manju

‘കലിപ്പൻ്റെ കാന്താരി ‘ എന്ന തലോടൽ ആർക്കു വേണം!

ഒന്ന്:
ആർജ്ജവമുള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്. പക്ഷെ, അതൊരു ചെറിയ വിഭാഗം മാത്രമാണ്. അതുകൊണ്ട് തന്നെ സ്ത്രീ ശക്തീകരണം കേരളത്തിൽ പൂർണമല്ല. തെളിവുകൾ നാം കണ്ടുകൊണ്ടിരിക്കുന്നു.

പുരുഷമേൽക്കോയ്‌മകളും സ്ത്രീക്കു കൽപ്പിക്കപ്പെട്ടിരിക്കുന്ന ചട്ടക്കൂടുകളും സമൂഹത്തിന്റെ ‘സ്മാർത്ത വിചാരണകളും ‘ അതെ അളവിൽ തുടരുകയാണ്. സ്വന്തം തൃപ്തിക്കും സന്തോഷത്തിനുമപ്പുറം മറ്റുള്ളവരുടെ താല്പര്യത്തിനു വില നൽകണം… അങ്ങനെ മനസ്സിലാക്കിയിരിക്കുന്നു. സമൂഹത്തോടൊപ്പം പങ്കു മതങ്ങൾക്കും ആചാരങ്ങൾക്കുമുണ്ട്.

സ്ത്രീ ശക്തീകരണം എന്നത് വലിയൊരു ആശയത്തിൽ നിന്നും ചുരുങ്ങി നവമാധ്യമങ്ങളിലെ പോസ്റ്റുകളുടെയോ രചനാ മത്സരങ്ങളുടെയോ വനിതാ ദിന സെമിനാറുകളുടെയോ വിഷയം മാത്രമായി ചുരുങ്ങി. കേരളത്തിൽ പോലും ഇത്തരം കൊലപാതങ്ങളും പീഡനങ്ങളും ആത്മഹത്യകളും റിപ്പോർട്ട്‌ ചെയ്യപ്പെടുമ്പോൾ വേരിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു, ബോധവൽക്കരണം. വിഷയം പൊതുവേദികളിൽ ചർച്ചയക്കുന്നതിനു പകരം അവരവരുടെ വീടുകളിൽ ഉറപ്പുവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓർമ്മ വെച്ച കാലം മുതൽ കാലുകൾ അടുപ്പിച്ചിരിക്കാനും പതുക്കെ ചിരിക്കാനും സംസാരിക്കാനും ‘നീ പെണ്ണാണെന്ന് ഓർമ്മ വേണം ‘ എന്നൊക്കെയുള്ള തുടർച്ചയായ സ്റ്റേറ്റ്മെന്റുകളിലൂടെ ‘ അതൊരു കുറവാണ് ‘ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുന്നതിനു പകരമായി സ്വന്തം വ്യക്തിത്വത്തിൽ അഭിമാനിക്കാനും സ്വാതന്ത്ര്യബോധമുള്ള ആർജ്ജവമുള്ള നിലപാടുകളുള്ള സ്ത്രീയായി വളരാൻ അവളെ പരിശീലിപ്പിക്കണം.

സ്നേഹം എന്നത് സഹനവും ത്യാഗവുമാണ് എന്ന ചിന്തക്കു പകരം അത് പ്രതിഫലനമാണെന്ന് പഠിപ്പിക്കണം. ഉത്തരവാദിത്തങ്ങൾക്കൊപ്പം പ്രധാന്യമുണ്ട് അവകാശങ്ങൾക്കും എന്ന് മനസ്സിലാക്കിക്കണം. വിദ്യാഭ്യാസം ,ജോലി എന്ന ലക്ഷ്യത്തിനൊപ്പം ആത്മവിശ്വാസത്തിലേക്കുള്ള ചവിട്ടു പടിയാണെന്നു പറയണം. പ്രാഥമിക വിദ്യാഭ്യാസത്തിൽ ഇതുമൊരു ഭാഗമാക്കണം. അടിസ്ഥാനമുള്ള ചിന്തകളുമായി വളർന്നുവരുന്ന സമൂഹത്തിലെ യഥാർത്ഥ സ്ത്രീശക്തീകരണം സാധ്യമാവൂ.

