saradakkutty

ഉണങ്ങാത്ത മഴകൾ, ഉൾക്കടലിൽ നീന്തുന്ന ശരീരങ്ങൾ

ഒന്ന്:
എന്റെ വീടിരിക്കുന്ന തിരുനക്കര ഒരു കുന്നിൻ മുകളിലാണ്. കുളങ്ങളും തോടുകളും ഒന്നും അടുത്ത പ്രദേശത്തൊന്നും ഇല്ലായിരുന്നു. കിലോമീറ്ററുകൾ യാത്ര ചെയ്താൽ മാത്രമാണ് കാരാപ്പുഴത്തോടും ചുങ്കത്തെ ആറും ഒക്കെ കാണാൻ കഴിയുക. അവധിക്കാലത്ത് ഏറ്റുമാനൂർ അടുത്തുള്ള പുന്നത്തുറയിലെ തറവാട്ടിൽ പോകുമ്പോഴാണ് മീനച്ചിലാറും അതിന്റെ മാദകഭാവങ്ങളും കാണുക. അന്നും ഞങ്ങൾ നഗരവാസികളായ കുട്ടികളായതിനാൽ പുഴയിലിറങ്ങാൻ അനുവാദമില്ലായിരുന്നു. ബന്ധത്തിലുള്ള ചെറുപ്പക്കാരികളായ ചേച്ചിമാർ എത്താത്തോർത്തു മുലക്കച്ചയാക്കി ആറ്റിൽ മലർന്നും കമിഴ്ന്നും നീന്തിത്തുടിക്കുന്നതു കണ്ടു കൊതിച്ചിട്ടുണ്ട്. വായിൽ വെള്ളം നിറച്ച് നീട്ടിത്തുപ്പി ഉറക്കെച്ചിരിച്ച്, വെള്ളം തെന്നിച്ച്‌ മണിക്കൂറുകളോളം അവർ സ്വന്തം ശരീരത്തെ ഓളങ്ങളിൽ ഒഴുക്കാൻ വിടുന്നത് കണ്ടിട്ടുണ്ട്. കൊതിച്ചിട്ടുണ്ട്. അത്ര തണുപ്പൊന്നും എന്റെ ശരീരം അറിഞ്ഞിട്ടില്ല. കുറച്ചു കൂടി മുതിർന്നപ്പോൾ കാലടിയിലുള്ള അപ്പച്ചിയുടെ വീട്ടിലായിരുന്നു അവധിക്കാലങ്ങൾ . അപ്പോൾ സിനിമാപ്പാട്ടുകളിൽ മാത്രം കേട്ടിട്ടുള്ള പെരിയാറിന്റെ തീരവും മണൽ പരപ്പും ഒക്കെ കളിക്കളമായി മാറിയെങ്കിലും വെള്ളത്തിലിറങ്ങാൻ ഭയമാണ്. പക്ഷേ പെരിയാറിന്റെ അക്കരെയിക്കരെ നീന്തിക്കൊണ്ട് അപ്പച്ചിയുടെ പെണ്മക്കൾ എന്നെ കൊതിപ്പിച്ചു. മാമാങ്കം സിനിമയുടെ ഷൂട്ടിങ് നടന്ന സമയത്ത് കെ.ആർ വിജയയെയും ഉണ്ണിമേരിയെയും അവിടെ വെച്ചു കണ്ടത് ഓർമ്മിക്കുന്നു. നീന്തുന്ന ആൺകുട്ടികളോടല്ല, തുറസ്സായ ഇടങ്ങളിലെല്ലാം സ്വയം മറന്നു നീന്തുന്ന പെൺകുട്ടികളോടാണ് എനിക്ക് അസൂയ തോന്നിയിട്ടുള്ളത്.

