mvj

ഇന്ത്യൻ മഹാസംഗമം

ഇന്ത്യൻ മഹാസംഗമം

എം വി ജയരാജൻ

 

സി.പി.ഐ (എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ. അവസാനിച്ചു. കോവിഡ് കാലത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ‘ഇന്ത്യൻ സംഗമ’ത്തിനാണ് പാർട്ടി കോൺഗ്രസ് വേദിയായത്. അതിൻ്റെ മുഖ്യ സംഘാടകനായി നിറഞ്ഞു നിന്ന സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പാർട്ടി കോൺഗ്രസ്സിനെ വിലയിരുത്തുന്നു.

 

പാർട്ടി കോൺഗ്രസ് വൻ വിജയമാക്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. സഹകരിച്ചവർ സിപിഐ(എം) പ്രവർത്തകരും സഹയാത്രികരും മാത്രമല്ല, മറ്റ് രാഷ്ട്രീയ അഭിപ്രായമുള്ളവരും സാഹിത്യ-സാംസ്‌കാരിക നായകരും കലാകായിക താരങ്ങളും പ്രവാസികളും മതപണ്ഡിതന്മാരും വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരുമാണ്. വിവിധ പരിപാടികളിൽ പങ്കെടുത്തും പാർട്ടിയെപ്പറ്റിയും പാർട്ടി കോൺഗ്രസ്സിനെപ്പറ്റിയും നല്ല പ്രതികരണങ്ങൾ നടത്തിയുമാണ് അവർ സഹകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ പാർട്ടി നേതാക്കളും, പ്രതിനിധികളും, ജനങ്ങളും സമ്മേളനത്തിന്റെ ചിട്ടയായ സംഘാടനത്തെക്കുറിച്ച് വലിയ മതിപ്പാണ് രേഖപ്പെടുത്തിയത്. ചില മാധ്യമങ്ങളും അക്കാര്യം റിപ്പോർട്ട് ചെയ്തു. ഈ ജനകീയ അംഗീകാരമാണ് 2 മാസക്കാലം വിശ്രമില്ലാതെ നിസ്വാർത്ഥമായി പ്രവർത്തിച്ച സ്വാഗതസംഘം പ്രവർത്തകന്മാർക്ക് സംതൃപ്തി നൽകുന്നത്. ആതിഥേയരായ കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ കടമയാണ് സമ്മേളനത്തിൽ പങ്കെടുക്കാെനത്തിയവർക്കെല്ലാം സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നത്. സ്വാഗതസംഘം ചെയർമാൻ പിണറായി വിജയന്റെയും, ജനറൽ കൺവീനർ കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സ്വാഗതസംഘം എക്‌സിക്യൂട്ടിവ് കമ്മിറ്റിയും, 27 സബ്കമ്മിറ്റികളും ജനുവരി 17 മുതൽ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്. ജില്ലയിലെ പാർട്ടിയുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ വിജയം. ഒറ്റ മനസ്സോടെ അനുഭാവി മുതൽ പാർട്ടി നേതാവ് വരെ പാർട്ടി കോൺഗ്രസ്സ് വിജയിപ്പിക്കാൻ രംഗത്തിറങ്ങി. പതിനായിരത്തിലേറെ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച പാർട്ടി കോൺഗ്രസ്സ പ്രവർത്തനങ്ങൾ രാഷ്ട്രീയ എതിരാളികൾക്കോ മറ്റുള്ളവർക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ ശ്രദ്ധേയമായത്. സമ്മേളനത്തിനാവശ്യമായ വിഭവസമാഹരണവും, മനുഷ്യധ്വാനവും കണ്ണൂർ ജില്ലയിൽ നിന്ന് മാത്രമാണ് സമാഹരിച്ചത്. 1000ത്തിലധികം വരുന്ന വളണ്ടിയർമാർ സദാസമയം സേവന സന്നദ്ധരായി വിവിധ കമ്മിറ്റികളുടെ ചുമതലകൾ നിർവ്വഹിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവി 1937ൽ കോഴിക്കോടാണെങ്കിലും 39ലെ പാറപ്രം സമ്മേളനമാണ് വിപ്ലവ പ്രസ്ഥാനത്തിന് കരുത്തും ഊർജ്ജവും പകർന്നത്. അതുകൊണ്ട് തന്നെ കണ്ണൂരിൽ ആദ്യമായി നടക്കുന്ന പാർട്ടി സമ്മേളനം വൻവിജയമാക്കി മാറ്റാൻ ആവേശപൂർവ്വം എല്ലാവരും രംഗത്തിറങ്ങി.

