്യകൃതി എന്ന അർത്ഥത്തിലല്ലെങ്കിൽപ്പോലും! നിങ്ങളെ സംബന്ധിച്ചാണെങ്കിൽ ഇപ്പറഞ്ഞതൊന്നും നിങ്ങൾക്ക് ബാധകമല്ല. ഇത് ചരിത്രത്തെയോ പുരാവസ്തുശേഖരത്തെയോ ഒരുതരത്തിലും ത്വരിതപ്പെടുത്താത്ത കെട്ടുകഥയായിരിക്കാം. എങ്കിലും ഒരു ചരിത്രത്തെയോ, പോയകാലത്തെയോ, പൂർവവിസ്മൃതികളെയോ തിരിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരുന്മാദിയുടെ ചിത്തഭ്രമമായോ മറ്റോ നിങ്ങൾക്കിതിനെ വിശേഷിപ്പിക്കാം, അതൊരു വാസ്തവകഥനമായി തോന്നുംവരെ.”

വെളുത്ത നാരായണൻ മുഖവുരയായി പറഞ്ഞുനിർത്തി.

ഞാനാ വീടിന്റെ വിശാലമായ അകത്തളമാകെ നിരീക്ഷിച്ചു. കുടുംബത്തിന്റെ കുലീനമായ ഗതകാല പ്രൗഡി വിളിച്ചോതുന്ന നിരവധി പൂർവികരുടെ ഛായാചിത്രങ്ങളും വിശേഷപ്പെട്ട കരകൗശലവസ്തുക്കളും ആ മുറിയിലെ ചുമരുകളിലും താഴെയുമായി ഒരുക്കിവെച്ചിരുന്നു. ശ്രീപത്മനാഭസ്വാമി ഭക്തരുടെ ഒരു പാരമ്പര്യമാണവർക്കെന്ന് കറുത്ത നാരായണൻ സൂചിപ്പിച്ചതിന്റെ സൂചകമായി തിരുവിതാംകൂർ രാജവംശത്തിന്റെ ചിന്മുദ്ര പതിച്ച ഒരു വിളംബരപത്രം ചുമരിൽ ഫ്രെയിം ചെയ്ത് തൂക്കിയിരുന്നു. അതിലെഴുതപ്പെട്ട ലിപി ആദിമലയാളത്തിന്റെയും ചെന്തമിഴിന്റെയും മിശ്രിതത്തിലുള്ളതാണ്.

പുറത്തെ, വർക്ക്‌ഷോപ്പിൽനിന്നുള്ള കോലാഹലങ്ങളോ നിരത്തിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ഇരമ്പലോ ആ വീട്ടിനുള്ളിൽ ഒരുതരത്തിലും അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല. ആ ഹാളിൽനിന്ന് മൂന്നുനാല് ഭാഗത്തേക്കായി തുറന്നുപോകാവുന്ന വാതിലുകൾ വളരെ ചെറുതും ഇടുങ്ങിയവയുമാണ്. തടികൊണ്ടുള്ള മച്ചും പലകയടിച്ച ചുമരുകളും അതൊരു കളപ്പുരയെയോ അതുമല്ലെങ്കിൽ പട്ടണത്തിലെ പഴയൊരു സത്രത്തെയോ ഓർമ്മിപ്പിച്ചു. മുകളിലേക്ക് കയറിപ്പോകുന്ന ചൊറിയൊരു മരക്കോണി ഒരു ചെറിയ വാതിലിൽച്ചെന്നു മുട്ടുന്നു. ആ ഒരൊറ്റമുറിയുടെ വാതിൽ കഴിഞ്ഞാൽ ആൾപ്പെരുമാറ്റം കുറഞ്ഞ ഭാഗങ്ങളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഏകാന്തതയും മാറാലയും നരച്ചീറുകളും പങ്കിടുന്നവയാണ്. അവയ്ക്ക് ഒന്നിനും അടുക്കും ചിട്ടയും ഉണ്ടായിരുന്നില്ല.