സ്വപ്‌നത്തില്‍ ഒരു ജലാശയം മുറിച്ചുകടക്കുന്നതായി കണ്ടാൽ സ്വാതന്ത്ര്യത്തിനും മാറ്റത്തിനുമുള്ള ആഗ്രഹമാണത് സൂചിപ്പിക്കുന്നത് എന്നു വായിച്ചിട്ടുണ്ട്. സുരക്ഷിതമായ ഒരു സ്ഥലത്തുനിന്ന് പുതിയതും സംശയങ്ങൾ നിറഞ്ഞതുമായ ഒരിടത്തേക്ക് നീങ്ങാനുള്ള ആഗ്രഹത്തിന്റെ അടയാളമാണത്രേ അത്തരം സ്വപ്നങ്ങൾ . വിഭ്രാമകതകൾ നിറഞ്ഞയിടത്തേക്ക് അപകടകരമായി നിങ്ങള്‍ നീങ്ങുന്നു. ഞാനാവർത്തിച്ചു കാണുന്ന സ്വപ്നങ്ങളിലൊന്ന് അതു തന്നെയാണ്. ആയിരം ഫണങ്ങളുള്ള ആദി നാഗത്തിന്റെ മെത്തയിൽ ആനന്ദ നിദ്രയിൽ എന്നതു പോലെ ജലോപരിതലത്തിൽ ഒഴുകീ നീങ്ങുന്ന എന്നെ ഞാൻ സ്വപ്നത്തിൽ കാണാറുണ്ട്. ആ സ്വപ്നം രതി സൂചകമാണെന്നും പെൺകുട്ടികൾ അത്തരം സ്വപ്നങ്ങൾ കാണുന്നത് ശരിയല്ലെന്നും വായിച്ചിട്ടുള്ളതിനാൽ അന്നൊന്നും ഈ സുന്ദര സ്വപ്നത്തെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ ആ സ്വപ്നത്തോളം ആവേശഭരിതയാക്കുന്ന മറ്റൊന്നും ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല.

പത്മരാജൻ

വളരെക്കാലത്തിനു ശേഷമാണ് കേറ്റ് ചോപ്പിന്റെ വളരെ പ്രശസ്തമായ നോവൽ awakening വായിക്കുന്നത്. ഉൾക്കടലിന്റെ നടുവിലെ ദ്വീപിൽ ഭർത്താവിനൊപ്പം ദീർഘനാൾ താമസിച്ചിട്ടും നീന്തലെന്തെന്നറിയാതിരുന്ന എഡ്നയാണ് നോവലിലെ നായിക. ഒടുവിൽ നീന്തൽ പഠിപ്പിക്കുന്ന ചെറുപ്പക്കാരനൊപ്പം ഉൾക്കടലിൽ മലർന്നും കമിഴ്ന്നും നീന്തിയപ്പോഴാണ് ശരീരത്തിന്റെ ഉണർവ്വ് എന്തെന്നവൾ അറിയുന്നത്. നീന്തലും ശരീരവും ഉണർവ്വുമായുള്ള ബന്ധത്തെ എത്ര മനോഹരമായാണ് ആ നോവൽ ആവിഷ്കരിക്കുന്നത്. അറിയാത്ത ജീവിതാനുഭൂതികളിലേക്ക് ശരീരം ഉണരുന്ന വിചിത്രമായ ഒരനുഭവം ആ നോവൽ തന്നു . നീന്തലറിയാത്തതിൽ നിരാശ തോന്നിയത് ഉണർവ്വിനെ കുറിച്ചുള്ള ആ നോവൽ വായിച്ചപ്പോൾ മാത്രമാണ്. എന്റെ ശരീരം അറിയാതെ പോയ ഉണർവ്വുകളെ കുറിച്ച്‌ ഓർമ്മിപ്പിച്ചു കൊണ്ട് എഡ്ന ഇപ്പോഴും ആ ഉൾക്കടലിൽ നീന്തി നടക്കുകയാണ്.

രണ്ട്:
ഇതെഴുതുമ്പോൾ ഇവിടെ പെരുമഴയാണ്. 2018 ലെ നിർത്താതെ ചെയ്ത മഴയുടെ ഭീതിയാണ് ഇരുണ്ട മഴകൾ ഇപ്പോൾ ഉണർത്തുന്നത്. തകർത്തു പെയ്യുന്ന . മഴയെ പണ്ടൊന്നും ഇത്ര ഭയന്നിരുന്നില്ല താരതമ്യേന സുരക്ഷിതമായിരുന്ന വാസസ്ഥലങ്ങളും ജീവിത സാഹചര്യങ്ങളും ഉള്ളവർ പോലും 2018 നു ശേഷം മഴയെ ഭയന്നു തുടങ്ങിയിട്ടുണ്ട്. അതിനു മുൻപും മഴയും വെള്ളവും തകർത്ത എത്രയോ ജീവിതങ്ങളുണ്ടെങ്കിലും മഴ കേരള ജനതയെ ഒന്നടങ്കം ഭയപ്പെടുത്തിത്തുടങ്ങിയത് 2018 നു ശേഷമാണ്.