കുടുംബയോഗങ്ങളും പ്രഭാഷണങ്ങളും സെമിനാറുകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആദ്യകാല പാർട്ടി പ്രവർത്തകരേയും, നേതാക്കളേയും ആദരിച്ചു. കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാരും കോൺഗ്രസ് വിലക്ക് ലംഘിച്ച് പങ്കെടുത്ത പ്രൊഫ. കെ.വി. തോമസും അണിനിരന്ന സെമിനാർ റാലി പോലെ ജനനിബിഡമായി സ്‌റ്റേഡിയം ഗ്രൗണ്ടിനെ ഇളക്കിമറിച്ചു. സാംസ്‌കാരിക സമ്മേളനമാവട്ടെ, വിവിധ ഭാഷകളുടെ സംഗമേേവദിയായി മാറി. കോൺഗ്രസ് നേതൃത്വം ക്ഷണിക്കപ്പെട്ട അവരുടെ നേതാക്കളോട് സെമിനാറുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയതും സെമിനാർ വൻ വിജയമാകുന്നതിന് ഇടവരുത്തി. അതിന് അവരോട് നന്ദിപറയുമ്പോൾ തന്നെ ദേശീയ പ്രാധാന്യമുള്ള ആശയസംവാദത്തെ ഭയപ്പെടുന്നതും ബിജെപി ഇല്ലെങ്കിൽ സെമിനാറിൽ കോൺഗ്രസ്സുമില്ലെന്ന നിലപാടും ദൗർഭാഗ്യകരമാണ്. കെ.പി.സി.സി. നേതൃത്വത്തിന്റെ ഈ മണ്ടൻ തീരുമാനത്തെ ഹൈക്കമാന്റ് പിന്തുണച്ചത് ആ പാർട്ടിയുടെ പതനമാണ്.

കലാകായിക മത്സരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് പ്രോഗ്രാം പോലെ മെഗാ ക്വിസ് പരിപാടി കൂടുതൽ പേർ രജിസ്റ്റർ ചെയ്തതുകൊണ്ട് ആദ്യഘട്ടം ഓൺലൈനായി നടത്തേണ്ടിവന്നു. അതിൽ നിന്നും വിജയികളായി എത്തിയവരെ പങ്കെടുപ്പിച്ച് നടത്തിയ മത്സരമാവട്ടെ, റിക്കാർഡ് സൃഷ്ടിച്ച ഒന്നായിരുന്നു. മിക്കവാറും കായിക ഇനങ്ങളിൽ ജില്ലയെമ്പാടും മത്സരങ്ങൾ നടന്നു. 5000 കേന്ദ്രങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളും 11000ലധികം വരുന്ന കിടപ്പുരോഗികളെ സന്ദർശിച്ച് സാന്ത്വനപരിചരണ പ്രവർത്തനം സംഘടിപ്പിച്ചതും 23 സ്‌നേഹവീടുകൾ പാവങ്ങൾക്ക് വേണ്ടി നിർമിച്ചുകൊടുത്തതും ജീവകാരുണ്യ-സേവന മേഖലയിൽ സിപിഐ(എം) നടത്തിയ ഇടപെടലായിരുന്നു.