പുതുപട്ടണം കേന്ദ്രപുരാവസ്തുവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പ്രേരണയായ പ്രവർത്തനങ്ങളിൽ അയാൾ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിനും ചെറുതല്ലാത്തൊരു പങ്കുണ്ടായിരുന്നുവെന്ന് അയാൾ പറഞ്ഞു. അതേതാണ്ട് അയാൾ അധ്യാപകനായി അവിടെച്ചേർന്ന പത്തുവർഷത്തിനുമുമ്പാണ്. പല പ്രക്ഷോഭങ്ങളിലും രാഷ്ട്രീയമായും അല്ലാത്തതുമായ ശ്രദ്ധക്ഷണിക്കൽസമരങ്ങളിലെല്ലാം ആ നാട്ടുകാരുടെകൂടെ അയാളും പങ്കെടുത്തിരുന്നു. ഒരുതവണ തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിൽ ഈ ആവശ്യമുന്നയിച്ചുകൊണ്ടു ഹർജി സമർപ്പിക്കാൻ പോയ സംഘത്തിലും അയാൾ അംഗമായിരുന്നു.

”ചിദൻ പുതിയ ആളായതുകൊണ്ട് ചോദിക്കുകയാണ്. ഇവിടത്തെ ഈ ഉദ്ഖനനത്തിലും മറ്റും നിങ്ങൾ തൃപ്തനാണോ? പ്രത്യേകിച്ച്, പുതുപട്ടത്തിന്റെ?”

അല്പനേരം എനിക്ക് ആലോചിക്കേണ്ടിവന്നു അതിനു മറുപടി പറയാൻ.

ആർക്കിയോളജിവകുപ്പിൽ കേറിയിട്ട് പതിനഞ്ചു വർഷമാവുന്നു. ഉത്തരേന്ത്യയിലായിരുന്നു ആദ്യ നിയമനം, അലിഗഡിൽ. അന്നുമുതൽ പല തരക്കാരായ മനുഷ്യരുമായിടപെടുന്നു. ഏതെങ്കിലുമൊരു സ്ഥാപിതതാൽപര്യവുമായി സമീപിക്കുന്നവരാണ് അധികമാളുകളും. ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, അതുമല്ലെങ്കിൽ ഗോത്രത്തിന്റെ പേരിൽ. ഭൂമിയിലും പഴയകാലത്തിലും അവർ തങ്ങളുടേതുമാത്രമായ ഒരു സ്വത്വം കണ്ടെത്താൻ ശ്രമിക്കുന്നു. പിന്നെ അതിനായിട്ടുള്ള മുറവിളികളാണ്. ഇല്ലാത്ത ദൈവത്തിന്റെയോ, രാജാവിന്റെയോ, ജനപഥത്തിന്റെയോ പേരുപറഞ്ഞ്. അത്തരം സങ്കീർണ്ണതയൊന്നും പുതുപട്ടണത്തിലെ ഉദ്ഖനനവുമായി ബന്ധമുണ്ടെന്ന് തോന്നിയിരുന്നില്ല.

”ഇതെന്റെ പ്രൊഫഷന്റെ ഭാഗമാണ്. പണ്ടേ എന്റെ മനസ്സിൽ കൗതുകമായി വളർന്നുവന്നത് ഒരു ജോലിയുടെ ഭാഗമായി നിവർത്തിക്കാൻ കഴിയുന്നു എന്നുള്ളതിൽ എനിക്ക് സന്തോഷമുണ്ട്.”

”അതു നന്നായി, എനിക്ക് അധ്യാപനം ഒരു മുൾക്കുരിശായിരുന്നു.”

കടലാസ്സുകെട്ടുകൾ അടുക്കി ചുവന്ന നാടകൊണ്ടുകെട്ടിയ ഒരു ഫയൽ എന്റെ നേരെ നീട്ടിക്കൊണ്ട് വെളുത്ത നാരായണൻ പറഞ്ഞു:
”ഇത്രയും ചെയ്യാൻ കഴിഞ്ഞത് അധ്യാപനകാലത്തിനുശേഷമാണ്. പുതുപട്ടണത്തെ അതിന്റെ പ്രാഗ്‌രൂപത്തിൽ കാണാനും വിളിക്കാനുമാണ് എനിക്കിഷ്ടം. അതുകൊണ്ട് ഇത് മന്ദഗരയുടെ പൂർവ്വജന്മകഥയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഞങ്ങളുടെ പൂർവികരുടെ മണ്ണ് എന്നർത്ഥത്തിലാണ് ഇതിൽ ഒരു സംസ്‌കാരത്തെ അവർ കെട്ടിപ്പടുത്തതെന്ന് ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.”
”സമയക്കുറവുണ്ടെങ്കിലും വായിച്ചുനോക്കാൻ ശ്രമിക്കാം,” ഞാൻ പറഞ്ഞു.

