‘തലയണ മന്ത്ര’ത്തിലെ ‘കാഞ്ചന ‘വാസ്തവത്തിൽ ഒരു പാവം സ്ത്രീയാണ്. ആഡംബരങ്ങളോടും ആഭരണങ്ങളോടും അവൾക്ക് അടക്കാനാവാത്ത മോഹമുണ്ട്. അവൾ ഭർത്താവിൻ്റെ മനസ്സ് മാറ്റിയെടുക്കുന്നത് പലപ്പോഴും ദേഷ്യപ്പെട്ടിട്ടല്ല, സ്നേഹം കൊണ്ടാണ്. അതുകൊണ്ടാണ് ‘തലയണമന്ത്രം’ എന്ന പേര് തന്നെയിട്ടത്. താനൊരു പാവമാണെന്നും വീട്ടിൽ പുതിയൊരു മരുമകൾ വന്നപ്പോൾ തന്നെ വിലയില്ലാതായി എന്നും പറഞ്ഞ് അവൾ വിലപിക്കുമ്പോൾ ഭർത്താവ് വാസ്തവത്തിൽ അതിൽ വീണു പോവുകയാണ് ചെയ്യുന്നത്.അയാളും ഒരു സാധുവായതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
പരിചയമുള്ള ചില സ്ത്രീകളെയൊക്കെ മനസ്സിൽ കണ്ടിട്ടാണ് ഈ കാഞ്ചനയെ രൂപപ്പെടുത്തിയത്.ഒന്നോ രണ്ടോ സ്ത്രീകളുടെ സ്വഭാവം ഒരാളിൽ സന്നിവേശിച്ചപ്പോഴാണ് കാഞ്ചന എന്ന കഥാപാത്രം രൂപം കൊണ്ടത്. ഭർത്താവിൻ്റെ ബലഹീനതകൾ നോക്കി ,ബുദ്ധിപൂർവ്വം കരുക്കൾ നീക്കുകയാണ് കാഞ്ചന ചെയ്യുന്നത്. ‘തന്നെ പഠിപ്പിക്കാൻ അച്ഛന് കാശില്ലായിരുന്നെന്നും ‘ ‘സ്ത്രീധനം നൽകാൻ കഴിവില്ലായിരുന്നെന്നും ‘ അതുകൊണ്ട് തന്നെ എല്ലാവരും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അവൾ സെൻറിമെൻസിലൂടെയാണ് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. അത് വിശ്വസിച്ച് ,യാഥാർഥ്യബോധം നഷ്ടപ്പെട്ട് അപകടത്തിലാവുന്ന ഭർത്താവ്, ഒടുവിൽ സ്വയം തിരുത്തുകയും കാഞ്ചനയെ തിരുത്തിക്കുകയുമാണ് ചെയ്യുന്നത്.ഈ പടം ഇറങ്ങി മുപ്പതു കൊല്ലത്തോളം കഴിഞ്ഞപ്പോൾ ഇത് സ്ത്രീ വിരുദ്ധ സിനിമയാണ് എന്ന വിമർശനം ചിലരുന്നയിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് സിനിമയുടെ ആത്മാവ് കണ്ടെത്താൻ പറ്റാത്തതു കൊണ്ടാണ്.അങ്ങനെ സംശയിച്ചിട്ടുള്ളത്, അവരുടെ മനസ്സിൻ്റെ വൈകല്യം എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. കാരണം സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും നോർമലായി ചിന്തിക്കുമ്പോൾ “വഴി തെറ്റി ചിന്തിച്ച ‘ഒരാളെ വാസ്തവത്തിൽ ‘നിൻ്റെ ചിന്തകളായിരുന്നില്ല ശരി’ എന്നു തിരുത്തുന്നത് നല്ലൊരു സന്ദേശമാണ്.
കാഞ്ചനയും സുകുമാരനെയും പോലെ ഒട്ടേറെ പേർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. തെറ്റിദ്ധാരണ മൂലമാണ് കാഞ്ചനയ്ക്ക് പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കുന്നത്. അവൾക്ക് അപകർഷതാ ബോധമാണ്.അതേ സമയം അവൾ നല്ല കാരക്ടറാണ്.അതായത്, മോളെ ഡാൻസ് പഠിപ്പിക്കാൻ വരുന്ന ഡാൻസ് മാഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ അപമര്യാദയായി പെരുമാറിയപ്പോൾ അയാളുടെ കരണക്കുറ്റിക്ക് കാഞ്ചന അടിക്കുന്നുണ്ട്. അതു പോലെ തന്നെ പൊള്ളയായ പൊങ്ങച്ചം പറഞ്ഞു നടക്കുന്ന കോളനിയിലെ സ്ത്രീകളോട് അവൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. കാഞ്ചനയുടെ ഉള്ളിലൊരു നന്മയുണ്ട്. പക്ഷെ, കുഞ്ഞുകുശുമ്പുകൾ, നാട്ടിൻ പുറത്തെ ശുദ്ധരായ സ്ത്രീകളുടെ കുശുമ്പും കുന്നായ്മയും അവളുടെ ഉള്ളിൽ കിടക്കുന്നതു കൊണ്ടാണ് ആ കഥ സംഭവിക്കുന്നത്. ഇത്ര വർഷങ്ങൾക്ക് ശേഷവും ‘കാഞ്ചന’ഓർമിക്കപ്പെടുന്നുണ്ടെങ്കിൽ അത് പ്രേക്ഷകർക്ക് ആ കാഞ്ചനയേയും കൂടി ഇഷ്ടമായതു കൊണ്ടാണ്. അല്ലാതെ, അവൾ ഒരു ദുഷ്ട കഥാപാത്രമാണെങ്കിൽ അവളോട് നമുക്ക് ഇഷ്ടം തോന്നുകയില്ല; ഒരിക്കലും നമുക്ക് കാഞ്ചനയോട് വെറുപ്പ് തോന്നുന്നില്ലല്ലൊ. അവൾ ‘മണി ‘യടിക്കുകയാണ് ചെയ്യുന്നത്.’ സുകുവേട്ടൻ എന്നെ പെണ്ണ് കാണാൻ വരുമ്പോ ഞാൻ ദൂരേന്ന് വിചാരിച്ചത് മമ്മൂട്ടിയെന്നാണ്, ‘കാഞ്ചനയ്ക്കറിയാം, അയാളുടെ വീക്നെസ്സ് എന്താണെന്ന്… ശ്രീനിവാസൻ അപ്പോൾ പറയുന്നു:
‘മമ്മൂട്ടി കുറേ ഹൈറ്റൊക്കെയില്ലേ?’