അതിനു മുൻപൊക്കെ ആകാശം കറുത്തു തുടങ്ങുമ്പോഴേ , മഴ പുറത്തു പെയ്യുന്നതിനു മുന്നേ അകത്തു പെയ്തു തുടങ്ങും . ‘പാർവണപ്പാൽമഴ പെയ്തൊഴിയും പാലപ്പൂമണപ്പുഴയൊഴുകും ‘എന്ന ജാനകിക്കുട്ടിയിലെ പാട്ടുകേൾക്കുമ്പോഴൊക്കെ എന്റെ പ്രണയ മഴകളിൽ ഞാൻ നനയാറുണ്ട്.

ജൂൺ /ജൂലായ് മഴ കാംപസ് പ്രണയത്തിന്റെ തീരാതുരത്വത്തിന്റേതാണ്. രണ്ടു മാസത്തെ വെക്കേഷനു ശേഷം സി.എം.എസ് കോളേജിലെ ‘ലവേഴ്സ് പാത്തി ‘ൽ നനഞ്ഞ മഴകൾ . അന്ന് ‘ചാമരം ‘സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ഹാങോവറിലാണ് കാംപസ് . ഓരോ കാമുകനും കാമുകിയും പ്രതാപ് പോത്തനും സറിനാവഹാബും ആയിരുന്നു. ഓരോ മഴയും ‘എന്തു പറഞ്ഞടുക്കാൻ’ എന്നു ജാനകിയുടെ ശബ്ദത്തിൽ കൊഞ്ചിയ നാളുകൾ.

ഞാൻ എന്നും പ്രണയിനിയായിരുന്നു. കാറ്റിനോടും മഴയോടും പാട്ടിനോടും ഉള്ള പ്രണയം ചില ആണുങ്ങളിലേക്കും പടർന്നു എന്നല്ലാതെ ആണായതിന്റെ മികവു കൊണ്ടു മാത്രം ഇന്നുവരെ ഒരാണിനോടും പ്രണയം തോന്നിയിട്ടില്ല. മോപസാങ്ങിന്റെ ‘നിലാവിൽ ‘ എന്ന കഥയിലെ നായികയെപ്പോലെ ചില പ്രത്യേക പരിസരങ്ങളിലാണ് ഞാൻ പ്രണയത്തിലാവുക. പ്രണയത്തോടായിരുന്നു എന്റെ പ്രണയമത്രയും . മഴ എന്നും എന്റെയുള്ളിൽ പെയ്യുകയാണ്. ആ മഴയിലാണ് എന്റെ എല്ലാ യാത്രയും . ആഗ്രഹിച്ചാൽ മാത്രം മതി ഉള്ളിൽ മഴ പെയ്തു തുടങ്ങാൻ . അപ്പോൾ മഴയിൽ ഞാൻ ചെയ്ത പ്രിയപ്പെട്ട യാത്ര ഏതാണ്?

യാത്ര തുടങ്ങുമ്പോൾ മഴയും ഉള്ളിൽ പ്രണയവും തുടങ്ങുകയാണ്. എങ്കിലും പ്രിയ സുഹൃത്തിനോടൊത്ത് ഒരു കുടക്കീഴിൽ നനഞ്ഞു നടന്ന ഒരു മഴയുടെ അനുഭവം എന്നും ഉള്ളിലുണ്ട്. അപ്പോൾ പുറത്തെ മഴയുടെ പ്രചണ്ഡവേഗങ്ങൾ ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ഇന്നും നിർത്താതെ പെയ്യുന്നുണ്ട് ആ മഴ .

