sumi-jose

‘കോട്ടിട്ടവരും കോട്ടിടാത്തവരും’

മഹാരാജാസ് കോളേജിലെ മലയാളവിഭാഗത്തിൽ വകുപ്പധ്യക്ഷരായിരുന്നവർ പലരും മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും മർമ്മമറിഞ്ഞവരായിരുന്നു. പുതിയഭാവുകത്വങ്ങൾ തിരിച്ചറിഞ്ഞവരും തുടക്കമിട്ടവരും  അവരിൽ ഉണ്ടായിരുന്നു. വകുപ്പധ്യക്ഷപരമ്പരയുടെ തുടക്കം  പണ്ഡിറ്റ് കെ.പി.കറുപ്പനിൽ നിന്നാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളാണ് കാലഘട്ടം. ഇൻഡ്യ സ്വതന്ത്രമാകാത്ത ആ കാലത്ത് ജാതീയവും സാമൂഹ്യവുമായ അസ്വാതന്ത്ര്യങ്ങളും ഏറെയായിരുന്നു.മഹാരാജാവിന്റെ സ്നേഹവാൽസല്യങ്ങൾ നേരിട്ട് അനുഭവിക്കാൻ ഇടവന്നയാളായിരുന്നെങ്കിലും  ‘ബാലാകലേശം’നാടകവും ‘ജാതിക്കുമ്മി’യുമെഴുതി സാഹിത്യപ്രതിഭ സ്ഥാപിച്ചയാളായിരുന്നെങ്കിലും  കറുപ്പൻ മാഷിന് സ്വന്തം രോഗത്തോടുമാത്രമല്ല (പ്ലൂറസി) ഇത്തരം സാമൂഹ്യമായി നില നിന്നിരുന്ന അവശതകളോടും എറണാകുളത്ത് ജോലി ചെയ്തിരുന്ന കാലത്ത് പൊരുതേണ്ടി വന്നിട്ടുണ്ട്. അവർണനായ കറുപ്പൻമാഷിന്റെ വരവിൽ അസന്തുഷ്ടരായി സവർണരായ അധ്യാപകര്‍ ‘കറുപ്പനുണ്ടേൽ  തങ്ങളിനി ജോലിക്ക് വരില്ലെ’ന്ന് ഭീഷണിപ്പെടുത്തിയത് ഓർക്കുക.കൊച്ചി രാജാവിന്റെ മറുപടി, ‘അങ്ങനെയെങ്കിൽ ആ വിഷയങ്ങളും പണ്ഡിറ്റ് കറുപ്പൻ പഠിപ്പിച്ചുകൊള്ളുമെന്നായിരുന്നു ‘. എന്നാൽ, അവസാനകാലത്ത് അദ്ദേഹം ജോലി ചെയ്തിരുന്ന മഹാരാജാസ് കോളേജിനുള്ളിൽ അദ്ദേഹത്തിന് കടുത്ത ജാതിവിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പക്ഷേ, അദ്ദേഹത്തിലെ സാഹിത്യപ്രതിഭ വേണ്ടത്ര അന്ന്  അംഗീകരിക്കപ്പെട്ടിരുന്നോ എന്ന് സംശയമാണ്.