 

5

എന്റെ താമസസ്ഥലത്തുനിന്നും വളരെയകലയല്ലാതെ ടൗണിലേക്ക് രണ്ടായി പിരിഞ്ഞുപോകുന്ന പാതയിലാണ് ജങ്ഷൻ. വലിയൊരു അരയാലും തകരഷീറ്റുമേഞ്ഞ ഒന്നുരണ്ട് മുറുക്കാൻ കടകളും കുട നിവർത്തിവെച്ച് പാൻപരാഗും ലഹരിപ്പൊടികൾ വെറ്റിലയിൽ ചേർത്ത് വിൽക്കുന്ന ഒന്നുരണ്ടു ഹിന്ദിവാലകളുമാണ് അവിടുത്തെ സാധാരണ അന്തേവാസികൾ. അന്ന് പക്ഷേ, ചെറിയൊരാൾക്കൂട്ടംതന്നെ ആൽമരത്തിനുചുറ്റും രൂപപ്പെട്ടിരുന്നു.

തൈലവും പച്ചമരുന്നുകളും നിറച്ച വിവിധ നിറത്തിലുള്ള ഡപ്പികൾ നിരത്തിവെച്ച ഒരു മരപ്പലകയുടെ തട്ടുമായി കാലറ്റംവരെയെത്തുന്ന മഞ്ഞവസ്ത്രധാരിയായ ഒരു സിദ്ധൻ തന്റെ കൊച്ചുമെഗഫോണിൽ എന്തോ വിളിച്ചുപറയുന്നുണ്ട്. തന്റെ മുന്നിൽ നിരത്തിവെച്ചിരുന്ന വിവിധ നിറത്തിലുള്ള കുപ്പികളെ അവഗണിച്ചുകൊണ്ട് ഒരു പ്ലാസ്റ്റിക് കാലിക്കുപ്പിമാത്രം കയ്യിലുയർത്തിയിട്ട് അവിടെ കൂടിയിരുന്നവരോട് അയാൾ സംസാരിക്കാൻ തുടങ്ങി:

” സ്‌നേഹിതന്മാരെ, ഈ കുപ്പി നോക്കുക. ഇപ്പോഴിതൊരു പാഴ്‌വസ്തുവാണ്. അതായത് ആരോ ഇതിലെ വിശേഷപ്പെട്ട ദ്രാവകം കുടിച്ചതിനുശേഷം വലിച്ചെറിഞ്ഞത്. അതെന്തുമാകട്ടെ. എനിക്കിത് കുറച്ചുമുമ്പ് വഴിയോരത്തുനിന്ന് കളഞ്ഞുകിട്ടിയതാണ്. നമ്മുടെ ബുദ്ധിയെയോ ശരീരത്തെത്തന്നെയോ കേടുവരുത്തുന്ന ഒരാഗോള കമ്പനിയിറക്കുന്ന പ്രത്യേകതരം ലഹരിപദാർത്ഥമായിരുന്നു ഇതിൽ. അതായത്, തന്റെ ശരീരത്തെയും മസ്തിഷ്‌കത്തെതന്നെയും മലിനപ്പെടുത്തുന്ന ഒരു സാധനം ഉപയോഗിക്കാൻ നിർബന്ധിതനായ ഏതോ ഒരാൾ ആ കൃത്യം നിർവഹിച്ചതിനുശേഷം കുപ്പി വിഴുങ്ങാൻകഴിയാത്തതുകൊണ്ട് റോഡിൽത്തള്ളിയതാണ് എന്നർത്ഥം. ആ വസ്തുവിന്റെ ഉപയോഗം കഴിഞ്ഞു. അതു ശൂന്യമായെങ്കിലും ഈ കുപ്പിക്കുമുകളിലെഴുതിയ ദ്രാവകനാമവും ബഹുരാഷ്ട്രകുത്തകയുടെ ബ്രാൻഡ്‌നെയിമുമടക്കം, പക്ഷേ ഇപ്പോഴും അതിൽ പച്ചപരമാർത്ഥംപോലെ തെളിഞ്ഞുനില്ക്കുന്നുണ്ട് കൂട്ടരെ. ഞാൻ പറഞ്ഞുവരുന്നതെന്താണെന്നുവെച്ചാൽ…”