മറ്റൊരു മഴയാത്ര ഭർത്താവിനൊപ്പം മോട്ടോർ സൈക്കിളിൽ പോയതാണ്. ഔദ്യോഗികത്തിരക്കുകളും കുടുംബ പ്രാരബ്ധങ്ങളും നിറഞ്ഞ ഒരു ഇടവപ്പാതിക്കാലം . റിസർച്ച് ഗൈഡിനെ കാണാൻ പത്തനംതിട്ടയിലെ നാരങ്ങാനത്തേക്കു പോവുകയാണ്. ഞങ്ങൾ രണ്ടു പേർ മാത്രമായി വീട്ടിൽ നിന്നിറങ്ങാൻ കിട്ടുന്ന അപൂർവ്വ സന്ദർഭം. പത്തനംതിട്ട മുതൽ ചങ്ങനാശ്ശേരി വരെ നനഞ്ഞു വണ്ടി ഒരിടത്തും നിർത്തിയില്ല. ചെറിയ ഇടിമിന്നൽ പോലും ഭയമുള്ള ഞാൻ അന്നത്തെ വലിയ ഇടി മിന്നലുകളിൽ ഭയന്നില്ല. ഇതിങ്ങനെ നിർത്താതെ പെയ്യണേ എന്നാഗ്രഹിച്ചു. അന്ന് നിന്ന നിൽപ്പിൽ ഒരു വലിയ മരം ഇടിമിന്നലിൽ കത്തി വീഴുന്നത് ഞാൻ കണ്ടു. ആ മഴ നനഞ്ഞ് വില കുറഞ്ഞ എന്റെ അടിപ്പാവാടയുടെ പച്ചനിറം മുഴുവൻ കാലിലൂടെ ഒലിച്ചിറങ്ങി. നനഞ്ഞു നനഞ്ഞ് ഞാനൊട്ടിപ്പിടിച്ചിരുന്നു. അയ്യപ്പപ്പണിക്കരുടെ കവിതകളിലെ ബുദ്ധ ദർശനത്തെക്കുറിച്ചെഴുതിയ ചാപ്റ്റർ മുഴുവൻ ബാഗിലിരുന്നു നനഞ്ഞു കുതിർന്നു. എന്നിട്ടും ഈ യാത്ര തീരല്ലേ എന്നു ഞാൻ പ്രാർഥിച്ചു. കുടുംബ ദുരിതങ്ങളിൽ നിന്ന് എങ്ങനെയും രക്ഷപ്പെടാനുള്ള കണ്ണുനീർ മഴ കൂടിയായിരുന്നു അത്. അന്നത്ര വലിയ മഴയൊന്നുമില്ലായിരുന്നുവെന്ന് തർക്കിക്കുന്നവരോട് ഞാനിപ്പോഴും ഭ്രാന്തിയെ പോലെ വഴക്കിടാറുണ്ട്. ലോകം ഇന്നോളം കണ്ടിട്ടുണ്ടാവില്ല അത്തരം ഒരു മഴ .

മൂന്ന്:
ആറു കുട്ടികൾ ഒരുമിച്ചു വളർന്ന വീടാണ്. തമ്മിൽത്തല്ലിയിട്ടുണ്ട് എന്നല്ലാതെ അച്ഛനും അമ്മയും ഒന്നിനും തല്ലിയിട്ടില്ല. മഴ നനഞ്ഞും വെയിലു കൊണ്ടും ഒക്കെ വളർന്നു. അമ്മയും അച്ഛനും ഒന്നിനും പിന്നാലെ നടന്നതായി ഓർക്കുന്നില്ല. വലിയ മൂവാണ്ടൻ മാവുണ്ടായിരുന്നു വീട്ടിൽ അതിന്റെ ചുവട്ടിൽ നിന്ന് മഴയത്ത് പാട്ടു പാടി നൃത്തം ചെയ്യുമായിരുന്നു. ഒരു കുടം എളിയിൽ വെച്ച് പെറ്റിക്കോട്ടു മാത്രമിട്ട് വെണ്ണിലാച്ചോലയിലെ വെണ്ണക്കൽ പടവിൻമേൽ മൺകുടമേന്തി ഒരു പെണ്ണു വന്നു എന്ന പാട്ടാണ് സ്ഥിരമായി ഞാൻ പാടിയിരുന്നത്. നനഞ്ഞു നനഞ്ഞു കുതിരുമ്പോഴും നൃത്തം തുടരും . *മൺകുടമഴകിന്റെ മന്ദാര മലർക്കുടം പെൺകൊടി/ മെല്ലെ മെല്ലെപ്പടവിൽ വെച്ചു ” എന്ന വരി വീണ്ടും വീണ്ടും പാടും. ഒടുവിൽ മൺകുടം ഒഴുകിപ്പോകുമ്പോൾ പെൺകുട്ടി ദുഃഖിതയായി നോക്കി തറയിലിരിക്കുന്നതായാണ് പാട്ട് . മൺകുടത്തെ മഴച്ചാലുകളിലൂടെ ഒഴുകാൻ വിട്ടി ഞാനാ നനഞ്ഞ മണ്ണിൽ തളർന്നിരിക്കും. ഈ കണ്ട മഴയെല്ലാം നനഞ്ഞാലും പനി വന്നതായി ഓർമ്മയില്ല. ആരും തല്ലിയുമില്ല വഴക്കു പറഞ്ഞുമില.

നാല്:
എല്ലാക്കാലത്തും മഴ സുഖാനുഭവങ്ങൾ മാത്രമല്ല തന്നിട്ടുള്ളത്. സങ്കടമഴകളുണ്ട്. അറപ്പു തോന്നിയ മഴകളുണ്ട്. അപമാന മഴകളുണ്ട്.

മുട്ടൻ മഴയത്ത് വെള്ളം തെന്നിച്ച് സ്കൂളിൽ പോയതോർത്ത് എനിക്കൊരു ഭൂതകാലക്കുളിരുമില്ല.

കാരണം നനഞ്ഞ പച്ചപ്പാവാട പിറ്റേന്നത്തേക്ക് ഉണക്കിയെടുക്കുന്ന ഓർമ്മ വന്നു കയറും. വിരലുകൾക്കിടയിൽ അന്നത്തെ വളംകടിയുടെ അസഹനീയമായ ചൊറിച്ചിൽ അതുകൊണ്ട് ജൂണിലെ മഴയോർത്ത് ബാല്യം എന്നെ കുളിരണിയിക്കാറില്ല. .

കൗമാര കാലത്തെ മഴകൾ ആർത്തവ കാലത്തെ ഉണക്കിയെടുക്കാനാകാത്ത വൃത്തികെട്ട തുണികളെയും നനഞ്ഞ തുണി ഉരഞ്ഞു തൊലി പോയ നീറ്റലുകളെയും അനുഭപ്പെടുത്തുന്നു. കൗമാരകാല മഴയെ ഓർത്താൽ പുറത്തു പറയാനാകാത്ത അറപ്പിക്കുന്ന നീറ്റൽ കൂടി ഉള്ളിലങ്ങനെ പുകയും ..

യൗവന മഴകളായപ്പോഴേക്കും കുറച്ചു ജീവിത സൗകര്യങ്ങളായതു കൊണ്ടും പാട്ടും സാഹിത്യവും പ്രണയവും കൂട്ടുണ്ടായിരുന്നതു കൊണ്ടും അനുപമ, ആനന്ദ്, അഭിലാഷ്, അനശ്വര തുടങ്ങിയ സിനിമാ തീയേറ്ററുകളിലെ മഴകളാണ് എന്റെ മഴകൾ . പത്മരാജനും ഭരതനും ഐ വി ശശിയുമൊക്കെ ആയിരുന്നുവല്ലോ അന്ന് കുട പിടിച്ചു കൂടെ നടന്നതും . ആ മഴയിൽ തുണി ഉണങ്ങാനെടുക്കുന്ന സമയങ്ങൾ ചെറിയ കുളിരായിത്തന്നെ ഉള്ളിലുണ്ട്. ‘ചെല്ലക്കാറ്റേ മുല്ലപ്പൂങ്കാറ്റേ ഓ … കുളിരണ് കുളിരണ് ‘ എന്ന് ഒരോർമ്മക്കുളിര്. അത് മഴയുടെ എന്നതിനേക്കാൾ ശരീരമോഹങ്ങളുടെ കുളിരായിരുന്നു. യേശുദാസും ജയച്ചന്ദ്രനും ജാനകിയും വാണി ജയറാമും സുശീലയുമൊക്കെ ചേർന്നു നിന്നാണ് ആ മഴകൾ നനഞ്ഞത്.