പണ്ഡിറ്റ് കറുപ്പൻ

പണ്ഡിറ്റ് കറുപ്പൻ രോഗംമൂലം അവധിയിൽ പോയപ്പോൾ ജോലിയിൽ പ്രവേശിച്ചയാളാണ് മഹാകവി ജി.പിന്നീടദ്ദേഹവും മലയാളവിഭാഗം അദ്ധ്യക്ഷനായിമാറി.അദ്ദേഹം ‘ഓർമ്മയുടെ ഓളങ്ങ’ളിൽ എന്ന തൻ്റെ ആത്മകഥയിൽ പണ്ഡിറ്റ് കറുപ്പൻ സാഹിത്യത്തിൽ പണ്ടേ പേരു നേടിക്കഴിഞ്ഞിരിക്കുന്നു എന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ജാതി ചോദിക്കുന്നതും പറയുന്നതും സാഹിത്യത്തിൽ വിശേഷിച്ച് അനാവശ്യമാണ് എന്നു പറഞ്ഞു കൊണ്ട് അദ്ദേഹത്തിൻ്റെ എഴുത്തു ശൈലിയെപ്പറ്റിയുള്ള  തൻ്റെ നീരസം പ്രകടമാക്കുന്നുണ്ട്. “ജാതിയുടെ പേരിലുള്ള അനാദരവോ അവഗണനമോ  കറുപ്പൻ സഹിച്ചിരുന്നില്ല. അങ്ങനെയുള്ള ഏതോ ഒരു സംഭവത്തെ പദ്യരൂപത്തിൽ പ്രതിഷേധിക്കുന്ന ഒരു ലഘുകൃതി അദ്ദേഹം എഴുതിയിട്ടുണ്ട്. പേരു മറന്നു പോയിരിക്കുന്നു” (ഓർമ്മയുടെ ഓളങ്ങളിൽ – ജി.). സാഹിത്യകാരണങ്ങളാൽ മാത്രമല്ല മറ്റു പല കാരണങ്ങളാലും മലയാള സാഹിത്യ ചരിത്രത്തിൽ ശ്രദ്ധേയമായതെന്നു കരുതി വരുന്ന  ‘ജാതിക്കുമ്മി ‘ യെക്കുറിച്ചാകണം ജി. ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നോർക്കണം.

എറണാകുളം മഹാരാജാസ് കോളേജ്‌2002-2003 കാലഘട്ടത്തിൽ മലയാള വിഭാഗത്തിൽ വകുപ്പധ്യക്ഷനായിരുന്ന പ്രശസ്ത കഥാകൃത്ത്  സി.അയ്യപ്പനും കറുപ്പനെപ്പോലെതന്നെ ജാതീയമായ അനീതികൾ ജീവിതത്തിൽ മാത്രമല്ല സാഹിത്യത്തിലും സമ്മതിച്ചു കൊടുക്കുന്നയാളായിരുന്നില്ല. സാധാരണക്കാരായ ദളിതർ രൂക്ഷമായ ജാതിപീഡനങ്ങളും വിവേചനങ്ങളും ചൂഷണങ്ങളും  അനുഭവിക്കുന്ന വേളയിലെല്ലാം ‘സവർണനായ ദൈവത്തിൻ്റെ വായിൽ പഴം വന്നു കയറി ‘ എന്ന് തൻ്റെ  കഥകളിൽ ആവർത്തിച്ചെഴുതിയിട്ടുള്ളയാളാണ് അദ്ദേഹം. സവർണദൈവങ്ങളെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ ദളിത് വിലയിരുത്തലുകൾ അദ്ദേഹത്തിൻ്റെ കൃതികളിലാണ്.

ജി. ശങ്കരക്കുറുപ്പ്‌

പണ്ഡിറ്റ് കറുപ്പനുശേഷം വകുപ്പധ്യക്ഷനായത്  ഗ്രാമസൗഭാഗ്യത്തിൻ്റെ കവി കുറ്റിപ്പുറം കേശവൻ നായരാണ്.തിങ്ങിനിറഞ്ഞിരിക്കുന്ന രണ്ടാംഭാഷ ക്ലാസ്സിൽ തങ്ങൾക്കൊപ്പമിരുന്ന് പഠിക്കുന്ന ഒരു വിദ്യാർഥിയെ എഴുന്നേൽപ്പിച്ചു നിർത്തി “നിങ്ങൾക്ക് ചങ്ങമ്പുഴയെ കാണണമോ ? ഇതാണയാൾ “എന്നു പറഞ്ഞു കൊണ്ട് വിദ്യാർഥികളെ ഒന്നടങ്കം അമ്പരപ്പിച്ചു കൊണ്ട് അന്നേ കേരളം മുഴുവൻ ആരാധിക്കപ്പെട്ടിരുന്ന ചങ്ങമ്പുഴയെ  പരിചയപ്പെടുത്തിത്തന്നത് കുറ്റിപ്പുറം കേശവൻ നായരായിരുന്നുവെന്ന് കെ.ആർ  ഗൗരിയമ്മ തൻ്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