സിദ്ധൻ പറഞ്ഞുനിർത്തി. തുടർന്ന് അയാൾ പറയുന്നത് കേൾക്കാനായി അക്ഷമയോടെ ഞാൻ കാതുകൂർപ്പിച്ചു. ഇനി കാര്യത്തിലേക്ക് കടക്കുമായിരിക്കും. അതല്ലെങ്കിൽ താൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് എന്നു വ്യക്തമാക്കുമായിരിക്കും. അതു കേൾക്കാനെന്നപോലെ കുറച്ചുസമയം ആൾക്കൂട്ടത്തിൽ ഞാൻ നില്പുറപ്പിച്ചെങ്കിലും സിദ്ധൻ തന്റെ വിവിധ നിറങ്ങളിൽ നിറച്ചുവെച്ച തൈലങ്ങളിലേക്കുതന്നെ തിരിച്ചുപോയി. എനിക്കതു മുഴുവൻ കേൾക്കണമായിരുന്നു. പക്ഷെ രത്‌നച്ചുരുക്കത്തിലേക്ക് സിദ്ധൻ തിരിച്ചുവന്നതേയില്ല. അതിനകം കുറെ കൈകൾ ”എനിക്ക്… എനിക്ക്…” എന്നുപറഞ്ഞുകൊണ്ട് അയാളുയർത്തിക്കാട്ടിയ ഡപ്പികളിലേക്ക് നീളുന്നുണ്ടായിരുന്നു. കഥാവസ്തു എന്നു തോന്നിപ്പിച്ച, ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി ആ സിദ്ധനും അവിടെയെവിടെയോ വലിച്ചെറിഞ്ഞുകഴിഞ്ഞിരിക്കണം.

ക്ഷമകെട്ട്, ആൾക്കൂട്ടത്തിൽനിന്നും ഞാൻ വർക്ക്‌ഷോപ്പിലേക്ക് തിരിയുന്ന റോഡിലൂടെ നടന്ന് കയറ്റംകയറാൻ തുടങ്ങി.
ചെന്നുപെട്ടത് കറുത്ത നാരായണന്റെ മുന്നിലാണ്.

വർക്ക്‌ഷോപ്പിൽ സഹായിയായ കുട്ടി ഓടിനടന്ന് പണിയെടുക്കുന്നുണ്ട്. പഴയൊരു കാറിന്റെ സീറ്റിൽനിന്ന് രൂപപ്പെടുത്തിയെടുത്ത ഇരിപ്പിടത്തിൽനിന്നും എന്നെ കണ്ടപാടെ അയാൾ എഴുന്നേറ്റുവന്നു.

”ഏട്ടന് ഭയങ്കര സന്തോഷമായി നിങ്ങളെ പരിചയപ്പെട്ടതിൽ. രണ്ടു ദിവസമായി അതുതന്നെ പറഞ്ഞുകൊണ്ടിരിക്കയാണ്.” കറുത്ത നാരായണൻ പറഞ്ഞു.

”ശരിയാണ്, ഒരു മനുഷ്യജീവിയെ കുറേക്കാലംകൂടി അടുത്തിടപഴകാൻ കിട്ടിയതുപോലെ നന്നായൊന്നു വിരട്ടിയിട്ടാണ് അന്നു പോയത്.” ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

”ഇന്നിനി ഏട്ടനെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.”

”വേണ്ട കാണണമെന്നില്ല. ഞാനൊന്നു വെറുതെ കറങ്ങി എന്നുമാത്രം. അടുത്തയാഴ്ച എന്റെ ഭാര്യ വരുന്നുണ്ട്. അപ്പോൾ ടൗണിലൊന്നുപോയി അത്യാവശ്യത്തിനൊരു പർച്ചേസിങ്. അത്രയേ ഉദ്ദേശിച്ചുള്ളൂ.” ഞാൻ പറഞ്ഞു.

ചില പൊട്ടന്മാരോട് പറയുന്നതുപോലെ എന്നോട് കയ്യാംഗ്യത്തിലൂടെ വണ്ടി എവിടെയെന്നന്വേഷിച്ചു, അയാൾ.

”ഇല്ല, വണ്ടിയെടുത്തില്ല, കുറച്ചായി നന്നായൊന്നു നടന്നിട്ട്. ഇന്നേതായാലും അതാവാമെന്നു കരുതി. എന്താ വരുന്നോ?”
”ഹേയ്, ഈ വേഷത്തിലോ?”