നാടും നഗരവും ഇളക്കി മിറച്ച പ്രചരണമാണ് ജില്ലയെമ്പാടും നടന്നത്. 5000ത്തോളം സംഘാടകസമിതി ഓഫീസുകളും നൂറുകണക്കിന് ശിൽപങ്ങളും, മൺമറഞ്ഞ് പോയ നേതാക്കളുടെ 1000ലേറെ സ്മാരക കവാടങ്ങളും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒരുക്കു. കൊടിതോരണങ്ങളും, മറ്റ് പ്രചരണ സാമഗ്രികളും ഏപ്രിൽ 17നകം നീക്കം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകേരാട് അഭ്യർത്ഥിക്കുന്നു. നിരവധി പ്രചരണ സാമഗ്രികൾ ഉള്ളത് കൊണ്ടാണ് ഒരാഴ്ചക്കാലം എടുക്കുന്നത്. ചരിത്രവീഥി, ചരിത്രമതിൽ, സ്‌കാർലെറ്റ് എന്നിങ്ങനെ വിവിധ പേരുകളിൽ നടത്തിയ രിത്രകാരന്മാരുടെയും ശില്പികളുടെയും ക്യാമ്പുകളിലും ജില്ലയിലെയും സമീപജില്ലകളിലെയും പ്രമുഖർ പങ്കെടുത്തു. നാടെമ്പാടും ചുമരെഴുത്തുകളും ആകർഷകമായ ബോർഡുകളും കമാനങ്ങളും ഉയർന്നു. വിളംബര ജാഥകൾ കണ്ണൂർ നഗരത്തിലും 231 കേന്ന്രുങ്ങളിലും നടത്തി. കയ്യൂർ രക്തസാക്ഷി ദിനത്തിൽ നടത്തിയ പതാക ദിനം പാർട്ടി അംഗങ്ങളുടെയും അനുഭാവിഗ്രൂപ്പ് അംഗങ്ങളുടെയും വീടുകളിലും 5000 കേന്ദ്രങ്ങളിലും പതാക ഉയർത്തി ആചരിച്ചു. 23 കിലോമീറ്റർ ദൈർഘ്യമുള്ള ഏക പാർട്ടി പതാകയേന്തിയ പരിപാടി യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിന്റെ ലോക റിക്കാർഡിൽ സ്ഥാനം പിടിച്ചത് ആവേശകരമായി. പൊതു സമ്മേളന നഗറിൽ (എ.കെ.ജി.നഗർ) ഉയർത്താനുള്ള പതാക വയലാറിൽ നിന്നും, കൊടിമരം കയ്യൂരിൽ നിന്നുമാണ് കൊണ്ടുവന്നത്. ഏപ്രിൽ 5 ന് ജില്ലാ അതിർത്തികളിൽ വെച്ച് രണ്ട് ജാഥകളെയും സ്വീകരിക്കുകയും, സ്വാഗതസംഘം ചെയർമാൻ സ: പിണറായി വിജയൻ പതാക ഉയർത്തുകയും ചെയ്തു.

‘ചരിത്രം ഒരു സമരായുധം’ എന്ന ചരിത്ര ചിത്ര പ്രദർശനം 5 ലക്ഷത്തിലധികം പേർ സന്ദർശിച്ചു. സന്ദർശകബാഹുല്യം മൂലം ചില ദിവസങ്ങളിൽ സംഘാടകർക്ക് പ്രയാസമുണ്ടായെങ്കിലും ശില്പങ്ങളും ചിത്രങ്ങളും ഇൻസ്റ്റലേഷനുകളുമെല്ലാം ഉൾക്കൊള്ളുന്ന പ്രദർശനം എല്ലാവർക്കും ഹൃദ്യമായി അനുഭവപ്പെട്ടു. 30 പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്ത അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 50 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങൾ വില്പന നടത്തി. ഗ്രന്ഥാലയങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ 114 പുതിയ ഗ്രന്ഥാലയങ്ങൾ കണ്ണൂർ ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. ഈ ഗ്രന്ഥാലയങ്ങളിലേക്ക് പുസ്തകങ്ങൾ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നിന്നും 25 പ്രമുഖ വ്യക്തികൾ 5000 മുതൽ 10000 രൂപ വരെ വിലയുള്ള പുസ്തകങ്ങൾ സംഭാവന നൽകി.

രണ്ടു നാൾ ധർമ്മശാലയിൽ നടത്തിയ ശാസ്ത്രമേള ശാസ്ത്രം ജനനന്മയ്ക്ക് എന്ന സന്നേുശമാണ് ഉയർത്തിയത്. കുറച്ചു ദിവസം കൂടി ശാസ്ത്രമേള നടത്തണെമന്ന അഭി്രപായം പലരും പറയുകയുണ്ടായി. ശാസ്ത്രത്തെയും ചരിത്രെത്തയും സംഘപരിവാർ രാഷ്ട്രീയത്തിനനുകൂലമായി മാറ്റിയെടുക്കാൻ പരി്രശമിക്കുന്ന സന്ദർഭത്തിൽ ചരിത്ര പ്രദർശനവും ശാസ്ത്രമേളയും സത്യം ജനങ്ങളിലെത്തിക്കാൻ വളരെയേയറെ സഹായകമായി.