മഹാരാജാസിലെ വകുപ്പധ്യക്ഷരിൽ  ഏറ്റവും ജനകീയൻ മഹാകവി ജി ആയിരുന്നു. പ്രഭാഷണശൈലിയിലായിരുന്നു ക്ലാസ്സെടുപ്പ് . അനർഗ്ഗളനിർഗ്ഗളമായി ആ വാഗ്ധോരണി പ്രവഹിക്കും. അന്ന്  തൊട്ടപ്പുറത്തെ നാലുകെട്ടിൻ്റെ ശാഖയിൽ മുപ്പത്  ഭാഷകൾ അറിയാവുന്ന എൽ.വി.രാമസ്വാമി അയ്യർ ഇംഗ്ലീഷ് വിഭാഗത്തിൽ പഠിപ്പിച്ചിരുന്നു. കീറത്തുളകൾ കൊണ്ടലങ്കാരം ചാർത്തിയ പഴഞ്ചൻകോട്ടിട്ടുകൊണ്ട് വരുന്ന അദ്ദേഹം ക്ലാസ്സിൽ പ്രവേശിക്കുമ്പോഴേ പഠിപ്പിച്ചു തുടങ്ങുന്ന ഒരാളായിരുന്നു .ഓരോ കുട്ടിയുടെ അരികിൽ ചെല്ലുമെങ്കിലും ഒരാളെയും ഓർമ്മയിൽ വയ്ക്കാതെ മറ്റേതോ ലോകസഞ്ചാരങ്ങളിൽ മുഴുകിയ ആൾ. ഇതിൽ നിന്നു വ്യത്യസ്തനായിരുന്നു  മലയാള വിഭാഗത്തിൽ അന്നു നേതൃത്വം നൽകിയിരുന്ന ജി.ശങ്കരക്കുറുപ്പ് എന്ന് എം.എൻ.വിജയൻ ഓർക്കുന്നുണ്ട് .’ ക്ലാസിൽ ഒരു കുട്ടിയുടെ പേരോ മുഖമോ അദ്ദേഹത്തിനും എൽ.വി.ആറിനെപ്പോലെ ഓർമ്മയുണ്ടാവില്ലഎങ്കിലും അദ്ദേഹത്തിൻ്റെ ഉജ്വലവും അതി മനോഹരവുമായ ക്ലാസുകളിൽ വിസ്മയപ്പെട്ടു നിൽക്കുന്ന കുട്ടികൾ പരസ്പരം അൽഭുതം കൂറുന്നതു ശ്രദ്ധയിൽപ്പെട്ടെന്നിരിക്കട്ടെ , പ്രഭാഷണത്തിനിടയിൽ പതിയെ മുന്നോട്ട് ചെന്ന് മുമ്പിലിരിക്കുന്ന പുസ്തകമെടുത്ത് പുറത്തേക്കുള്ള വാതിൽ ചൂണ്ടിക്കാട്ടും ‘വിദ്യാർഥി ക്ലാസ് വിട്ട് പോയേ മതിയാകൂ. ജിയുടെ ഈ പ്രഭാഷണശൈലി പല ശിഷ്യഗണങ്ങളും പിൽക്കാലത്ത് തങ്ങളുടെ തനതു ശൈലികൾ കൂടിച്ചേർത്ത് പിന്തുടരുകയുണ്ടായിട്ടുണ്ട്. അതിൽ പ്രമുഖയായ ഒരു വ്യക്തി എന്ന നിലയിൽ എം.ലീലാവതി ടീച്ചറെ മറ്റൊരു വകുപ്പധ്യക്ഷനായ എസ്.ഗുപ്തൻ നായർ തൻ്റെ ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്ര വിഷയങ്ങൾക്ക് കോളേജിൽ പ്രവേശനം കിട്ടുകയെന്നത് മെഡിസിൻ പ്രവേശനത്തേക്കാൾ ദുഷ്കരമായിരുന്ന കാലത്ത് ഒന്നാമതായി മഹാരാജാസ് കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ പ്രവേശനം കിട്ടിയ വിദ്യാർഥിനിയായിരുന്നു എം.