”എത്രയോ കാലംകൂടി ഏട്ടന്റെ പെരുമാറ്റത്തിൽ ഭയങ്കര മാറ്റം കണ്ടു. ഞാനതിനൊരു നിമിത്തമാകുകയായിരുന്നു, നിങ്ങളെ പരിചയപ്പെടുത്തുകവഴി. അല്ലേ?” അയാൾ എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

”ശരിയാണ്. അന്നു കണ്ടു സംസാരിച്ചു പിരിയുമ്പോഴും എനിക്കു വായിക്കാനായി എഴുതിവെച്ച കടലാസുകൂട്ടം തരുമ്പോഴും പുള്ളിക്കാരന്റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത പ്രകാശമുണ്ടായിരുന്നു.”

”അതെല്ലാം വായിച്ചോ?”

സത്യത്തിൽ, എന്റെ മേശപ്പുറത്ത് ആ കടലാസ്സുകൂട്ടം വെച്ചെങ്കിലും ഞാനത് തുറന്നുവായിച്ചിട്ടുണ്ടായിരുന്നില്ല. വണ്ടിയുടെ പേരിലെടുത്ത മൂന്നുനാല് ദിവസത്തെ അവധികൊണ്ടുതന്നെ വർക്ക് പെന്റിങ്ങായിരുന്നു. സൂപ്രണ്ടിന്റെ ഉത്തരേന്ത്യൻട്രിപ്പ് അതുകൊണ്ടു മാറ്റിവെച്ചതിലുള്ള നീരസവും തന്നോട് പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, സ്വസ്ഥമായിരുന്ന് അതിലേക്കു കണ്ണോടിക്കണമെന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു.

”ഇല്ല, വായിച്ചുതുടങ്ങിയിട്ടില്ല.” ഞാൻ പറഞ്ഞു.

അല്പം കഴിഞ്ഞ് എന്തോ ഓർത്തുനിന്നിട്ട് അയാൾ എന്നോടു ചോദിച്ചു:

”അല്ല; ചിദന് മറ്റെന്തെങ്കിലും പ്രയാസകരമായിട്ട് ഏട്ടന്റെ പെരുമാറ്റത്തിൽനിന്ന് തോന്നിയോ?”

”അതെന്താ അങ്ങനെ ചോദിച്ചത്?” ഞാൻ ആശ്ചര്യം പ്രകടിപ്പിച്ചു. എന്നിട്ടു പറഞ്ഞു.

”വല്യ കുഴപ്പം തോന്നിയില്ല.”

”അതൊന്നുമല്ല കാര്യം…”

കറുത്ത നാരായണൻ എന്തോ പറയാനായി ശ്രമിക്കുന്നതുപോലെയുണ്ടായിരുന്നു.

