mababy2

കൂട്ടിക്കൊടുപ്പുമുതലാളിത്തവും (crony capitalism) ഇന്ത്യൻ സാഹചര്യവും

കൂട്ടിക്കൊടുപ്പുമുതലാളിത്തവും (crony capitalism) ഇന്ത്യൻ സാഹചര്യവും

എം.എ ബേബി

2022 ഏപ്രില്‍ 6 മുതല്‍ 10 വരെയുള്ള ദിനങ്ങള്‍ ചിട്ടയായ ചര്‍ച്ചയുടേയും തുറന്ന അനൗപചാരിക സംവാദങ്ങളുടേയും നാളുകളായിരുന്നു സി.പി.ഐ (എം)ന്. രാഷ്ട്രീയപ്രമേയം, രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ട്, കാലിക പ്രസക്തിയുള്ള പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള പ്രമേയങ്ങള്‍, പാർട്ടിഭരണഘടനാഭേദഗതികള്‍; പുതിയ കേന്ദ്രകമ്മിറ്റി, കണ്‍ട്രോള്‍ കമ്മീഷന്‍ എന്നിവയുടെ ജനാധിപത്യപരമായ
തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാനകടമകള്‍ യഥോചിതം ഇവിടെ നിര്‍വ്വഹിക്കപ്പെട്ടു.

മഹനീയമായ ഇന്ത്യന്‍ ഭരണഘടനാസങ്കല്പങ്ങളെ, ഒരു നിഗൂഢപദ്ധതിയുടെ ഭാഗമായി ആപൽക്കരമാംവിധം അടിമുടി അഴിച്ചുപണിയുന്ന നടപടികള്‍, ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍.എസ്സ്.എസ്സ് നിയന്ത്രണത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ആരംഭിച്ചുതുടങ്ങിയ അതീവഗുരുതരമായ
പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്. അതുകൊണ്ടുതന്നെ ഭരണഘടനാ ഉറപ്പു നല്‍കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചു പിടിക്കുക, സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം ശക്തമാക്കുക എന്നിവയാണ് അടിയന്തിര രാഷ്ട്രീയ കടമകളായി സി.പി.ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചത്. തൊഴിലാളികളും കൃഷിക്കാരും, കാര്‍ഷികത്തൊഴിലാളികളും അസംഘടിത മേഖലയിലുള്ളവരും സ്ത്രീകള്‍, ആദിവാസികള്‍, തൊഴില്‍രഹിത യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ‘അയിത്ത’ ജാതിക്കാരായി മുദ്രയടിക്കപ്പെട്ടവർ , കീഴാളർ , ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെല്ലാം അനുഭവിക്കുന്ന ദുസ്സഹമായ ജീവിത സാഹചര്യങ്ങള്‍ തിരുത്തുവാനുള്ള ജനകീയസമരങ്ങളും അത്യന്തം മര്‍മ്മപ്രധാനമാണ്. അതിനാൽ സാമ്പത്തിക ചൂഷണവും ജാതീയ അടിച്ചമര്‍ത്തലുമെന്ന ഇന്ത്യയിലെ രണ്ട് കേന്ദ്രപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള സംയുക്തസമരങ്ങള്‍ മതവര്‍ഗ്ഗീയതക്കെതിരായ വിശാലസമരത്തിനൊപ്പം ശ്രദ്ധാപൂർവ്വം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വര്‍ഗ്ഗീയതക്കെതിരായ സമരം രാഷ്ട്രീയമായി കേന്ദ്രസ്ഥാനത്തുണ്ട്. എന്നാല്‍ വര്‍ഗ്ഗസമരം ശക്തിപ്പെടുന്നതും വ്യാപകമാകുന്നതും വര്‍ഗ്ഗീയതക്കെതിരായ സമരത്തിനും ജനതയുടെ ഐക്യമുന്നേറ്റത്തിനും കൂടുതൽ കരുത്തുപകരും.

സി.പി.ഐ (എം) മാത്രമല്ല; ഇടതുപക്ഷ പുരോഗമനശക്തികളും പൊതുവേ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭമാണ് ഇത്. അതുകൊണ്ട് പശ്ചിമബംഗാളിലും ത്രിപുരയിലും മറ്റിടങ്ങളിലും ജനസ്വാധീനത്തില്‍ ഉണ്ടായ ചോര്‍ച്ച തടയുകയും നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കുകയും കൂടുതല്‍ ശക്തി നേടിയെടുക്കുകയും വേണം. അതിന് പാര്‍ട്ടി പ്രവര്‍ത്തനത്തിലേയും സമരരീതിയിലേക്കും ആവര്‍ത്തന വിരസത തിരുത്തി ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കാനാവണം. ഇക്കാര്യത്തില്‍ എല്ലാ തലങ്ങളിലും ഗൌരവപൂർണ്ണമായ സ്വയം വിമർശനവും ശാസ്ത്രീയമായ തിരുത്തലുകളും ആവശ്യമാണ്. നേതൃത്വഘടകങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മാതൃകയാവണം.