‘ആ ഒരു വ്യത്യാസല്ലേയുള്ളൂ… ” എന്നവൾ പറഞ്ഞപ്പോൾ അയാളതിൽ വീണു.എന്നിട്ട് മകൾ നാളെ തൊട്ട് ‘ഡാഡി ‘ എന്നേ വിളിക്കുകയുള്ളൂ, ‘മമ്മീ ‘ എന്നേ വിളിക്കുകയുള്ളൂ എന്നു പറയുമ്പോൾ അയാൾക്കത് സമ്മതിക്കേണ്ടി വരുന്നു. ഭർത്താവിൻ്റെ ബലഹീനത മനസ്സിലാക്കി പ്ലേ ചെയ്യുന്ന നിർദ്ദോഷിയായ പെൺകുട്ടിയാണ് ‘കാഞ്ചന ‘
എന്നാൽ, ‘അപ്പുണ്ണി’ എന്ന സിനിമയിലെ അവസ്ഥ വേറൊന്നാണ്. അതിൽ പണത്തിനും പ്രതാപത്തിനും അമിത പ്രാധാന്യം കൊടുക്കുന്നത്, പെൺകുട്ടിയുടെ അച്ഛനായ ഭരത് ഗോപി അവതരിപ്പിച്ച അയ്യപ്പൻ നായരാണ്.അയ്യപ്പൻ നായരുടെ മകളെ മോഹിച്ച മാഷും വാസ്തവത്തിൽ പാവങ്ങളാണ്.മോഹൻലാലിൻ്റെയും നെടുമുടിയുടെയും കാരക്ടർ സാധുക്കളാണ്.അയ്യപ്പൻ നായരിലൂടെ വി.കെ.എൻ പരിഹസിക്കുന്നത്, കുടുംബ മഹിമക്ക് വേണ്ടി ഏത് മര്യാദകേടിനും കൂട്ടു നിൽക്കുന്ന രക്ഷിതാക്കളെ തന്നെയാണ്.വാസ്തവത്തിൽ, പെൺകുട്ടികളുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം രക്ഷിതാക്കളാണ്.’കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കരുത്’ എന്നു കരുതി എല്ലാ നെറികേടുകളും സഹിക്കാൻ പല രക്ഷിതാക്കളും മകളെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ‘ഭർതൃ വീട്ടിൽ ‘നിന്ന് പ്രശ്നങ്ങളുണ്ടാവുന്നു എന്നു പറയുമ്പോൾ ‘നീ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യ് ‘ എന്നാണ് ഉപദേശിക്കുന്നത്. സ്ത്രീധനം വേണ്ടത്ര കിട്ടിയില്ല എന്നു പറഞ്ഞു വന്ന് കാർ തല്ലിപ്പൊളിക്കുകയും വീട്ടിൽ സഹോദരനെ അടിക്കുകയും ചെയ്യുന്ന അയാളുടെ കൂടെ ഒരിക്കലും മകളെ അയക്കാൻ പ്രേരിപ്പിക്കരുതായിരുന്നു.
“നാട്ടുകാർ എന്തു വിചാരിക്കും ?” എന്ന വ്യർഥമായ ചിന്തയാണ് പല രക്ഷിതാക്കളെയും ഭരിക്കുന്നത്. മകളുടെ സന്തോഷത്തേക്കാൾ വലുത് നാട്ടുകാർക്ക് മുന്നിലുള്ള നമ്മുടെ ‘കുടുംബ മഹിമ ‘യാണ് എന്ന് അവർ വിചാരിക്കുകയാണ്. മകൾ ഭർത്താവിനോടൊപ്പം സന്തോഷവതിയല്ല എന്ന് വ്യക്തമായി ബോധ്യപ്പെട്ടാൽ അവളുടെ താൽപര്യത്തിന് മുൻതൂക്കം നൽകാനും ഒരു നിമിഷം പോലും കഷ്ടപ്പെട്ട് ആ വീട്ടിൽ നിൽക്കരുത് എന്നു പറയാനുമുള്ള ആർജ്ജവമാണ് രക്ഷിതാക്കൾക്ക് വേണ്ടത്. തന്നെ ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം ഒരു മുറിയിൽ ആ ജീവനാന്തം കഴിയേണ്ടി വരിക എന്നതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ദുരന്തം.’
‘സ്ത്രീധന ‘ത്തെ ‘സ്പർശിക്കുന്ന രണ്ടു സിനിമകൾ കൂടി ