muneer-league

മാർക്‌സിസം മുസ്ലീംലീഗ് കുഞ്ഞാലിക്കുട്ടി

സി.പി.ഐ(എം) മുസ്ലിം ലീഗിനെ ഒരു കൈ കൊണ്ടു മാടി വിളിക്കുകയും മറുകൈ കൊണ്ടു അകറ്റുകയും ചെയ്യുമ്പോൾ മുസ്ലിം ലീഗിന് എന്താണ് പറയാനുള്ളത്? സി.പി.ഐ (എം), ബൃന്ദ കാരാട്ട്, പി.കെ.കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് തുടങ്ങിയ വിഷയങ്ങളിൽ ഡോ.എം കെ.മുനീർ നിലപാട് വ്യക്തമാക്കുന്നു. സി .പി.ഐ (എം) വർഗീയ കാർഡിറക്കുന്ന പ്രസ്ഥാനമാണെന്നും കോൺഗ്രസ് നെഹ്റു സെക്യുലർ സ്കൂൾ തുറക്കണമെന്നും പറയുന്നതോടൊപ്പം കുഞ്ഞാലിക്കുട്ടിയേയും വിലയിരുത്തുന്നു.

മാർക്‌സിസം
മുസ്ലീംലീഗ്
കുഞ്ഞാലിക്കുട്ടി

ഡോ.എം.കെ.മുനീർ

 

പണ്ടൊരിക്കൽ ഇ എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞിരുന്നു :
“സി.എച്ച് മുഹമ്മദ് കോയയടക്കം കെട്ടിപ്പടുത്ത മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം ,അദ്ദേഹത്തിൻ്റെ മകൻ എം.കെ.മുനീറിൻ്റെ കാലത്ത് കാലഹരണപ്പെടും “എന്ന് . എന്നാൽ, മുസ്ലിം ലീഗ് മാത്രമാണ് സ്വന്തമായ നിലയിൽ പത്ത് സീറ്റുമായി വരാൻ കഴിവുള്ളവർ എന്ന് എല്ലാവർക്കുമിന്നറിയാം. മുസ്ലിം ലീഗിൻ്റെ ശക്തമായ ജനകീയ അടിത്തറ അറിയാവുന്നത് കൊണ്ടാണ്, ഇ.പി.ജയരാജൻ മുസ്ലിം ലീഗിനെ ഒന്നു ക്ഷണിച്ചു നോക്കിയത്. ‘മുസ്ലിം ലീഗ് ഒരു വർഗീയ പ്രസ്ഥാനമാണ് ‘എന്ന മുൻ എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ്റെ പ്രസ്താവനയെ തിരുത്തുകയാണ് ഇ.പി.ജയരാജൻ യഥാർഥത്തിൽ ചെയ്തത്.