ലീലാവതി. അവരെ ബലമായി മലയാളത്തിലേക്ക് തിരിച്ചുവിട്ടത് സാഹിത്യകാരൻ കൂടിയായ കോളേജ് പ്രിൻസിപ്പാൾ പി.ശങ്കരൻ നമ്പ്യാർ ആയിരുന്നു. അന്ന് മഹാരാജാസിൽ പ്രതാപത്തോടെ സയൻസ് വിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും വാണിരുന്നു. ഓക്സ്ഫോർഡ് പഠിത്തത്തിൻ്റെ പ്രതാപത്തിൽ കോട്ടും സൂട്ടുമായി വിലസുന്ന കാലം. പണക്കാരും സവർണ ധനിക കുടുംബത്തിലെ മിടുമിടുക്കരുമായിരുന്നു വിദ്യാർഥികൾ. മലയാളം  അധ്യാപകരെയും വിദ്യാർഥികളെയും വില കുറച്ചു കാണുന്ന കാലം.” കോളേജിലെ കുഴപ്പക്കാർ മലയാളക്കാരാണ് എന്നായിരുന്നു പൊതുധാരണ. കോളേജിലെ മറ്റ് അധ്യാപകരൊക്കെ  ഓക്‌സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്ത് വന്നവരായിരുന്നു. ഇവർക്കിടയിൽ മലയാളം ഭാഷയും ഡിപ്പാർട്ടുമെൻ്റും കൊളോണിയൽ അടിമത്തം അനുഭവിച്ചു. ” (കാലിഡോസ്കോപ്പ് – എം.എൻ.വിജയൻ) .അന്ന് കോട്ടിടാത്ത  അധ്യാപകർ മലയാള വിഭാഗത്തിലേതു മാത്രമായിരുന്നു. പണ്ഡിറ്റ് കെ.പി.കറുപ്പൻ മാത്രമായിരുന്നു അപവാദം. പണ്ഡിറ്റ് കറുപ്പനെ “കോട്ടില്ലാതെ ഞാൻ കണ്ടിട്ടില്ല” എന്നാണ് ജി. ഓർമ്മയുടെ ഓളങ്ങളിൽ എഴുതിയിട്ടുള്ളത്. മലയാളം പഠിച്ചാൽ നേരിടേണ്ടിവരുന്ന ആളുകളുടെ പരിഹാസമോർത്ത് വിതുമ്പിയ വിദ്യാർഥിനിയാണ് പിൽക്കാലത്ത് മഹാരാജാസിലെ ഏറ്റവും പ്രശസ്തയായ അധ്യാപികയും മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള നിരൂപകയുമായി മാറിയത്.  ശീലാവതി മലയാളമെന്നെല്ലാവരും കളിയാക്കുന്നുവെന്ന അവരുടെ പരാതി കേട്ട് അന്നത്തെ അധ്യാപകൻ സി.എൽ.ആൻ്റണി പറഞ്ഞു. ‘നമുക്കിനി മലയാളത്തെ ലീലാവതി മലയാള’മാക്കാം. അതുപോലെ തന്നെ മലയാളത്തിൽ ലീലാവതിവിമർശനരീതിയും സമീപനവും നിലവിൽ വന്നതോർക്കുക ‘ അതുകൊണ്ടാണ് മലയാളത്തെ സംബന്ധിച്ചിടത്തോളം ഈ വകുപ്പു മാറ്റം  ചരിത്ര സംഭവമായി മാറിയെന്ന് സഹപാഠി കൂടിയായഎം.എൻ.വിജയൻ എഴുതിയത്.