രണ്ട്:
പലപ്പോഴും വിദ്യാഭ്യാസത്തിനു പോലും സ്ത്രീയെ സഹായിക്കാനാവുന്നില്ല. പറ്റുന്നില്ലെങ്കിൽ ഇറങ്ങിപ്പോവാനും സ്വന്തം കാര്യം നോക്കി ജീവിക്കാനുമുള്ള ആത്മവിശ്വാസം പലർക്കും ഇല്ല. ‘കലിപ്പന്റെ കാന്താരി ‘ പോലെ തല്ലിയാലും തലോടുമല്ലോ എന്ന പ്രതീക്ഷയിലാണ് പലരും. ചെറുപ്പം മുതലേ “പോട്ടെ സാരമില്ല “,”നീ ക്ഷമിക്ക് ” തുടങ്ങിയ സഹന മന്ത്രങ്ങൾ അവർക്ക് വിനയവുകയാണ്. കുറച്ചു പേർ വീട്ടുകാരുടെ മാനം കാക്കാൻ എല്ലാം സഹിക്കാൻ തയ്യാറാവുമ്പോൾ മറ്റു ചിലർ മക്കളുടെ ഭാവിയെ ഓർക്കുന്നു. ഇനിയും ചിലർ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെ ഭയക്കുന്നു.

മൊബൈൽ ഫോണും നവമാധ്യമങ്ങളും നൽകുന്ന അവസരങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്നുണ്ടാവില്ല. തുറന്നു പറഞ്ഞാൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാവം കാരണം. മിക്കപ്പോഴും ഇത്തരം ഭർത്താക്കന്മാരുടെ നിരീക്ഷണത്തിലാവും ഭാര്യമാരുടെ ഫോൺ. സ്വന്തം അഭിപ്രായം ഒരു കമന്റ്‌ ആയി രേഖപ്പെടുത്താൻ പോലും അനുവാദം ഉണ്ടാവില്ല. അഥവാ ഇത്തരം ദുരനുഭവങ്ങൾ ആരെങ്കിലും തുറന്നു പറയുകയാണെങ്കിൽ അതിനോടുള്ള പ്രതീകരണങ്ങൾ മിക്കതും അവളെ കുറ്റപ്പെടുത്തികൊണ്ടുള്ളതാവും.

“ഭർത്താവായാൽ അടിച്ചെന്നൊക്കെയിരിക്കും ”
“അന്യനല്ലല്ലോ ഭർത്താവല്ലേ.. നിന്റെ കുട്ടികളുടെ അച്ഛനല്ലേ”
“വീട്ടുകാര്യങ്ങളൊക്കെ ഇങ്ങനെ പരസ്യമാക്കണോ ”
എന്നൊക്കെ കമന്റ്‌ ചെയ്തു ആ സ്ത്രീയെ കുറ്റപ്പെടുത്തുന്നതിൽ സ്ത്രീകളും ഉണ്ടെന്നതിൽ തർക്കമില്ല. ഭർത്താവിനെ ഉപേക്ഷിച്ച പെണ്ണിനെ മോശക്കാരിയാക്കാനാണ് സമൂഹത്തിനു താല്പര്യം. അവളുടെ കയ്യിലിരിപ്പിന്റെയാണ് അനുഭവിക്കട്ടെ എന്ന നിലപാടിൽ എത്താൻ ഏറെ സമയം വേണ്ട.

ഗാർഹിക പീഡനനങ്ങൾ സമൂഹത്തോട് വിളിച്ചുപറയാനുള്ള തടസ്സങ്ങൾ ഇതൊക്കെയാവാം. അതുകൊണ്ടുചെന്നെത്തിക്കുന്നത് ആത്മഹത്യയിലും!

മൂന്ന്:

“നട്ടുച്ചക്കാ എണീറ്റു വരുന്നത്. വല്ല വീട്ടിലും കേറിചെല്ലേണ്ട പെണ്ണാണെന്ന ഓർമയില്ല ”

“അടുക്കളപ്പണി പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഒടുക്കം അമ്മായിഅമ്മ എന്നെയാ ചീത്ത വിളിക്കുക ”

“വല്ലതും രണ്ടക്ഷരം പഠിക്ക്.. എന്നാലേ ജോലിയുള്ള ചെറുക്കനെ കിട്ടൂ ”

“അടങ്ങിയോതുങ്ങി നടന്നുകൂടെ… നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ട.. ആലോചനകൾ മുടങ്ങാൻ അതുമതി ”

ഇതെല്ലാം മിക്ക അമ്മമാരുടെയും ക്ളീഷേ ഡയലോഗുകൾ ആണ്. എന്തു ചെയ്താലും ലക്ഷ്യം വിവാഹമാണ്. വിവാഹ ചിലവുകൾ ഓർമിപ്പിച്ചുകൊണ്ടാണ് ഓരോ പെൺകുഞ്ഞിന്റെയും ജനനം. ആ വകുപ്പിൽ മാതാപിതാക്കൾ നെഞ്ചിൽ തീ കോരിയിടും. ആ തീ അണക്കാനുള്ള തത്രപ്പാടാണ് പിന്നെ. വിവാഹത്തോടെ അതവസാനിക്കും. ഇനി നിന്റെ മേലുള്ള അധികാരം ഭർത്താവിനും വീട്ടുകാർക്കുമാണ് എന്ന് പറഞ്ഞു ആ തീ അണക്കും. സങ്കടങ്ങളോ വിഷമങ്ങളോ പറഞ്ഞാൽ ” സാരമില്ല.. അതൊക്കെ അങ്ങനെ കിടക്കും.. നീ അവർ പറയുന്നതുപോലെ ചെയ്യ്” എന്ന് പറഞ്ഞു ആ തീയുടെ അവസാന കനലും കെടുത്തും.