സംഘപരിവാറിന്റെ അക്രാമകമായ വർഗ്ഗീയതയെ മുക്കാൽവർഗ്ഗീയതകൊണ്ടുനേരിടാമെന്ന അസംബന്ധമാണ് അതിൽ ഏറ്റവും ആത്മഹത്യാപരം !

കൂടുതല്‍ ചെറുപ്പക്കാരേയും അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവരേയും വനിതകളേയും എല്ലാതലങ്ങളിലും പുതിയ ചുമതലകള്‍ ഏല്പിച്ച് പാര്‍ട്ടിയുടേയും നാടിന്റെയും ഭാവി സംബന്ധിച്ച പ്രതീക്ഷയും ഉറപ്പും സൃഷ്ടിക്കാനാവശ്യമായ ശ്രദ്ധാപൂർവ്വകമായശ്രമങ്ങളും അത്യന്താപേക്ഷിതമാണ്. നിശ്ചിതപ്രായപരിധി കഴിഞ്ഞാല്‍ വിവിധതലങ്ങളിലെ കമ്മിറ്റികളില്‍ നിന്ന് ഏറ്റവും മുതിര്‍ന്ന കുറേ സഖാക്കള്‍ മാനദണ്ഡപ്രകാരം ഒഴിഞ്ഞുകൊടുത്തുകൊണ്ട് യുവതലമുറയില്‍പെട്ടവരെ പ്രസ്തുത ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കുന്ന രീതി ഇപ്പോൾ നിലവിൽവന്നിട്ടുണ്ട്. ഇത് ഭരണഘടന ഭേദഗതിയിലൂടെ പാര്‍ട്ടിയുടെ സംഘടനാതത്ത്വമാക്കി എന്ന വളരെ പ്രധാനപ്പെട്ട തീരുമാനം ഈ പാര്‍ട്ടി കോണ്‍ഗ്രസ്സ് കൈകൊള്ളുകയുണ്ടായി. അതെത്ര വയസ്സുവരെ എന്നത് അതത് സമയത്തെ സ്ഥിതി പരിശോധിച്ച് തീരുമാനിക്കാവുന്നതാണ്. ഇപ്പോൾ 75 വയസ്സ് ആണ് കമ്മിറ്റികളിൽ തുടരുന്നവർക്ക് പരമാവധി അനുവദനീയമായ പ്രായം . നിശ്ചിത എണ്ണം വനിതകള്‍ പാര്‍ട്ടി ഘടകങ്ങളില്‍ നിർബന്ധമായും ഉള്‍പ്പെടുത്തപ്പെടുമെന്ന് ഉറപ്പുവരുത്തുന്ന ഭരണഘടന ഭേദഗതിയും പാസ്സാക്കപ്പെട്ടു. തടയാൻഎത്രശ്രമിച്ചാലും പുരുഷാധിപത്യപരമായ സ്വഭാവം സമൂഹത്തിൽ തുടരുമ്പോൾ അതിന്റെ സ്വാധീനം ഏറിയും കുറഞ്ഞും ജനാധിപത്യ പ്രസ്ഥാനങ്ങളിലും കിനിഞ്ഞിറങ്ങാം. ഇതിനെതിരേ നിരന്തരസമരം ബോധപുർവ്വം തുടർന്നുകൊണ്ടേയിരിക്കണം. അത് പ്രസ്ഥാനത്തിന്റെ പൊതുബോധത്തിന്റെ ഭാഗമാകുമ്പോൾ മാത്രമേ സ്ത്രീതുല്യത നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരുപരിധിവരെയെങ്കീലും പരിഹാരം കാണാൻ സാധിക്കുകയുള്ളു. പാര്‍ട്ടികേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പോരാട്ടങ്ങളിലൂടെയും സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും പരിശീലിപ്പിക്കപ്പെട്ട പരിചയസമ്പന്നരും യുവാക്കളുമടങ്ങുന്ന ഒരു നിരയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രകമ്മിറ്റി അംഗസംഖ്യ 95ൽനിന്ന് 85 ആയി കുറച്ചെങ്കിലും വനിതാ പ്രാതിനിധ്യം ഉയരുകയാണ് ചെയ്തത്.