മലയാളത്തിലെ ഏറ്റവും വകതിരിവുള്ള വൈയാകരണനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു സി.എൽ.ആൻ്റണി. വിദേശത്തു നിന്നും പുസ്തകങ്ങൾ വരുത്തി വായിക്കും. അദ്ദേഹത്തിൻ്റെ കേരളപാണിനീയഭാഷ്യവും മലയാള ഭാഷാ പഠനങ്ങളും ഇന്നും  ഭാഷാപഠനരംഗത്ത് അതുല്യമായിത്തുടരുന്നു. അദ്ദേഹം ഇരുപത്തഞ്ച് മിനിട്ടു മാത്രമേ ക്ലാസ്സെടുത്തിരുന്നുള്ളൂ എന്ന് എം.എൻ.വിജയൻ എഴുതിയിട്ടുണ്ട്. “ഇനി നമുക്കല്പം രാഷ്ട്രീയം പറയാം”  അദ്ദേഹം പുസ്തകമടച്ചു വച്ചുകൊണ്ട് പറയും. വിദ്യാർഥികളെ അഗാധമായി സ്നേഹിച്ചിരുന്നു. ഒരിക്കൽ വിശന്നുവലഞ്ഞ് എം.എൻ.വിജയൻ തൃശൂരിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നു കയറി. കഴിക്കാനൊന്നും തരാനില്ലല്ലോ താൻ പച്ചക്കറിയല്ലേ എന്നദ്ദേഹം വ്യസനിതനായി.'”ജീവിതത്തിലാദ്യമായി ഞാൻ സി.എൽ.സാറിൻ്റെ വീട്ടിൽ നിന്നും ഇറച്ചി ചേർത്ത കട്ട് ലറ്റ് കഴിച്ചു ” (എം.എൻ.വിജയൻ – കാലിഡോസ്കോപ്പ് ). ഗുരുവിൻ്റെ വ്യസനം മാറ്റാൻ ചിട്ടകൾ വേണ്ടെന്നു വയ്ക്കാൻ മാത്രം ഗാഢതയുള്ള  ഗുരുശിഷ്യബന്ധങ്ങൾ അക്കാലത്തും നിലനിന്നിരുന്നു.
മറ്റൊരു പ്രമുഖനായ വകുപ്പധ്യക്ഷനായിരുന്നു ‘സാഹിത്യ വാരഫലം ‘എഴുത്തുകാരൻ എം.കൃഷ്ണൻ നായർ. ലോക സാഹിത്യത്തിൻ്റെ അപാരതകളിലൂടെയുള്ള അദ്ദേഹത്തിൻ്റെ വാഗ്സഞ്ചാരം കേൾക്കാൻ തൊട്ടടുത്തെ കോളേജായ സെൻ്റ്. ആൽബർട്സിൽനിന്നുവരെ അദ്ദേഹത്തിൻ്റെ ക്ലാസിൽ കുട്ടികളുണ്ടാകുമായിരുന്നു. വയലാർ രാമവർമ്മയെ ‘മാറ്റൊലിക്കവി’യെന്ന് വിശേഷിപ്പിച്ച് വല്ലാതെ വിഷമിപ്പിച്ചത് ഇദ്ദേഹമാണ്.

എം. കൃഷ്ണൻ നായർ

എം.കെ.സാനു അഗാധമായ ജ്ഞാനസന്തോഷം വിദ്യാർഥികൾക്ക് കലവറയില്ലാതെ പകർന്നു നൽകിയ മറ്റൊരു വകുപ്പധ്യക്ഷനായിരുന്നു.കുട്ടികളുടെ വാൽസല്യഭാജനമാകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.എസ്.ഗുപ്തൻ നായരുടെ ക്ലാസ്സിൽ നിന്നും ആധി പിടിച്ചിറങ്ങിയോടിയ ഒരു വിദ്യാർഥിയെ അദ്ദേഹം പിന്തുടർന്ന് പിടികൂടിയതതിനെക്കുറിച്ച് മനസാ സ്മരാമിയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. പിടി കിട്ടുമ്പോൾ ആ ശിഷ്യൻ ഒരു ഹോട്ടലിലേക്ക് പൈപ്പുവെള്ളം നിറച്ച കുടവുമായി പോകുകയായിരുന്നു. ഫീസടയ്ക്കാൻ പറ്റാത്തതിലുള്ള ആധിയാണ് ആ വിദ്യാർഥിയെ ക്ലാസ്സിൽ നിന്നും ഇറങ്ങിയോടാൻ പ്രേരിപ്പിച്ചത്.ആ വിദ്യാർഥിയെ വിസമ്മതം കണക്കാക്കാതെ ആവോളം അദ്ദേഹം സഹായിച്ചു. ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ പേരൂർക്കടയിലെ വീടു കണ്ടത്തി വിദ്യാർത്ഥി  പണം തിരികെ നൽകി അദ്ദേഹത്തെ അമ്പരപ്പിച്ചു തകർത്തു കളഞ്ഞു.  പിന്നീട് ഈ ശിഷ്യൻ മഹാരാജാസിൽ തന്നെ അധ്യാപകനായി എന്നത് മറ്റൊരു കാര്യം. മഹാഭാരതത്തിൻ്റെ അന്തരാളങ്ങളിലൂടെ സഞ്ചരിച്ച് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയ തുറവൂർ വിശ്വംഭരൻ ആയിരുന്നു ആ വിദ്യാർഥി.
ഇനിയും അനേകം പ്രശസ്തരായ വ്യക്തികൾ വകുപ്പധ്യക്ഷരായിരുന്നിട്ടുണ്ട്. ഭാഷാശാസ്ത്രജ്ഞ ഡോ.കെ.രത്‌നമ്മ, പ്രമുഖ പ്രഭാഷകയും നിയമസാമാജികയുമായിരുന്ന നബീസ ഉമ്മാൾ, പാശ്ചാത്യസാഹിത്യദർശനങ്ങളുടെ മർമ്മമറിഞ്ഞ എം.അച്ചുതൻ, രാഷ്ട്രീയാധുനികതയുടെ വിപ്ലവ വഴികൾ കവിതയിലൂടെ ആരാഞ്ഞ കെ.ജി.എസ്.ഇവരെല്ലാം അവരിൽ ചിലർ മാത്രം.
അധ്യാപകരായിരിക്കേ വിജ്ഞാനദാഹികൾ കൂടിയായിരുന്നു ഇവരെല്ലാം എന്നു കാണാം’ തൊഴിലിനപ്പുറം ജീവിത ശൈലിയായി പoനവും പഠിപ്പിക്കലും കണ്ടവർ. ‘ആവോളം തങ്ങളെ പങ്കിട്ടു വിളമ്പാൻ’ തിടുക്കം കാട്ടിയവർ. വാടിയ മുഖങ്ങളോട് ഹൃദയം കൊണ്ടു സംവദിക്കാൻ തങ്ങളുടെ വീടകങ്ങൾ കൂടി തുറന്നിട്ടവർ.2021 മെയ് 31 ന് വിരമിച്ച വകുപ്പധ്യക്ഷനും അത്തരമൊരു മനസ്സിൻ്റെ ഉടമയായിരുന്നു എന്നത് ഏറെ സന്തോഷം തരുന്നു. കവിയും ചിത്രകാരനും  എഴുത്തുകാരനുമായ വിരമിച്ച അവസാനത്തെ  വകുപ്പധ്യക്ഷൻ എസ്.ജോസഫിനെക്കുറിച്ച് പുതുതലമുറവിദ്യാർഥി സമൂഹത്തിൻ്റെ പ്രതിനിധി റെബിൻ (സംസ്ക്യത സർവകലാശാല ഗവേഷണ വിദ്യാർഥി) എഴുതി. “വിശക്കാത്ത വയറിനെ പരിഗണിക്കാത്ത ആരേയും ഗുരുവായി കരുതേണ്ടതി’ല്ലെന്ന് എസ്.ജോസഫ് സാർ എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനത് പറയാൻ ഏറെ അർഹതയുണ്ട്. കവിത പകർന്ന് എൻ്റെ ആത്മാവിൻ്റെ വിശപ്പിനെ മാത്രമല്ല എൻ്റെ ശരീരത്തിൻ്റെ വിശപ്പിനെയും അദ്ദേഹം ആവോളം ശമിപ്പിച്ചിട്ടുണ്ട് “. അധ്യാപക ശ്രേഷ്ഠരാൽ കൊരുക്കപ്പെട്ട അറിവിൻ്റെ ഈ .ചങ്ങല പല തലമുറകൾ കടന്ന് മഹാ ചങ്ങലയായി നീളുന്നു.പലതലമുറ വിദ്യാർഥികൾക്കിടയിലേക്ക് പടർന്നു കിടക്കുന്ന ഈ മഹാപാരമ്പര്യത്തിൻ്റെ കണ്ണികൾക്കൊപ്പം  ഏറ്റവും പുതിയ ലഘുതരക്കണ്ണിയായി പുതിയ വകുപ്പധ്യക്ഷയെന്ന നിലയിൽ ഞാനും ചേരുകയാണ്. മുൻ പറഞ്ഞ മഹാശ്രേഷ്ഠവ്യക്തിത്വങ്ങളുടെ വിജ്ഞാനമികവും അധ്യാപനപാടവവും വിദ്യാർഥി സ്നേഹവും  സൗഹാർദ്ദമനോഭാവവും തൂക്കം കൂട്ടിയ തുലാസ്സിൽ ഈ എളിയ ചെറുകണ്ണി എത്ര കിലോ വരും?
(എറണാകുളം മഹാരാജാസിലെ മലയാള വിഭാഗം മേധാവിയാണ്, ലേഖിക)

Add a Comment

Your email address will not be published. Required fields are marked *