”അദ്ധ്യാപകനായി ജോലിക്കു പോയിത്തുടങ്ങുന്നതിന്റെ മുമ്പുതന്നെ ഒരു ചർമ്മരോഗത്തിന്റെ ലക്ഷണം ഏട്ടന്റെ ശരീരത്തിലവിടവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. പൊതുവെ വെളുത്ത ശരീരമായതുകൊണ്ട് ആദ്യമൊക്കെ ശ്രദ്ധയിൽപ്പെടാഞ്ഞതാണ്. സ്‌കൂൾ പ്രവേശനത്തോടുകൂടി അതു മൂർച്ഛിച്ചു. അതിന്റെ വിചിത്രമായ തമാശയെന്തെന്നാൽ മുഖവും കൈകളും ഒഴിച്ചുള്ള ഭാഗങ്ങളിൽ അതു പ്രത്യക്ഷപ്പെട്ടിരുന്നില്ല. വെള്ളപ്പാണ്ഡിന്റെ ശല്യം എന്നുള്ള നിലയിൽ ഒരു ചർമ്മരോഗവിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം കുറേ മരുന്നും ലേപനങ്ങളും ഉപയോഗിച്ചെങ്കിലും അതൊന്നും ഫലിച്ചില്ല. അതോടെ മറ്റു മനുഷ്യരുമായുള്ള സമ്പർക്കം കുറഞ്ഞു. അതിൽപിന്നെ ജോലിക്കു തുടർച്ചയായി ലീവെടുത്തു തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഡി.ഇ.ഒ.യുടെ അന്വേഷണം വന്നു. ആയിടയ്ക്ക് പൊതുപ്രവർത്തനത്തിലും നല്ലൊരു പേരുണ്ടായിരുന്നതാണ് ഏട്ടന്. ഹെഡ്മാസ്റ്ററിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിച്ചുകൊണ്ടുള്ള അറിയിപ്പു ലഭിച്ചതിനുശേഷമാണ് ഞങ്ങളുടെ നിർബന്ധത്തിനുവഴങ്ങി വി ആർ എസ് എടുത്തത്. ഒരു പ്രണയത്തിൽക്കുടുങ്ങി അക്കാലത്ത് ഞാൻ വിവാഹിതനാവാൻ തീരുമാനിച്ചതായിരുന്നു. പക്ഷേ, ഇക്കാരണംകൊണ്ട് അതലസിപ്പോയി. അവർ പിൻവാങ്ങാൻ കാരണമായിപ്പറഞ്ഞത് മാനസികരോഗമുള്ള ഒരു വീട്ടിലേക്ക് പെണ്ണിനെ അയയ്ക്കില്ലെന്നു പറഞ്ഞാണ്. അതോടെ ആ ഒരു ചിന്തയും ഞാൻ കൈവിട്ടു. മറ്റൊരു സ്ഥലത്തേക്ക് മാറി എനിക്കെന്റെ സുഖംനോക്കി പോകാമായിരുന്നു. പക്ഷേ, ഞാനതിന് ശ്രമിച്ചില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.”
ഞങ്ങളപ്പോൾ വർക്ക്‌ഷോപ്പിൽനിന്ന് നടന്ന് ഏറെ മുന്നോട്ടുപോയിരുന്നു. ഇരട്ടക്കെട്ടിടം വളരെ പിന്നിലായത് അയാളും ഓർത്തില്ല. ഗ്രീസുപുരണ്ട വേഷത്തിലായിരുന്നിട്ടും അയാൾക്കതിൽ തെല്ലും സങ്കോചം അനുഭവപ്പെടുന്നില്ലെന്നു തോന്നി. ജങ്ഷനടുത്തുതന്നെയുള്ള എന്റെ താമസസ്ഥലത്തേക്ക് മടങ്ങിപ്പോകാമെന്നുകരുതി ഞാൻ പറഞ്ഞു.

”ഇനി ഞാൻ പൊയ്‌ക്കോളാം.”

കുത്തനെയുള്ള കയറ്റംകഴിഞ്ഞാൽ ഇറക്കമാണ്. കാറ്റുംകൊണ്ട് സുഖമായി നടന്നുചെല്ലാം. അത് ചെന്നുചേരുന്നിടത്ത് നിന്നാൽ കടൽപ്പുറത്തുനിന്നും പട്ടണത്തിലേക്കുപോകുന്ന ബസ്സ് വരും.

”വരൂ, ഇന്നിനി ആ റൂട്ടിലൂടെ ബസ്സുണ്ടെന്ന് തോന്നുന്നില്ല. കടപ്പുറംറോഡുവഴി ടൗണിലേക്ക് ഇഷ്ടംപോലെ ബസ്സുണ്ടാവും.”

പറഞ്ഞുതീർന്ന ഉടനെ കറുത്ത നാരായണൻ എനിക്കൊപ്പം നടക്കാൻ തുടങ്ങി. ഇറക്കമിറങ്ങിക്കഴിഞ്ഞപ്പോൾ, പൊടുന്നനെ ആർത്തറയിൽ കുറച്ചുമുമ്പ് കണ്ട ആൾക്കൂട്ടത്തെപ്പറ്റിയും ഒരു സിദ്ധൻ ഒഴിഞ്ഞ ഒരു കുപ്പിയുയർത്തിക്കാട്ടി അതിന്റെ സാർവ്വദേശീയസങ്കീർണ്ണതകളെപ്പറ്റി പറഞ്ഞുതുടങ്ങിയതും ഞാനപ്പോൾ ഓർമ്മിച്ചു. ഏതുതരം രോഗത്തിനുള്ള മരുന്നായിരിക്കും പലവർണ്ണത്തിലുള്ള ആ കുപ്പികളിൽ അയാൾ നിറച്ചുവച്ചിട്ടുണ്ടായിരിക്കുക?

പക്ഷേ, ഞങ്ങളെത്തുമ്പോഴേക്കും ജങ്ഷനിലുണ്ടായിരുന്ന ആൾക്കൂട്ടത്തെയോ അവർക്കു നടുവിലായി ചെറിയൊരു മെഗഫോണുമായി സംസാരിച്ചിരുന്ന സിദ്ധനെയോ കാണാനുണ്ടായിരുന്നില്ല.

Add a Comment

Your email address will not be published. Required fields are marked *