mamukkoya

ബ്രസീൽ തോറ്റാൽ അർജൻ്റീന ജയിക്കുന്നതാ എനിക്ക് സന്തോഷം, പക്ഷെ, ബ്രസീൽ തന്നെ  ജയിക്കണം!

കോപ്പ അമേരിക്ക ഫൈനൽ സ്പെഷ്യൽ

ഫുട്ബോളിന് ഒരു അർഥമേയുള്ളൂ, കൂട്ടായ്മ. മനുഷ്യ കൂട്ടായ്മയുടെ അച്ചുതണ്ടിൽ കറങ്ങ്ന്ന ഭൂമി പോലെയാണ് ഫുട്ബോൾ.ലോകത്തെ ഏറ്റവും ആകർഷകമായ ഗെയിം ഏതെന്ന് ചോദിച്ചാൽ, എനിക്ക് സംശയമില്ല, ഫുട്ബോളാണ്. സൗഹൃദം, കൂട്ടായ്മ ഇതെല്ലാം ഒന്നിനൊന്ന് ചേർന്ന് നിൽക്കുന്ന അവസ്ഥകളാണ്.ഒന്നില്ലെങ്കിൽ മറ്റൊന്നില്ല.

ഒരു കാലിൽ നിന്ന് മാറ്റൊരു കാലിലേക്ക് തട്ടിത്തട്ടി മുന്നേറുന്ന കളിയാണ് ഫുട്ബോൾ. സ്വാർഥതയ്ക്ക് അവിടെ സ്ഥാനമില്ല. വിജയത്തിലേക്ക് എത്താൻ എന്താ വഴി? പാസ് ചെയ്യുക. നിങ്ങൾ എത്ര വലിയ കളിക്കാരനോ ആവട്ടെ, ഒരു കളി ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിയില്ല. പെലെയും മറഡോണയും മെസ്സിയും സ്വന്തമായി അടിച്ച കളിയേക്കാൾ എത്രയോ അധികമാണ് അവർ അസിസ്റ്റൻ്റ് ചെയ്ത് അടിപ്പിച്ച ഗോളുകൾ! അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്!’ ‘അടിക്കെടാ ഗോൾ!’ അതാ ഫുട്ബോൾ സ്പിരിറ്റ്.

സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ നന്നായി ഫുട്ബോൾ കളിക്കുമായിരുന്നു. കോഴിക്കോട് കല്ലായീലാണല്ലൊ. ഫുട് ബോൾ ജീവവായുവാണ്. ‘കാറ്റ് നിറച്ച വയറു’മായിട്ടാണെങ്കിലും ഞങ്ങൾ കളിച്ചു തിമിർത്തു. ഞാൻ സെൻട്രൽ ബാക്ക് ആയിട്ടാണ് കളിച്ചത്. കുട്ടികൾക്കിടയിൽ പേരെടുത്ത ബാക്കായിരുന്നു, ഞാൻ.

എനിക്കിഷ്ടം, ബ്രസീലാണ്. ജനിച്ചപ്പോഴേ കേൾക്ക്ന്ന പേരാണ്. ആ മഞ്ഞ പോലെ ഇഷ്ടമുള്ള വേറൊരു മഞ്ഞയുമില്ല. പെലെയാണ് പ്രിയപ്പെട്ട ഫുട്ബോളർ. ശരിക്കും, ഇതിഹാസ മനുഷ്യൻ.നമ്മള് കേട്ട് കേട്ടാണ് പെലെ എന്ന പേര് മനസ്സിലുറച്ചത്.’പെലെ ഭയങ്കര കളിക്കാരനാണ് ‘ -കണ്ടിട്ടല്ല, കേട്ട് കേട്ട് ആ കളി മനസ്സിൽ ഒറപ്പിക്കയാണ്. പിന്നീടാണ് പെലെയെ കുറിച്ചുള്ള സിനിമകൾ കാണുന്നത്. ‘യു ട്യൂബി’ലൂടെ പെലെയുടെ പഴയ കളികൾ എത്രയോ വർഷങ്ങൾക്കു ശേഷമാണ് കാണുന്നത്.ആ കളി കണ്ടപ്പോൾ മനസ്സിലായി, ശരിക്കും ഇതിഹാസം!