പിന്നീട് ജോലിയും കുടുംബവുമായി ക്കഴിഞ്ഞുള്ള മഴകൾ കോളേജിലേക്കും തിരികെ വീട്ടിലേക്കും പണിത്തിരക്കുകൾക്കിടയിലെ ഓട്ട മഴകളാണ്. തിരിഞ്ഞു നോക്കാൻ തീരെയിഷ്ടമല്ലാത്ത മഴകൾ.

മഴ പെയ്യുമ്പോൾ നനഞ്ഞ മണ്ണുരഞ്ഞ അടിപ്പാവാട തട്ടി തോലു പോയ കാൽപ്പാദങ്ങളും കെ എസ് ആർ ടി സി ബസ്സിലെ നനഞ്ഞു വിറച്ച നിൽപ്പും മാത്രമാണ് മനസ്സിൽ നനഞ്ഞ അടിപ്പാവാടയും സാരിയും തെറുത്തു പിടിച്ച് KSRTC ബസ്സിൽ കയ്യിലെ കുട തൂക്കിപ്പിടിച്ചുള്ള തൂങ്ങിനിൽപ്പും ബസ്സിലെ ഇരുട്ടും. നമ്മൾ നമ്മളെത്തന്നെ വെറുത്തു നിൽക്കുന്ന ആ ഇരുട്ടിൽ ദേഹത്തു മുട്ടിയുരുമ്മാൻ ശ്രമിക്കുന്ന അശ്ലീലങ്ങളെ ഓർത്താൽ ജൂൺ മഴ ഒരു ഓക്കാനമായി പുറത്തേക്കു വരും. അറപ്പിക്കുന്ന ഒരു തണുപ്പു മാത്രമാണ് ഇപ്പോൾ ഓർമ്മ വരുന്നത്.

മഴയുടെ ശബ്ദത്തിനു മുകളിൽ ഒച്ചയെടുത്ത് നൂറിലധികം കുട്ടികളിരിക്കുന്ന ക്ലാസിൽ സാഹിത്യം അലറിയ ദിവസങ്ങൾ എന്റെ വോക്കൽ കോർഡിനു വരുത്തിയ സ്ഥിരമായ പോറലുകൾക്കും ഒരു നീറ്റലാണ്. സ്ഥിരമായി ചിലമ്പിച്ച് അടഞ്ഞു പോയി എന്റെ ശബ്ദം .

മഴയുടെ വരവും കാറ്റിന്റെ ശബ്ദവും ചില സമയങ്ങളിൽ ആനന്ദിപ്പിച്ചു. അത്രക്ക് നല്ല ജീവിത സൗകര്യങ്ങളും സന്ദർഭങ്ങളും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഉണങ്ങാത്ത തുണികൾ അയപൊട്ടി തലയിൽ വന്നു വീഴുന്ന ഭാരമാണ് മഴയോർമ്മകൾക്ക് .

എന്തായാലും കഷ്ടകാല മഴകളിലേക്ക് തിരികെപ്പോകാനാഗ്രഹിക്കാറില്ല. അന്നത്തെ ഓർമ്മകൾക്ക് കുളിരൊന്നും മുട്ടോളം പോയിട്ട് മുട്ടത്തോടോളം പോലുമില്ല.