ഉണർത്തു പാട്ടുകളും പോരാട്ട ചരിത്രവും ചില പ്രത്യേക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന അഭിമുഖങ്ങളും ജനങ്ങളിലെത്തിക്കാൻ ജില്ലയെമ്പാടും എൽ.ഇ.ഡി വാഹനമുപയോഗിച്ച് പര്യടനം നടത്തുകയുണ്ടായി. സോഷ്യൽ മീഡിയ-മീഡിയ ക്രിയേറ്റീവ് സബ്കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് മാസം നടത്തിയ സ്റ്റാറസ് ക്യാമ്പയിൻ, പാർട്ടിയും ഞാനും എന്ന പ്രഗത്ഭരുടെ പ്രതികരണങ്ങൾ, ഹിസ്റ്ററി വാൾ, കണ്ണൂർ മാനിഫെസ്റ്റോ, പ്രതിദിന പാർട്ടി കോൺഗ്രസ്സ് വാർത്തകൾ ചാനൽ വഴി സംപ്രേഷണം ചെയ്യൽ, കാലിക പ്രാധാന്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളും അഭിമുഖങ്ങളും എന്നിവയെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ഒരാഴ്ചഓൺലൈൻ വഴി അന്താരാഷ്ട്ര ചലച്ചിേത്രാത്സവം സംഘടിപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളുടെ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ചുകൊണ്ട് തുടക്കം മുതൽ റാലി വരെ പുതിയ കാലത്തിനനുസരിച്ച് സമ്മേളന പ്രചരണം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നാടകവും, സംഗീതശിൽപവും, പാട്ടുകളും, ചെണ്ട
വാദ്യവും ഉൾപ്പെടെ 20 കലാപരിപാടികൾ സംഘടിപ്പിച്ചത് കോവിഡ് മൂലം വേദികൾ അധികം കിട്ടാതിരുന്ന കലാകാരൻമാർക്ക് അനുഗ്രഹമായിരുന്നു.

വളണ്ടിയർ പരേഡിൽ 2881 പേർ അണിനിരന്നു. അത് നിശ്ചയിച്ചതിനേക്കാൾ കൂടുതലാണ്. സ്ത്രീ പുരുഷ വളണ്ടിയർമാർ ഒരേ യൂണിേഫാമിൽ തുല്യഎണ്ണമായാണ് പങ്കെടുത്തത്. 20 ബാന്റ് ട്രൂപ്പുകൾ ഉണ്ടായിരുന്നു. 2 ലക്ഷത്തിലധികം ബഹുജനങ്ങൾ റാലിയിൽ പങ്കെടുത്തു. ഇതിന് പുറമെ വിവിധ ദിവസങ്ങളിൽ വിവിധ പരിപാടികളിലായി 5 ലക്ഷത്തിലധികം പേർ കണ്ണൂരിലെത്തി. ഏരിയ-ലോക്കൽ-ബ്രാഞ്ച്തലത്തിൽ പതിനായിരത്തോളം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അതിലെല്ലാമായി 4 ലക്ഷത്തോളം പേർ പങ്കെടുത്തു. എല്ലാം ചേർന്നാൽ 11 ലക്ഷത്തിലധികം പേരാണ് പാർട്ടി കോൺഗ്രസ്സിന്റെ വിവിധ പരിപാടികളിൽ നേരിട്ട് പങ്കാളികളായത്. എല്ലാവരെയും ജവഹർ സ്റ്റേഡിയത്തിൽ (എ.കെ.ജി നഗർ) ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സ്റ്റേഡിയത്തിന് വെളിയിൽ എൽ.ഇ.ഡി വഴിയും ഉച്ചഭാഷിണി വഴിയും പ്രസംഗം കാണാനും കേൾക്കാനും സംവിധാനമുണ്ടാക്കി. വളണ്ടിയർമാർച്ച് കാണാൻ റോഡിന് ഇരുവശവും ആയിരങ്ങളാണ് അണിനിരന്നത്. സ്റ്റേഡിയത്തിലെ ഗാലറികളും ഗ്രൗണ്ടും നിറഞ്ഞതിനാൽ പുറത്തുള്ളവരിൽ പലർക്കും കയറാൻ കഴിഞ്ഞില്ല. ഇത്രയൊക്കെ ബഹുജനങ്ങൾ അണിനിരന്ന പരിപാടി കണ്ണൂർ നഗരത്തിൽ നടന്നിട്ടും ഗതാഗത നിയന്ത്രണം കൊണ്ടുവരേണ്ടിവന്നത് 4 ദിവസം മാത്രമാണ്. കണ്ണൂർ ജില്ലയാകെ കമ്മ്യൂണിസ്റ്റ് ഉത്സവമായിട്ടാണ് പാർട്ടി കോൺഗ്രസ്സിനെ ജനങ്ങൾ കണ്ടത്.

