bichu

ബിച്ചു തിരുമല – ഈണങ്ങൾക്കൊപ്പം ഒഴുകിയ കവിത

ബിച്ചു തിരുമല –
ഈണങ്ങൾക്കൊപ്പം ഒഴുകിയ കവിത

ബാലകൃഷ്ണൻ കൊയ്യാൽ

 

 

മലയാള സിനിമാ ഗാന രംഗത്ത് സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ഗാനങ്ങളെഴുതിത്തുടങ്ങിയത് പി ഭാസ്കരൻ മാഷായിരുന്നു. കാവ്യഭംഗി ചോരാതെ ആ പാത പിൻതുടർന്ന ഗാനരചയിതാക്കളിലൊരാൾ തന്നെയായിരുന്നു ബിച്ചു തിരുമല. ട്യൂൺ ഇട്ടതിനു ശേഷം അതിനനുയോജ്യമായ വരികളെഴുതുക എന്ന രീതിയിലേക്ക് മലയാളത്തിൽ സിനിമാ ഗാനമെഴുത്ത് മാറിയപ്പോഴാണ് ബിച്ചു തിരുമലയെന്ന പാട്ടെഴുത്തുകാരനിലെ അപൂർവ്വ പ്രതിഭയുടെ തിളക്കം എല്ലാവർക്കും കൂടുതൽ അനുഭവപ്പെട്ടത്.

സംവിധായകനും കഥയെഴുത്തുകാരനും സംഗീത സംവിധായകനും – എല്ലാവരും ഒന്നിച്ചിരുന്നു കൊണ്ടാണ് ഇന്ന് സിനിമയിലെ പാട്ട് എഴുതാനും ചിട്ടപ്പെടുത്താനും ഒരുങ്ങുന്നത്. സംവിധായകൻ പറഞ്ഞു കൊടുത്ത സീനിനനുസരിച്ച ഒരു ട്യൂൺ സംഗീത സംവിധായകൻ്റെ ചുണ്ടിലൂടെ പുറത്തു വരുന്ന അതേ വേഗതയിൽ ബിച്ചു തിരുമലയുടെ മനസ്സിൽ നിന്ന് കടലാസ്സിലേക്ക് ഗാനത്തിൻ്റെ വരികൾ ഒഴുകിയെത്തും. ഉൾക്കാടുകളുടെ വന്യതയിൽ നിന്ന് കളകളാരവത്തോടെ തുള്ളിച്ചിതറി വരുന്ന കാട്ടരുവി പോലെയായിരുന്നു ബിച്ചു തിരുമലയിൽ നിന്ന് കാവ്യത്തികവാർന്ന ഗാനങ്ങൾ ഒഴുകി വന്നത്. നിമിഷ നേരം കൊണ്ട് പിറന്നു വീണ ആ പാട്ടുകളിൽ എത്ര ശ്രമിച്ചാലും വലിയ മാറ്റങ്ങൾ വരുത്താനില്ല എന്നതായിരുന്നു ബിച്ചുവിൻ്റെ വരികളുടെ പ്രത്യേകത എന്ന് സംവിധായകരും സംഗീതക്കാരുമായ പല സിനിമാ സുഹൃത്തുക്കളും തല കുലുക്കി സമ്മതിക്കുമായിരുന്നു. അങ്ങിനെ നിമിഷാർദ്ധത്തിൽ പിറന്നു വീണ പാട്ടുകൾ ഓരോന്നും മലയാള സിനിമാ ആസ്വാദകർ നെഞ്ചേറ്റിയ ഹിറ്റു ഗാനങ്ങളായിരുന്നു എന്നതാണ് ബിച്ചു തിരുമലയെന്ന കവിയുടെ, പാട്ടെഴുത്തുകാരൻ്റെ പ്രധാന സവിശേഷത.

ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം…
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം…, നക്ഷത്രദീപങ്ങൾ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി…,
രാകേന്ദുകിരണങ്ങൾ…,
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ …,
തേനും വയമ്പും…,
ഇങ്ങനെ എത്രയെത്ര പാട്ടുകൾ വേണമെങ്കിലും അദ്ദേഹത്തിൻ്റേതായി എടുത്തു കാണിക്കാനുണ്ട്.

കെ.രാഘവൻ മാസ്റ്റർ മുതൽ എ ആർ റഹ്മാൻ വരെയുള്ള സംഗീത സംവിധായക പ്രതിഭകൾ ബിച്ചു തിരുമലയുടെ വരികൾക്ക് ഈണമിടുകയോ അവരുടെ ഈണത്തിനനുസൃതമായ വരികൾ എഴുതുകയോ ചെയ്തിട്ടുണ്ട്‌. എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ തുടങ്ങിയ സംഗീതസംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് നൽകി. എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമാണ് യോദ്ധ. അതിലെ ഗാനങ്ങൾ ബിച്ചു തിരുമലയുടേതാണ്.

നാനൂറിലേറെ സിനിമകൾക്കായി അദ്ദേഹം ആയിരത്തിലേറേ ഗാനങ്ങൾ രചിച്ചു. ഭക്തിഗാനങ്ങൾ വേറെയുമുണ്ട്. അതിനു പുറമെ ആകാശവാണിക്കു വേണ്ടി നിരവധി ലളിതഗാനങ്ങളും പല ഘട്ടങ്ങളിലായി അദ്ദേഹം എഴുതുകയുണ്ടായി. തിരുവനന്തപുരം ആകാശവാണിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കാലയളവിൽ നിരവധി ചിത്രീകരണങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു.

ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരൻനായരുടെയും മൂത്തമകനായി 1942 ലായിരുന്നു ജനനം.
ബി.ശിവശങ്കരനെന്നായിരുന്നു പേര്. പിന്നീട് പേര് ബിച്ചു തിരുമലയായി മാറിയ കഥ കവി തന്നെ പറയുന്നതിങ്ങനെ:

“എന്റെ അമ്മ പാറുക്കുട്ടിയമ്മയുടെ അച്ഛൻ ശിവരാമപിള്ള ഇംഗ്ലീഷ് പണ്ഡിതനും നല്ല വായനക്കാരനുമായിരുന്നു. മുത്തച്ഛൻ വായിക്കാത്ത ലോക ക്ലാസിക്കുകൾ കുറവായിരുന്നു. മുത്തച്ഛൻ വായിച്ച ഏതോ ഒരു നോവലിലെ സത്യസന്ധനായ ഒരു കഥാപാത്രത്തിന്റെ പേരാണ് ബിച്ചു. കുട്ടിയായിരുന്നപ്പോൾ എനിക്കത് വീട്ടിലെ വിളിപ്പേരായി. പിന്നീട് ആ പേരുതന്നെ ഞാൻ സ്വീകരിച്ചു. ഇപ്പോൾ ഔദ്യോഗിക രേഖകളിലെല്ലാം ബിച്ചു തിരുമലയാണ്. ഈ പേരിൽമാത്രമേ ഞാൻ എഴുതിയിട്ടുള്ളൂ. പേരുമായി ബന്ധപ്പെട്ട് കുറേ രസകരമായ സംഭവങ്ങളുമുണ്ടായി. ഞാൻ മുസ്ലിമാണെന്ന് ധരിച്ച പലരും ഇപ്പോഴുമുണ്ട്. ബിച്ചൂക്ക എന്നവർ സ്നേഹത്തോടെ വിളിക്കും. ഞാൻ തിരുത്താനൊന്നും പോവില്ല.”

സഹസംവിധായകനായാ യിരുന്നു സിനിമയിൽ തുടക്കം. 1970-ൽ എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. അതിലെ ഗാനരചനയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ൽ ഇറങ്ങിയ ‘സത്യം’ എന്ന സിനിമയിൽ സംഗീത സംവിധായകനായും ബിച്ചു തിരുമല പ്രവർത്തിച്ചു.

സിനിമാ ഗാനശാഖയിലെ അനശ്വര സംഭാവനകൾക്ക് സർക്കാർ പുരസ്കാരങ്ങളടക്കം നിരവധി അoഗീകാരങ്ങൾ ആ പ്രതിഭയെ തേടിയെത്തി.

ചെറിയ കാലയളവിൽ എത്രയെത്ര പ്രതിഭകളാണ് നമ്മുടെ സാംസ്കാരിക വേദി ‘ വിട്ടു പോയത്. രമേശൻ നായരും പൂവ്വച്ചൽ ഖാദറും യാത്ര പറഞ്ഞിറങ്ങിയതേയുള്ളൂ. ഉടനെയാണ് ബിച്ചു തിരുമലയും യാത്രയായത്. ഗാനര നയിലൂടെ ആസ്വാദകരുടെ ഉള്ളിൽ രാകേന്ദുകിരണങ്ങൾ തീർത്ത ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലികൾ.

Add a Comment

Your email address will not be published. Required fields are marked *