ജോലി കഴിഞ്ഞു വീട്ടിലേക്ക് പോരുമ്പോഴുളള ബസ് യാത്രയിൽ ആകെ ആശ്വസിപ്പിക്കുന്നത് അൽപം തോർന്ന മഴയിൽ ഷട്ടർ ഉയർത്തിയിരിക്കുമ്പോൾ കാണുന്ന ഒരു കാഴ്ചയാണ്. ചെറിയ വീട്ടിന്റെ തിണ്ണയിലിരുന്ന് ചൂട് കട്ടൻ കാപ്പി ഊതിയൂതിക്കുടിക്കുന്ന വൃദ്ധ ദമ്പതികളുടെ കയ്യിലെ സ്റ്റീൽ ഗ്ലാസിൽ നിന്ന് പൊങ്ങുന്ന ആവിയിൽ നിന്ന് ഞാൻ ആ കാപ്പിമണം വലിച്ചെടുക്കുമായിരുന്നു. വറുത്തു പൊടിച്ച കാപ്പിക്കുരു മണം സങ്കൽപത്തിൽ ഒരു സുഖം പകരും. കൊതിച്ചപ്പോഴൊന്നും കിട്ടാതെ പോയ ഒരു ഗ്ലാസ് ചൂടു കട്ടൻകാപ്പിയുടെ ഒടുങ്ങാത്ത സുഗന്ധം മാത്രമാണ് ചില കാലത്തെ ചില ജൂണിലെ ചില മഴകൾ അവശേഷിപ്പിക്കുന്ന സുഖം..

ഞാൻ എന്നെക്കുറിച്ചും എന്റെ സന്തോഷങ്ങളെക്കുറിച്ചും എന്റെ വേദനകളെക്കുറിച്ചും എന്റെ തോരാ മഴകളെ കുറിച്ചും ചിന്തിച്ചു തീർന്നിട്ടില്ല ഇതുവരെയും . മഴനനഞ്ഞു വരുകയും എനിക്കു കാപ്പി വേണമെന്നു തോന്നുകയും അതു കിട്ടാതെ വരികയും എനിക്കു കൂടി അധികാരമുള്ള ഒരിടത്ത് മുന്നിലിരുന്ന് മറ്റൊരാൾ അത് ഊതിയൂതിക്കുടിക്കുകയും ചെയ്യുന്നത് കണ്ടാൽ കലി വരും. ആണായാലും പെണ്ണായാലും ഞാൻ വഴക്കുണ്ടാക്കുകയും കരയുകയും ചെയ്യും നിങ്ങൾ മനുഷ്യന്മാരാണോ എന്നു ചോദിക്കും ആ സീൻ ഒഴിവാക്കാൻ ഞാൻ ചെയ്യുന്നത് നല്ല ഒരു ഹോട്ടലിൽ കയറി ചൂടു കാപ്പിയും വടയും ഒക്കെ വാങ്ങിക്കഴിച്ചിട്ട് മാത്രം വീട്ടിലേക്ക് ചെന്നു കയറുക എന്നതാണ്. നല്ല ഫിൽട്ടർ കാപ്പി സ്ഥിരമായി വാങ്ങിക്കുടിച്ചിട്ടേ വീട്ടിലേക്കു പോകാറുള്ളു. എന്റെ energy നാശമാക്കാതിരിക്കാൻ കൂടിയുള്ള ഉപാധിയാണ് വരുമാനമുള്ള എന്റെ ജോലി . അതിന്റെ വലിയ ഒരംശം ഏന്റെ ആനന്ദങ്ങൾക്കു വേണ്ടിയുള്ളതാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചിട്ടുണ്ട്.

അഞ്ച്:
മക്കൾക്ക് അവർ കാണുന്ന പരസ്യമനുസരിച്ച് ആവശ്യപ്പെടുന്ന കുടകൾ വാങ്ങിക്കൊടുക്കുവാനായി ചുരുങ്ങിയ വരുമാനമുള്ള കാലത്ത് വിഷമിച്ചിട്ടുണ്ട്. ആഗ്രഹിച്ചു വാങ്ങിയ പോപ്പിക്കുട ക്ലാസിൽ നഷ്ടപ്പെട്ടു പോയിട്ട് മോൾ വന്നു കരഞ്ഞ കരച്ചിൽ അവൾ ഇപ്പോൾ തമാശയായി ഓർക്കുമ്പോഴും എനിക്ക് ഉള്ളിലൊരു കരച്ചിലാണ്. കാരണം അവൾക്ക് പിറ്റേന്നത്തേക്ക് തുറക്കുമ്പോൾ സൈറൺ കേൾക്കുന്ന മറ്റൊരു കുട വാങ്ങിക്കൊടുക്കാൻ അന്ന് എന്റെ കയ്യിൽ പണമില്ലായിരുന്നു. ആ ദിവസങ്ങളിൽ ഈ തരം പരസ്യങ്ങളെ ഞാൻ ശപിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് അവർ സ്വപ്നം കാണുന്നതെല്ലാം എത്തിച്ചു കൊടുക്കാനോടിയ ഓട്ടങ്ങൾ ഇന്നോർത്താൽ അന്നത്തെ പോലെ തന്നെ ശരീരം തളരും.