സി.പി.ഐ.(എം) എക്കാലത്തും ചെയ്തത് മുസ്ലിം ലീഗിനെ ക്ഷയിപ്പിക്കാനുള്ള അടവു തന്ത്രമാണ്. മുസ്ലിം ലീഗിനെ ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് അടർത്തി മാറ്റി ,ഇല്ലാതാക്കാനുള്ള ശ്രമമാണ്. രണ്ടു തരത്തിൽ ആളുകളെ കൊല്ലാൻ കഴിയും. ഒന്ന്, ദ്രോഹിച്ചു കൊല്ലാം. മറ്റൊന്ന്, സ്നേഹിച്ചു കൊല്ലാം. ഇ എം എസ് / പിണറായി കാലങ്ങളിൽ മുസ്ലിം ലീഗിനെ രാഷ്ട്രീയമായി ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. പക്ഷെ, ഇപ്പോൾ സ്നേഹം പ്രകടിപ്പിച്ച് കൊല്ലാനുള അടവു തന്ത്രമാണ്. മാർക്സിസ്റ്റ് പാർട്ടിയിൽ പ്രശ്നമുണ്ടാകുമ്പോൾ, അല്ലെങ്കിൽ മുന്നണിയിൽ പുറമേ കാണാത്ത വിള്ളലുകൾ വീഴുമ്പോൾ അവർ മുസ്ലിം ലീഗിനെ മാടി വിളിക്കാറുണ്ട്. ഞങ്ങൾ 1967ൽ മാർക്സിസ്റ്റ് പാർട്ടിയുമായി മുന്നണിയുണ്ടാക്കി അന്ന് അതിൽ നിന്ന് പിന്നീട് ഇറങ്ങി വരുമ്പോൾ എടുത്ത ഒരു തീരുമാനമാണ്, മാർക്സിസ്റ്റ് പാർട്ടി ഒരു തൊഴിലാളി പ്രസ്ഥാനമാണ്, മുതലാളിത്ത വിരുദ്ധ പ്രസ്ഥാനമാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിലെല്ലാമുപരി മാർക്സിസ്റ്റു പാർട്ടി വർഗീയ കാർഡിറക്കി കളിക്കുന്ന പ്രസ്ഥാനമാണ്. നമുക്ക് ഏതു സമയത്തും അവരുടെ സമീപനം പരിശോധിക്കുമ്പോൾ അത് കാണാൻ കഴിയും. തലശ്ശേരി കലാപത്തിൻ്റെ വസ്തുതകൾ അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് എടുത്ത് ഇപ്പോൾ മറിച്ചു നോക്കിയാൽ അന്ന് സി.പി.ഐ ‘വിതയത്തിൽ കമ്മീഷന് ‘ മുമ്പിൽ നടത്തിയ മൊഴിയുണ്ട്. അവിടെ അന്ന് വർഗീയ കലാപത്തിൻ്റെ പിന്നിൽ സി.പി.ഐ (എം) ആണെന്ന് ,സി.പി.ഐ പറയുന്നുണ്ട്. ഒരു മുസ്ലിം മന്ത്രിയുടെ പോലീസ് ഹിന്ദു വിഭാഗത്തെ നോക്കി ആക്രമിച്ചതാണ് എന്നൊക്കെയുള്ള രീതിയിൽ വളരെ വർഗീയമായി ചേരിതിരിവുണ്ടാക്കുന്ന വിധത്തിൽ ഉള്ള പ്രവർത്തനങ്ങളാണ് പള്ളികൾ ആക്രമിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ സി.പി.ഐ (എം) പങ്കാളിയാണെന്ന് ‘വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടി’ൽ പരാമർശമുണ്ട്. അതേ പോലെ നാദാപുരം ഭാഗങ്ങളിൽ നടന്നിട്ടുള്ള അശാന്തിക്കു പിന്നിലും സി .പി .ഐ (എം) ഉണ്ട്.വാരിയൻ കണ്ടി കുഞ്ഞഹമ്മദ് ഹാജി, യൂസുഫ് ഹാജി തുടങ്ങിയ വയോധികരായ രണ്ടു വ്യക്തികളെ ,യാതൊരു ആക്രമണത്തിനും മുതിരാത്ത മനുഷ്യരെ നിർദ്ദയം കൊലപ്പെടുത്തിയതാണ് നാദാപുരത്തെ അന്ന് അശാന്തമാക്കിയത്. എല്ലാ സംഘർഷങ്ങളും വർഗീയമായി ഉപയോഗിച്ചവരാണ് സി.പി.ഐ (എം). മാറാട് കമ്മീഷൻ റിപ്പോർട്ടിലും സി.പി.എമ്മിനെതിരെ പരാമർശമുണ്ട്. ആട്ടിൻ തോലിട്ട ചെന്നായയായ സി.പി.ഐ (എം)മ്മിനെ തിരിച്ചറിയാൻ മുസ്ലിം ലീഗിന് വലിയ പ്രയാസമില്ല.

രണ്ട്:

മുസ്ലിം ലീഗിന് സി.പി.എമ്മിനെ മനസ്സിലാക്കേണ്ടതോ പുതുക്കേണ്ടതോ ആയ ഒരു വിഷയവും മുന്നിലില്ല.മാർക്സിസം, നാസ്തികത, മതം എന്നീ വിഷയബന്ധിതമായിട്ടാണ് മുസ്ലിം ലീഗ് സീതി സാഹിബ് പഠനകേന്ദ്രം ഈയടുത്ത് ഒരു സെമിനാർ സംഘടിപ്പിച്ചത്. യൂത്ത് ലീഗും എം.എസ്.എഫും ഉയർത്തിക്കൊണ്ടു വരുന്ന വിഷയം മതം, മാർക്സിസം, നാസ്തികത എന്നതാണ്. മാർക്സിസം എത്ര മാത്രം മതവിരുദ്ധമാണ്, എത്രമാത്രം നാസ്തികതയിലേക്ക് അത് സമൂഹത്തെ വലിച്ചു കൊണ്ടു പോകുന്നു, എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് മുസ്ലിം ലീഗിനകത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കേവലം രാഷ്ടീയപരമല്ല, ആശയപരമായും ,പ്രത്യയശാസ്ത്രപരമായും ഭിന്നസ്വഭാവമുള്ളവരാണ് മാർക്സിസ്റ്റുകാരും മുസ്ലിം ലീഗുകാരും.

വർഷങ്ങൾക്ക് മുമ്പ് സി.പി.ഐ (എം) മുസ്ലിം ലീഗിനെ അടർത്തിയെടുക്കാൻ നോക്കിയപ്പോൾ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഇ.അഹമ്മദും കുഞ്ഞാലിക്കുട്ടി സാഹിബും ഞങ്ങളുമൊക്കെ ഒന്നിച്ചിരുന്നാണ് ഈ വിഷയം കോഴിക്കോട് ലീഗ് ഹൗസിൽ പ്രവർത്തക സമിതിക്കു മുന്നിൽ ചർച്ച ചെയ്ത് വളരെ ശക്തമായ ഭാഷയിൽ “ഒരു കാരണവശാലും ഇടതുപക്ഷവുമായി ചേരുന്ന പ്രശ്നമില്ല” എന്ന് സയ്യിദ് ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്.എല്ലാവരും ഐക്യകണ്ഠേന തങ്ങളെ പിന്തുണച്ചു.

മൂന്ന്:

ബൃന്ദ കാരാട്ട് ജഹാംഗീർ പുരിയിൽ ചെയ്ത പ്രതിരോധത്തെ ഞങ്ങൾ ചെറുതായി കാണുന്നില്ല.എന്നാൽ, ബൃന്ദ കാരാട്ട് മാത്രമാണ് പ്രതിരോധം തീർത്തത് എന്ന് പറയുന്നതിൽ അർഥമില്ല. ജനങ്ങളുടെ പ്രതിരോധമുണ്ട്. മുസ്ലിം ലീഗ് ഇരകൾക്ക് നിയമപരമായ സംവിധാനമുണ്ടാക്കി. ഇരകൾക്ക് നിത്യവൃത്തിക്കാവശ്യമായ സഹായങ്ങളും ചെയ്തു.

നാല്:

മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് എന്ന ബോധത്തോടു കൂടി കോൺഗ്രസ് സൂക്ഷ്മമായി പ്രവർത്തിക്കേണ്ടതുണ്ട്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും എന്തു രാഷ്ട്രീയ നിലപാടെടുക്കണം എന്നതിൽ ദേശീയ പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസ്സിന് ആശയക്കുഴപ്പമുണ്ടായേക്കാം. നെഹ്റു നൽകിയ സെക്യുലർ പക്ഷത്ത് നിൽക്കുന്ന ഇടമാണ് കോൺഗ്രസ് നില നിർത്തേണ്ടത്.നെഹ്റുവിന് അതിന് വലിയ വില കൊടുക്കേണ്ടി വന്നു. വളരെ പൊരുതിയാണ് ആ ഇടം നെഹ്റു കോൺഗ്രസ്സിലുണ്ടാക്കിയത്. ഡോ. രാജേന്ദ്രപ്രസാദിന് നെഹ്റു എഴുതിയ ഒരു കത്തിൽ ,”മതേതരത്വത്തിന് വേണ്ടിയാണ് കോൺഗ്രസ് നിലനിൽക്കേണ്ടത്, അതിനു വേണ്ടിയാണ് ഞാൻ ഒരു സ്ഥാനത്തിരിക്കുന്നത് .ഇതല്ല കോൺഗ്രസ്സിൽ പലരുമെടുക്കുന്ന നിലപാട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അങ്ങനെയാണെങ്കിൽ ഞാനീ സ്ഥാനത്തിരിക്കാൻ കൊള്ളാത്തവനാണ്, പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് എന്നെ ഒഴിവാക്കിത്തരണം, മതേതതരത്വത്തിന് കോംപ്രമൈസ് ചെയ്യാൻ ആരെങ്കിലും എന്നെ നിർബന്ധിച്ചാൽ അതിലും നല്ലത് പ്രധാനമന്ത്രി പദം ഒഴിയുന്നതാണ് ” എന്ന് പറഞ്ഞ പണ്ഡിറ്റ്ജിയുടെ പാർട്ടിയാണ് കോൺഗ്രസ്.നെഹ്റുവിയൻ യുഗത്തിലേക്ക് കോൺഗ്രസ് തിരിച്ചു പോകണം. മാത്രവുമല്ല, ഇപ്പോൾ ആർ.എസ്സ്.എസ്സുകാർ ഇന്ത്യയിൽ ശിശുഭവൻ സ്കൂളുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സെക്യുലറസിമല്ല, കൾച്ചറൽ നാഷണലിസമാണ് നമുക്ക് വേണ്ടത് എന്ന് പഠിപ്പിക്കുന്ന സിലബസ്സുകൾ രൂപപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധി ചെയ്യേണ്ടത് ,ഇന്ത്യയിലുടനീളം അദ്ദേഹത്തിൻ്റെ മുത്തച്ഛനായിട്ടുള്ള നെഹ്റു വിൻ്റെ പേരിൽ സെക്യുലർ സ്കൂളുകൾ തുടങ്ങുകയാണ്. കോൺഗ്രസ് ‘നെഹ്റു സെക്യുലർ സ്കൂളുകൾ ‘ തുടങ്ങുകയാണെങ്കിൽ മുസ്ലിം ലീഗ് പൂർണ്ണമായും അതിനെ പിന്തുണക്കും.കേരളത്തിലെങ്കിലും അത് തുടങ്ങണം.കാരണം, രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത പാർലമെൻ്റ് അംഗമാണ്.നെഹ്റു സെക്യുലർ സ്കൂൾ അദ്ദേഹം വയനാട്ടിലെങ്കിലും തുടങ്ങട്ടെ. നെഹ്റു മെമ്മോറിയൽ സെക്യുലർ സ്കൂളുകൾ കേരളത്തിൽ തുടങ്ങി ഇന്ത്യയുടനീളം വളർത്തണം. ഹിന്ദുവും മുസ്ലിമും തമ്മിൽ ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത വെറുപ്പിൻ്റെ ഇടയിലേക്ക് ഭരണഘടനയുടെ ഉജ്ജ്വലമായ മൂല്യങ്ങൾ പഠിപ്പിക്കുന്നതിന് കോൺഗ്രസ് തന്നെ മുൻകൈയെടുക്കണം