പെലെ കഴിഞ്ഞാ എനിക്കിഷ്ടം മറഡോണയാണ്. വേറൊരു ഇതിഹാസ താരം. മറഡോണയിലൂടെയാണ് ടെലിവിഷൻ ഒരു തരംഗമായത്. രണ്ടു കൈയും പിറകോട്ട് വീശി, പന്തുമായുള്ള ആ ഓട്ടം! പെട പെടക്കുന്ന കളിയല്ലേ മറഡോണ പുറത്തെടുത്തത്.മറഡോണ കഴിഞ്ഞാൽ സിദാൻ, പിന്നെ മെസ്സി …

പെലെ, മറഡോണ, സിദാനെ, മെസ്സി

കോഴിക്കോട് ഫുട്ബോൾ ഒരു ഹരമാണ്. ഫുട്ബോളിന് ഖൽബ് കൊടുത്ത ദേശം.ഒളിമ്പ്യൻ റഹ്മാനിക്കയാണ് ഞാൻ നേരിട്ടു കളി കണ്ട വലിയ ഫുട്ബോൾ താരം. കെ.പി.ഉമ്മർ ഒളിമ്പ്യൻ റഹ്മാനിക്കയുടെ എളാപ്പയാണ്.ഒന്നാന്തരം കളിക്കാരനായിരുന്നു, ഒളിമ്പ്യൻ റഹ്മാനിക്ക.

ഒളിമ്പ്യൻ റഹ്‌മാൻ

ഇന്ത്യയും പാക്കിസ്ഥാനും കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ ഫുട്ബോൾ കളിച്ച ഒരു കാലമുണ്ടായിരുന്നു. കോഴിക്കോട്ടെ ആദ്യത്തെ മേയർ മഞ്ജുനാഥ റാവുവിൻ്റെ കാലത്ത്. ആ മേയർ നല്ല സ്പോർട്സ്മാൻ സ്പിരിറ്റ് ഉള്ള ആളായിരുന്നു. പാക്കിസ്ഥാൻ കളിക്കാരായ മൂസ, ഇഖ്ബാൽ, ചെങ്കി സ്ഖാൻ ഇവരുടെ കളി കണ്ട ഓർമ്മ എനിക്കുണ്ട്. അവരുടെ കളി കാണുമ്പോൾ പതിനെട്ടോ ഇരുപതോ വയസ്സായിരുന്നു, എനിക്ക്. ഇന്ത്യൻ ടീമിൽ അന്ന് കളിച്ചത് ഹൈദരാബാദിൽ നിന്നുള്ള കളിക്കാരായിരുന്നു. സുൽഫിക്കർ ആണ് അന്ന് ഇന്ത്യൻ ടീമിലെ സ്റ്റാർ. ഇതെല്ലാം പുതിയ തലമുറയ്ക്ക് കൗതുകമുള്ള അറിവുകളായിരിക്കും. പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും ഫുട്ബോൾ കളിച്ചിട്ടില്ല എന്നാണ് ഓർമ. ഹോക്കിയിലും ക്രിക്കറ്റിലും സഹകരണം തുടർന്നു. ഫുട്ബോൾ കളിക്കാൻ ഉള്ള വരവ് നിലച്ചു.

ഫുട്ബോൾ എന്ന് കേൾക്കുമ്പോ ബാബുരാജിനെ മറക്കാനാവില്ല. മാനാഞ്ചിറയിൽ കളിയുണ്ടെങ്കിൽ, സിനിമയ്ക്ക് ഈണം കൊടുക്കാനുള്ള തിയ്യതി തന്നെ മൂപ്പര് മറന്നുകളയും. ഒരു തരത്തിൽ പറഞ്ഞാൽ കാണുന്ന പാട്ടല്ലെ , ഫുട്ബോൾ!

നാളെ പുലർച്ചെ കോപ അമേരിക്ക ഫൈനലിൽ ബ്രസീൽ ജയിക്കണമെന്നാണ് എൻ്റെ ആഗ്രഹം.ബ്രസീൽ തോറ്റാൽ അർജൻ്റീന ജയിക്കുന്നതാ എനിക്ക് സന്തോഷം. പക്ഷെ, ബ്രസീൽ ജയിക്കണം. പെലെ കഴിഞ്ഞാൽ എനിക്കിഷ്ടം മറഡോണയാണ് എന്ന് ഞാൻ പറഞ്ഞല്ലൊ. ടീമിൻ്റെ കാര്യത്തിലും അങ്ങനെയാണ്.ബ്രസീൽ തോറ്റാൽ അർജൻ്റീന ജയിച്ച് കപ്പെടുക്കുന്നതിൽ സന്തോഷക്കുറവൊന്നുമില്ല. പക്ഷെ, ബ്രസീൽ തന്നെ ജയിക്കണം.

ഫുട്ബോൾ മാനവികതയുടെ ഗെയിമാണ്. ആ സ്പിരിറ്റിന് അതിർത്തികളില്ല, മതമില്ല, വംശമില്ല. മറഡോണ എന്ന കൃസ്ത്യാനി ഗോളടിച്ച് കുരിശ് വരക്കുമ്പോൾ, ഇങ്ങ്, ഇത്രയും ദൂരെ നിന്ന് കോഴിക്കോടൻ മാപ്പിളയും കയ്യടിക്കുന്നു. അതാണ് ഫുട്ബോൾ.

Add a Comment

Your email address will not be published. Required fields are marked *