‘ഫാസിസ്റ്റി’ക്കായ നരേന്ദ്രമോഡി വാഴ്ചക്ക് അന്ത്യം കുറിക്കാനുള്ള സമരത്തില്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഉശിരന്‍ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കുന്നതിനാണ് ഏറ്റവും പ്രാമുഖ്യം എന്ന് പാർട്ടികരുതുന്നു. കാരണം വർഗ്ഗീയ ഫാസിസ്റ്റ് പ്രവണതകൾക്കെതിരേ അചഞ്ചലമായ സമരം – രാഷ്ട്രീയമായും പ്രത്യശാസ്ത്രപരമായും സംഘടനാപരമായും മറ്റെല്ലാ നിലയിലും – ഇടതുപക്ഷമാണ് പ്രതിബദ്ധതയോടെയും ത്യാഗപൂർവ്വവും ഏറ്റെടുത്തിട്ടുള്ളത് എന്നകാര്യം കണ്ണടച്ച് ഇരുട്ടാക്കാത്തവർക്കെല്ലാം അറിയാവുന്നതാണ്. എന്നാൽ മഹാത്മാഗാന്ധിജിയുടേയും പണ്ഡിറ്റ് നെഹ്രുവിന്റേയും പാരമ്പര്യമുണ്ടെന്ന് നിസ്സങ്കോചം അവകാശപ്പെടുന്ന – നമ്മുടെ രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ദീർഘകാലം അതിഭീമമായ ഭൂരിപക്ഷത്തോടെ ഭരിച്ച , ഭാരിച്ച ഭൂതകാലപാരമ്പര്യമുള്ള ഒരുപാർട്ടിയുടെ നേതാവും കേരളത്തിൽനിന്നുള്ള ലോക്സഭാംഗവുമായ വ്യക്തി ‘ഞങ്ങൾ ഹിന്ദുരാക്ഷ്ടത്തിന് എതിരാണെങ്കിലും ഹിന്ദുരാജ്യത്തിന് അനുകൂലമാണ് ‘ എന്ന് ഒന്നിലേറെത്തവണ തട്ടിവിട്ടത് മറക്കാറായിട്ടില്ല. ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പു സമരത്തില്‍ സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് ഇടതുപക്ഷ ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായും ആവശ്യമായ തോതിലുള്ള നീക്കുപോക്ക് – തെരഞ്ഞെടുപ്പു കൂട്ടുകെട്ടല്ലാത്ത തരത്തിൽ അനുവദനീയമാണെന്ന് കഴിഞ്ഞപാർട്ടികോൺഗ്രസ്സിൽത്തന്നെ തീരുമാനിച്ചുകഴിഞ്ഞതാണ്. ഇത് എപ്രകാരം പ്രായോഗികമാകാമെന്നതിന് തൊട്ടയൽ സംസ്ഥാനമായ തമിൾനാട് ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. ബി ജെ പി ഉയർത്തുന്ന വെല്ലുവിളി ചർച്ച ചെയ്യുമ്പോൾ ഉയർന്നുവരുന്ന ഒരു സുപ്രധാനമായ കാര്യം കോൺഗ്രസ്സ് നയങ്ങൾ ആണ്
ബിജെപിയെപലവിധത്തിൽ പരിപോഷിപ്പിക്കുന്നത് എന്നതാണ് .

ബി ജെ പിയെയും കൂട്ടാളികളേയും തോൽപ്പിക്കുവാൻ ആ സീറ്റിൽ ഏറ്റവും സാദ്ധ്യതയുള്ള സ്ഥാനാർത്ഥിക്ക്- അത് അഥവാ അവസരവാദി കോൺഗ്രസ്സ് പ്രതിനിധിയായാൽപ്പോലും – വോട്ടുരേഖപ്പെടുത്താൻ ഞങ്ങൾ മടിക്കില്ല.