അഞ്ച്:

തോമസ് ഐസക് എന്നെയും പ്രകീർത്തിച്ചിട്ടുണ്ട്.തോമസ് ഐസക്കിനും ഇ.പി.ജയരാജനും എങ്ങനെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിക്കാതിരിരിക്കാൻ പറ്റും? മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിനു നേർക്കു വന്ന കൂരമ്പുകൾ പ്രതിരോധിച്ചത് കുഞ്ഞാലിക്കുട്ടി സാഹിബാണ്. മുസ്ലിം ലീഗിൻ്റെ കുറേ കാലമായിട്ടുള്ള മുഖം കുഞ്ഞാലിക്കുട്ടിയുടേതാണ്.അദ്ദേഹത്തെയാണ് ചോദ്യങ്ങളുമായി മാധ്യമങ്ങൾ സമീപിക്കുന്നത്- അതു കൊണ്ട് തീർച്ചയായും ബാഫഖി തങ്ങൾ സി.അച്ചുത മേനോനെ മുഖ്യമന്ത്രയാക്കിയത് പോലെ, ഒരു കിങ്ങ് മേക്കറാണ് പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ്.മുനീർ ചേരി/കുഞ്ഞാലിക്കുട്ടി ചേരി മുസ്ലിം ലീഗിൽ ഇനിയുണ്ടാകില്ല. അത്തരമൊരു ചേരി മുസ്ലിം ലീഗിൽ മുമ്പും ഉണ്ടായിരുന്നില്ല.മുനീറിനും കുഞ്ഞാലിക്കുട്ടി സാഹിബിനും മുസ്ലിം ലീഗിൽ രണ്ടഭിപ്രായങ്ങളില്ല. രണ്ടു ചേരികളുമില്ല. ഞങ്ങൾ പറയുന്നത് ഒരേ രാഷ്ട്രീയമാണ്, പക്ഷെ, ഞങ്ങളുടെ ഭാഷയും ശൈലിയും ഭിന്നമാണ്. രണ്ടു വികാരത്തിലാണ് ഞങ്ങൾ സംസാരിക്കാറുള്ളത് എന്നത് ശരിയാണ്. പക്ഷെ, കാമ്പ് ഒന്നാണ്. അത് ലീഗിൻ്റെ കാമ്പാണ്. ഒറ്റ ബിന്ദുവിലാണ് എല്ലാ ചർച്ചകൾക്കു ശേഷവും ഞങ്ങൾ നിൽക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രശംസ കൊണ്ടു മൂടി അദ്ദേഹത്തെ മാത്രം അടർത്തിയെടുക്കാമെന്ന സി.പി.ഐ (എം)ൻ്റെ രാഷ്ട്രീയ വ്യാമോഹം തിരിച്ചറിയാനുള്ള വിവേകം കുഞ്ഞാലിക്കുട്ടി സാഹിബിനും മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിനുമുണ്ട്.

Add a Comment

Your email address will not be published. Required fields are marked *