ഋത്വിക് ഘട്ടക് കഥയും തിരക്കഥയുമെഴുതി ഋഷികേശ് മുഖർജി ആദ്യമായി സംവിധാനം നിർവ്വഹിച്ച മുസാഫിർ (1957) എന്ന സിനിമയിൽ സലീൽ ചൗധരി ഈണം നൽകിയ മനോഹരമായ ഒരു യുഗ്മഗാനമുണ്ട്. ‘ലാഗി ഹി ചൂഠേ രാമാ….’ എന്നു തുടങ്ങുന്ന ആ ഗാനം ലതാ മങ്കേഷ്ക്കരോടൊപ്പം പാടിയത് ആരാണെന്ന കാര്യത്തിൽ സിനിമാ പ്രേമികളുടെ ഇടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മുഹമ്മദ് റാഫി അതല്ലെങ്കിൽ താലത്ത് മെഹമൂദ് – ഇവരിൽ ആരായിരിക്കും എന്ന കാര്യത്തിലായിരുന്നു സംശയം. വെള്ളിത്തിരയിൽ ടൈറ്റിലുകൾ തെളിഞ്ഞപ്പോൾ ജനം അമ്പരന്നു. പാടിയത് സിനിമയിൽ നായക വേഷം ചെയ്ത ദിലീപ് കുമാറായിരുന്നു!
അതിർത്തി ഗാന്ധി എന്ന ഖാൻ അബ്ദുൾ ഗഫാർ ഖാൻ, മുൽക് രാജ് ആനന്ദ്, പൃഥ്വിരാജ് കപൂർ തുടങ്ങിയവരെപ്പോലെ ജന്മം കൊണ്ട് പേഷവാറുകാരനായ മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാർ ഹിന്ദി സിനിമയിലെ അഭിനയത്തികവിൻ്റെ ആൾരൂപമായി മാറിയ കഥയോടൊപ്പം പറയേണ്ടതു തന്നെയാണ്. അദ്ദേഹത്തിൻ്റെ ശബ്ദാഭിനയത്തിലെ തികവ്. പതിഞ്ഞ ഒച്ചയിൽ പൂർണ്ണ ശബ്ദ നിയന്ത്രണത്തോടെയുള്ള ദിലീപുകമാറിൻ്റെ സിനിമാ ഡയലോഗ് പറച്ചിൽ ഹിന്ദി സിനിമാ ലോകത്ത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ നായക പ്രതിച്ഛായ നിർമ്മിച്ചെടുക്കുന്നതിൽ നിർണായകമായ സ്വാധീനം ചെലുത്തി. സിനിമാ കൊട്ടക വിട്ടിറങ്ങിയ പ്രേക്ഷകരുടെ ചുണ്ടിൽ ആ ഡയലോഗുകളുടെ പുനർ പ്രക്ഷേപണം നടന്നു കൊണ്ടേയിരുന്നു.
ദേവദാസ്, മുഗളെ ആസo തുടങ്ങിയ ദുരന്ത പരിവേഷമുള്ള കാല്പനിക കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ ദിലീപ് കുമാറിൻ്റെറ ശബ്ദത്തിന് കണ്ണീർ സ്പർശമുള്ളതായി തോന്നുമായിരുന്നു. റൊമാൻറിക് റോളുകളിലേക്ക് മാറുമ്പോൾ ആ ശബ്ദം അനായസേന പ്രണയ പാരവശ്യത്തിലേക്ക് പരിണമിക്കും. ഉറുദുവിലുള്ള പാണ്ഡിത്യത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും നല്ല പ്രാവീണ്യമുള്ള നടനായിരുന്നു ദിലീപ് കുമാർ. വാക്കുകൾ വളരെ ശ്രദ്ധയോടെ അതിൻ്റെ അർത്ഥവും സൗന്ദര്യവും പൂർണ്ണമായും ഉൾക്കൊണ്ടു മാത്രമേ അദ്ദേഹം ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. അതു കൊണ്ടു തന്നെ ഓരോ ശബ്ദവും അദ്ദേഹത്തിൻ്റെ ചുണ്ടുകൾ കടന്നു വരുന്നത് പൂർണ്ണ ചൈതന്യത്തോടെയായിരുന്നു.
ആസ്വാദകരുടെ കരളലിയിക്കുന്ന രീതിയിൽ സംഭാഷണം അവതരിപ്പിച്ച ദിലീപ് കുമാർ ഭാവാഭിനയത്തിലും ഡയലോഗ് പറച്ചലിലും ഒരു പുതിയ ശൈലിക്കു തുടക്കമിട്ടു. പതിഞ്ഞ, മാധുര്യമൂറുന്ന ശബ്ദത്തിൽ പറഞ്ഞ ഡയലോഗുകൾ നേരെ പ്രേക്ഷകരുടെ ഹൃദയത്തിൽ പതിക്കാൻ പര്യാപ്തമായിരുന്നു. ഭാവാഭിനയത്തോടൊപ്പം ശബ്ദാഭിനയത്തിലും ദിലീപ് കുമാർ ഒരു പുതിയ മാതൃക സൃഷ്ടിച്ചു. പിന്നീട് വന്ന പ്രഗത്ഭ താരങ്ങളെയെല്ലാം ആ മാതൃക സ്വാധീനിച്ചു.
ഗംഗാ യമുന (1961) എന്ന ചിത്രത്തിൽ മരണത്തിലേക്ക് വഴുതിപ്പോകുന്ന ഭാര്യയെ (വൈജയന്തിമാല) വാരിയെടുത്ത് മുഖ്യ കഥാപാത്രമായഭിനയിച്ച ദിലീപ് കുമാർ പറയുന്ന ഡയലോഗ് ആ സിനിമ കണ്ടവരാരും ജീവിതത്തിൽ മറക്കില്ല. നഹീ ധന്നോ … നഹീ… ‘ആജ് അഗർ തുമെ കുച്ഛ് ഹോ ഗയാ തൊ മെം ഇസ് ദുനിയാകൊ ആഗ് ലഗാ ദൂoഗാ… ” (തൻ്റെ പ്രിയതമക്കെന്തെങ്കിലും പറ്റിയാൽ താൻ ഈലോകം കത്തിച്ചാമ്പലാക്കും )എന്നു പറയുന്ന ആ നായക കഥാപാത്രത്തിൻ്റെ ശബ്ദം അഭിനയത്തെ കുറച്ചൊന്നുമല്ല ജ്വലിപ്പിച്ചു നിർത്തിയത്. സ്വന്തം ശബ്ദത്തെ ഭാവത്തോടും ശരീരഭാഷയോടും അസാമാന്യ പാടവത്തോടെ സർഗാത്മകമായി സമന്വയിപ്പിച്ചു ദിലീപ് കുമാർ. അതെ,
ദിലീപ് കുമാർ എന്ന അനശ്വര പ്രതിഭയെ പ്രേക്ഷക ഹൃദയത്തിൽ ജ്വലിപ്പിച്ചു നിർത്തുന്നതിൽ തൻ്റെ പതിഞ്ഞ, മധുര സാന്ദ്രമായ ശബദത്തിനും ചെറുതല്ലാത്ത പങ്കുണ്ട് എന്ന് നിസ്സംശയം പറയാം.
(ആകാശവാണി നിലയം മുൻ മേധാവിയാണ്, ലേഖകൻ)