കോൺഗ്രസ്സ് നയസമീപനങ്ങളും പ്രവൃത്തികളും ചുരക്കി പരിശോധിച്ചാൽ ഇത് വ്യക്തമാവും. സംഘപരിവാറിന്റെ അക്രാമകമായ വർഗ്ഗീയതയെ മുക്കാൽവർഗ്ഗീയതകൊണ്ടുനേരിടാമെന്ന അസംബന്ധമാണ് അതിൽ ഏറ്റവും ആത്മഹത്യാപരം ! ഇതിന്റെകൂടി ഉപോൽപ്പന്നമാണ് രണ്ടാമത്തെ അപകടം: കൂട്ടത്തോടെ കോൺഗ്രസ്സ് നേതാക്കൾ ബി ജെ പിയിൽ ചേക്കേറുന്ന മൊത്തക്കച്ചവട രാഷ്ട്രീയം സാദ്ധ്യമാവുന്നത് കോൺഗ്രസ്സ് താൽക്കാലികരാഷ്ട്രീയ ലാഭം നേടാമെന്ന തെറ്റായ കണക്കുകൂട്ടലിൽ നേർപ്പിച്ച വർഗ്ഗീയക്കളികളിലേർപ്പെടുന്നതാണ്. മൂലധനശക്തികൾക്ക് അനിയന്ത്രിതകൊള്ളലാഭംകൊയ്തുകൂട്ടാൻ ഹീനമായിസൌകര്യമൊരുക്കുന്ന കൂട്ടിക്കൊടുപ്പുമുതലാളിത്തം (crony capitalism)യഥാർത്ഥത്തിൽ കോൺഗ്രസ്സും ബിജെപിയും ഒരുപോലെ പിതൃത്വം അവകാശപ്പെടുന്ന ജനവിരുദ്ധ കാര്യപരിപാടായാണല്ലോ. അങ്ങനെ ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള വേർതിരിവ് അവ്യക്തമാക്കുന്ന കോൺഗ്രസ്സ് നയവ്യതിയാനങ്ങളാണ് ആ പാർട്ടിയുടെ അസ്തിത്വപ്രശ്നമായി ഇപ്പോൾ സംഹാരരൂപും പ്രാപിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാമാണെങ്കിലും , നയപരമായി തുറന്നമനസ്സോടെ ഇടതുപുരോഗമനശക്തികൾക്ക് ഒരുകാര്യം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് വോട്ടുരേഖപ്പെടുത്തുവാൻ കഴിയുന്ന ഒരുസ്ഥാനാർത്ഥി ഏതെങ്കിലും ഒരുസീറ്റിൽ ഇല്ലെന്നുവരുന്ന സാഹചര്യത്തിൽ, ബി ജെ പിയെയും കൂട്ടാളികളേയും തോൽപ്പിക്കുവാൻ ആ സീറ്റിൽ ഏറ്റവുംസാദ്ധ്യതയുള്ള സ്ഥാനാർത്ഥിക്ക്- അത് അഥവാ അവസരവാദി കോൺഗ്രസ്സ് പ്രതിനിധിയായാൽപ്പോലും – വോട്ടുരേഖപ്പെടുത്താൻ ഞങ്ങൾ മടിക്കില്ല എന്ന നിലപാടാണത്.

എന്നാൽ കോൺഗ്രസ്സ് നയമോ? ബിജെപിവിരുദ്ധ തെരഞ്ഞെടുപ്പു സമരം നയിക്കുന്നതിനുപകരം അവർക്കെതിരായസമരഭൂമി ഉപേക്ഷിച്ച് ഇടതുജനാധിപത്യമുന്നണിയുടെ സിപി ഐ സ്ഥാനാർത്ഥിക്ക് എതിരായി വയനാട്ടിൽ വന്ന് മൽസരിക്കുകയല്ലേചെയ്തത്? എത്രമാത്രം ഹ്രസ്വ രാഷ്ട്രീയ വീക്ഷണമാണ് കോൺഗ്രസ്സ് നേതൃത്വത്തിനുള്ളതെന്ന് ഇതിൽനിന്ന് വേണ്ടതിലേറെ വ്യക്തമാണ്. എന്നാൽ ബിജെപിയെയും കൂട്ടാളികളേയും തറപറ്റിക്കാൻ കോൺഗ്രസ്സ് ഇതരശക്തികളെയാവും ഞങ്ങൾ ആദ്യമായി ആശ്രയിക്കുകയെങ്കിലും മറ്റുമാർഗ്ഗമില്ലെന്നസ്ഥിതി എവിടെയെങ്കിലും ഉണ്ടായാൽ കോൺഗ്രസ്സിന് വോട്ടുചെയ്തായാലും വിഷലിപ്തമായ സംഘപരിവാർഭീഷണിക്ക് അറുതിവരുത്താനാണ്ഞങ്ങൾ ശ്രമിക്കുക. അതിവേഗം ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് ബദൽശക്തിയാണ് തങ്ങൾ എന്ന് ജനങ്ങളോടുപറഞ്ഞ് അവരുടെ വിശ്വാസം ആർജിക്കാൻ കഴിയാത്തവിധം ദയനീയാവസ്ഥയിലായിരിക്കുന്നു എന്ന സാഹചര്യവും കാണാതിരിക്കാനാവില്ല. ഇതൊന്നുംമനസ്സിലാകാത്തതുപോലെ ബംഗാൾ – കേരള തർക്കം എന്നമട്ടിൽ ചിലമാദ്ധ്യമങ്ങൾ വൃഥാവ്യായാമം നടത്തുകയാണ്.