ആൺകുഞ്ഞിന്റെ ജനനം ആഘോഷമാണ്. പരമ്പര നിലനിർത്താനും പാരമ്പര്യം കാത്തു സൂക്ഷിക്കാനും അവസാന കാലത്ത് സംരക്ഷണം നൽകാനുമയാണ് അവന്റെ വരവ്. അതിശയോക്തി അല്ല. ഇന്നും ഭൂരിപക്ഷം ചിന്തിക്കുന്നത് ഇങ്ങനെയാണ്. പെൺകുഞ്ഞിന്റെ ജനനം മുതൽ അവളുടെ “നല്ല ഭാവി ” ക്കായുള്ള ശിക്ഷണം തുടങ്ങുകയായി. അരുതുകളുടെ ഒരു ലോകം തന്നെ അവൾക്കു മുന്നിൽ സൃഷ്ടിക്കും. കൂടെ ഭർത്താവിനോടുള്ള ഭക്തിയും പുത്രവാത്സല്യവും കോംപ്ലിമെന്ററി കോഴ്സ് ആകും.

മിക്ക വീടുകളിലും സ്ത്രീയുടെ ലോകം അടുക്കളയിൽ ആണ്. ഭാര്യയും ഭർത്താവും ഒരേ ജോലി ചെയ്യുന്നവരാണെങ്കിലും വീട്ടു ജോലിയും കുട്ടികളുടെ കാര്യവും ഭാര്യയുടെ മാത്രം ഉത്തരവാദിത്തമാകും. ഭർത്താവോ മകനോ വീട്ടുജോലികളിൽ സഹായിക്കുന്നത് കുറച്ചിലായി കാണുന്ന സ്ത്രീകൾ ഇന്നുമുണ്ട്.

വീടുകളിൽ ആൺമക്കൾക്ക് ലഭിക്കുന്ന പരിഗണനയും സ്വാതന്ത്ര്യവും പുരുഷ മേൽക്കോയ്മ അടിവരയിടുന്നു. വിവാഹം വരെ മകന്റെ അടിവസ്ത്രം വരെ അലക്കികൊടുക്കുകയും തിന്ന പാത്രം കഴുകിവെക്കുകയും ചെയ്യുമ്പോൾ വിവാഹ ശേഷം മകൻ ഇതെല്ലാം ഭാര്യയെ ഏൽപ്പിക്കുന്നു. ഇതെല്ലാം കണ്ടു വളരുന്ന മകളും ഇതിലപ്പുറം ചിന്തിക്കുമോ?!

വിവാഹമുറപ്പിച്ചതിനു ശേഷം ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചും അതെല്ലാം ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ക്ലാസ്സാണ് മിക്ക പെൺകുട്ടികൾക്കും ലഭിക്കുന്നത്. മര്യാദക്ക് നിന്നാൽ നിനക്ക് കൊള്ളാം…. ഞങ്ങളുടെ ഉത്തരവാദിത്തം തീർന്നു എന്ന പ്രയോഗത്തിലാണ് പെൺകുട്ടികളുടെ അവസാന അഭയം ഇല്ലാതാകുന്നത്.

തെറ്റ് തെറ്റായി തന്നെ പറഞ്ഞു പഠിപ്പിക്കണം. മാതാപിതാക്കൾ അവൾക്കൊപ്പം ഉണ്ടെന്ന ബോധ്യമുണ്ടാക്കണം. നാട്ടുകാരുടെ അടക്കം പറച്ചിലുകളെക്കാൾ എത്രയോ വലുതാണ് മകളുടെ സന്തോഷവും സമാധാനവും. അറുത്തു മറ്റേണ്ടവ കൂട്ടിച്ചേർത്തു മകളെ പരീക്ഷണവസ്തുവാക്കാതെ No പറയേണ്ടിടത്തു No പറയാൻ അവളെ പഠിപ്പിക്കണം. നല്ല വിദ്യാഭ്യാസം,ആത്മവിശ്വാസം, സ്വയംപര്യാപ്തത…. അതിനു ശേഷമെ വിവാഹത്തിന് സ്ഥാനമുള്ളു.

(പൈസക്കിരി ദേവമാത കോളേജ് അസിസ്റ്റന്റ് പ്രൊഫെസ്സറാണ് ലേഖിക)

Add a Comment

Your email address will not be published. Required fields are marked *