ആറ് :
‘തുലാഭാരം’ സിനിമയിലെ അവസാന രംഗത്തെ ദുരിത മഴ. ‘കാറ്റടിച്ചു കൊടുംകാറ്റടിച്ചു ,കായലിലെ വിളക്കുമരം കണ്ണടച്ചു ‘എന്ന പാട്ടിന്റെ സീനിൽ ശരിക്കും മഴ അലറി നിലവിളിക്കുകയാണ്.

വൈശാലിയിൽ നിന്നും

‘വൈശാലിയി’ലെ ദും ദും ദും ദും ദുന്ദുഭി നാദം എന്ന പാട്ടിലെ മഴ .ദേവദാസിയായ അമ്മയും മകളും ആലിംഗനം ചെയ്ത്ചിരിച്ച് നനഞ്ഞ് കരഞ്ഞ് മഴയിൽ ആനന്ദനൃത്തം ചെയ്യുന്നു. ഒടുവിൽ ആൾക്കൂട്ടാരവങ്ങളിൽ അവർ തള്ളപ്പെട്ട് തഴയപ്പെട്ട് താഴെ വീണ് മഴ അവർക്കു മേൽ താണ്ഡവ നൃത്തമാകുന്നു. ഇത്ര വേദനിപ്പിക്കുന്ന മഴ മറ്റധികം കണ്ടതായി ഓർക്കുന്നില്ല

വരികളുടെ മനോഹാരിത കൊണ്ടും ആവിഷ്കാര ഭംഗി കൊണ്ടും സിനിമയിൽ ആകർഷകമായിത്തോന്നിയ മഴയാണ് ‘അഴകിയ രാവണ ‘നിലെ ‘പ്രണയമണിത്തൂവൽ കൊഴിയും പവിഴമഴ’ .

കെ.ജി. ജോർജ്ജ്‌

കെ.ജി.ജോർജ്ജിന്റെ ‘യവനിക’ യിലെ തബലിസ്റ്റ് അയ്യപ്പൻ കൊല്ലപ്പെടുന്ന രാത്രിയിലെ മഴ വല്ലാത്ത മഴയാണ്. തീയേറ്ററിൽ നിന്നിറങ്ങിയിട്ടും കാലിൽ ചോരയും വെള്ളവും ഒട്ടിപ്പിടിക്കുന്ന തോന്നലായിരുന്നു.

റസൂൽ പൂക്കുട്ടിയുടെ ശബ്ദ സംവിധാനത്തിൽ പഴശ്ശിരാജാ സിനിമയിൽ കേട്ട തോരാമഴയുടെ ശബ്ദമാണ് തീയേറ്ററിനുള്ളിൽ നിന്നു കേട്ടതിലെ ഏറ്റവും ഹൃദ്യമായ മഴ.

ഒരുപാടു സിനിമകളിൽ സെക്സിനും ഗർഭത്തിനും സാഹചര്യമൊരുക്കാൻ പെട്ടെന്ന് ചെയ്യുന്ന കൃത്രിമ മഴകൾ കണ്ടിട്ടുണ്ട്. അവയുടെയെല്ലാം പാട്ടുകൾ മനോഹരമായിരുന്നുവെങ്കിലും സീനുകൾ അരോചകമായിരുന്നു. ‘പനിനീർമഴ പൂമഴ തേൻമഴ , തുള്ളിക്കൊരുകുടം പേമാരി , തെയ്യാട്ടം ധമനികളിൽ മനസ്സിൽരഥോത്സവം, കുറുനിരയോ മഴ മഴ നീലിമയോ…. അങ്ങനെ കുറെയധികം മഴകൾ.

Add a Comment

Your email address will not be published. Required fields are marked *