പാർട്ടി കോൺഗ്രസ്സിന്റെ വേദിയും നേതാക്കളെയും ഒരു നോക്ക് കാണാൻ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ ആവേശപൂർവ്വം ഒഴുകിയെത്തി. വിദേശത്തുള്ള പ്രവാസികളിൽ ചിലർ പാർട്ടി കോൺഗ്രസ്സിന്റെ പരിപാടികൾ കാണാൻ എത്തിയതും. ലോഡ്ജുകളെല്ലാം പ്രതിനിധികളും പാർട്ടി ഓഫീസുകളിൽ വളണ്ടിയർമാരും താമസിക്കുന്നതിനാൽ വന്നവർക്ക് താമസസൗകര്യം ലഭിച്ചില്ല. അവർ കടത്തിണ്ണകളിൽ കിടന്നും പൊതു ടാപ്പുകൾ വഴി കുളിച്ചും കിട്ടുന്ന ആഹാരം കഴിച്ചുമാണ് ദിവസങ്ങൾ തള്ളിനീക്കിയത്. അത്തരം ആളുകൾക്ക് പാർട്ടി ഒരു വികാരവും ആവേശവുമാണ്. പ്രതിനിധി സമ്മേളന നഗറിന്റെ മുമ്പിലെത്തി മണിക്കൂറുകളോടും മുദ്രാവാക്യവും, പാട്ടും മുഴക്കിയവരുമുണ്ട്. അതിൽ ചിലർ നാട്ടിൽ നിന്ന് എത്തിയത് പാർട്ടിക്ക് ചില ഉപഹാരങ്ങൾ നൽകാൻ കൂടിയാണ്. വീടുകളും കടകളും കയറി 4.18 കോടിയിൽ തൊഴിലെടുക്കുന്ന പാർട്ടി മെമ്പർമാർ വരുമാനത്തിന്റെ ഒരു പങ്കും പാർട്ടി കോൺഗ്രസ്സ് ചെലവിലേക്ക് സംഭാവന നൽകി. ജനങ്ങൾ പാർട്ടിയിൽ അർപ്പിക്കുന്ന വിശ്വാസമാണ് ഇതെല്ലാം തെളിയിക്കുന്നത്.

പ്രതിനിധി സമ്മേളനത്തിന്റെ ഉള്ളടക്കമാവട്ടെ പാർട്ടിയുടെ ഐക്യവും കെട്ടുറപ്പും വിളിച്ചോതുന്നതുമായിരുന്നു. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്, ഭരണഘടനാ ഭേദഗതി, പുതിയകേന്ദ്രകമ്മിറ്റിയുടെയും, പി.ബി. അംഗങ്ങളുടെയും, ജനറൽ സെക്രട്ടറിയുടെയും, കൺട്രോൾ കമ്മീഷൻ എന്നിവയുടെ തെരഞ്ഞെടുപ്പുകളെല്ലാം ഐകകണ്‌ഠ്യേനയായി സമ്മേളനം അംഗീകരിച്ചത്. മതനിരപേക്ഷതയിലേക്ക് ഭീഷണി ഉയർത്തുന്ന സംഘപരിവാറിനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള വിശാലഐക്യമാണ് സമ്മേളനം അംഗീകരിച്ച ലക്ഷ്യം. അതിനായി പാർട്ടി ദുർബലമായ പ്രദേശങ്ങൾ ഉൾപ്പെടെ പാർട്ടിയെയും വർഗ്ഗബഹുജന സംഘടനകളെയും ശക്തിപ്പെടുത്താനുള്ള കർമ്മ പരിപാടി കൂടി പാർട്ടി കോൺഗ്രസ്സ് തയ്യാറാക്കിയിട്ടുണ്ട്.

പാർട്ടി കോൺഗ്രസ്സ് ചരിത്ര സംഭവമാണെന്ന് അഭിമാനത്തോടെ പറയുമ്പോൾ സംഘാടകർക്കും പാർട്ടി കോൺഗ്രസ്സ് പ്രതിനിധികൾക്കും ഏറെ സങ്കടമുണ്ടാക്കിയത് സി.പി.ഐ.(എം) കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ സ: എം.സി ജോസഫൈന്റെ വേർപാടായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കവേയാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. പാർട്ടി കോൺഗ്രസ്സിന്റെ അഞ്ചാം നാൾ ഉച്ചയോടെ വന്ന ആ വിയോഗ വാർത്ത പാർട്ടിയെ സ്‌നേഹിക്കുന്നവരെയാകെ ദുഃഖത്തിലാഴ്ത്തി.

പാർട്ടിയിൽ ഭിന്നതയുണ്ടെന്ന ചില മാധ്യമങ്ങളുടെ പ്രചരണം മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാവുന്ന കാഴ്ചയാണ് കണ്ണൂരിന്റെ മണ്ണിൽ നടന്ന ചരിത്രസമ്മേളനം ലോകത്തിന് നൽകിയത്.

Add a Comment

Your email address will not be published. Required fields are marked *