അതുകൊണ്ട് പാർട്ടിയെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രസക്തമായ ഒരുവിഷയമാണ് ഇക്കൂട്ടർ വിവാദമാക്കാൻശ്രമിച്ചത്. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത സംയുക്ത സമരങ്ങള്‍, എല്ലാതരം വര്‍ഗ്ഗീയതകള്‍ക്കുമെതിരായ ആശയ രാഷ്ട്രീയസമരങ്ങള്‍, സി.പി.ഐ (എം)ന്റെ സ്വതന്ത്രമായ വളര്‍ച്ചക്ക് വേണ്ടിയുള്ള ശ്രദ്ധാപൂര്‍വ്വമായ പരിശ്രമങ്ങള്‍, രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നിരന്തരമായ ബഹുജന പോരാട്ടങ്ങളും ആശയസമരങ്ങളും-കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ ബദല്‍ വികസന-ജനക്ഷേമ-പദ്ധതികള്‍ ഇന്ത്യയിലാകെ ജനസാമാന്യത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള നിരന്തരശ്രമങ്ങൾ സംയുക്തകര്‍ഷക സമരവിജയത്തിന്റെ പാഠങ്ങള്‍ സ്വാംശീകരിച്ച് വിവിധ വിഭാഗം ജനങ്ങളുടെ ഭാവി സമര പദ്ധതികള്‍ക്ക് അവശ്യം വേണ്ട മാറ്റങ്ങളോടെ മാതൃകയാക്കല്‍… ഇങ്ങനെ മുന്‍ കാല അനുഭവപാഠങ്ങള്‍ ഭാവി പോരാട്ടപാതകള്‍ വികസിപ്പിക്കുന്നതിന് ശാസ്ത്രീയമായി ഉപയോഗപ്പെടുത്തും എന്ന ദൃഢപ്രതിജ്ഞയോടെയാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് സമാപിച്ചത്.

ഒരുവർഷത്തിനുള്ളിൽ അടുത്ത ലോക്സഭാതെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുകയായി. അതിന്റെ തയ്യാറെടുപ്പിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ വൈകിക്കൂടാ. ആ അർത്ഥത്തിലല്ലെങ്കിലും 23 -ാം പാർട്ടികോൺഗ്രസ്സ് വേളയിൽനടന്ന കേന്ദ്രസംസ്ഥാന ബന്ധങ്ങളെ പ്പറ്റിയുള്ളസെമിനാർ വളരെ അർഥപൂർണ്ണമായിരുന്നു. സാമ്പത്തിക-രാഷ്ട്രീയമേഖലകളിൽ സംസ്ഥാനങ്ങളെ ഞെരുക്കീയമർത്തുകയും ശ്വാസംമുട്ടിക്കുകയും ചെയ്യുന്ന മോഡി സർക്കാരിന്റെ അമിതാധികാരമുഷ്ക്ക് അസഹനീയവും അപലപനീയവുമാണ്. പുതിയരാഷ്ട്രീയ സമവാക്യങ്ങൾ മോഡിയുടെ ദുർഭരണത്തിനെതിരേ വികസിപ്പിച്ചെടുക്കുന്നതിൽ പ്രതീക്ഷപകരാൻ തമിൾനാട് മുഖ്യമന്ത്രി സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായിയും ഒത്തുചേർന്ന ,കേന്ദ്ര- സംസ്ഥാനബന്ധങ്ങൾ സംബന്ധിച്ച കണ്ണൂർ സെമിനാർ സഹായിച്ചു. കോൺഗ്രസ്സ് നേതൃത്വത്തിന്റെവിലക്ക് വകവെക്കാതെ ഇതേ സെമിനാറിൽ എ ഐ സി സി അംഗം പ്രൊഫസർ കെ വി തോമസ് പങ്കെടുത്തത് കോൺഗ്രസ്സിന്റെ അവസരവാദനയങ്ങൾക്കെതിരേ അതിനുള്ളിൽത്തന്നെ ആശയസമരം രൂപപ്പെടുന്നൂ എന്നതിന്റെതെളിവാണ്.
എന്തായാലും കേരളരാഷ്ട്രീയത്തിലും ഇന്ത്യൻരാഷ്ട്രീയത്തിലും ശ്രദ്ധേയമായ ചലനങ്ങൾ രൂപപ്പെടുന്നതിന്റെ സൂചനകൾ ഉയർന്നുവരുന്നുണ്ട്.

Add a Comment

Your email address will not be published. Required fields are marked *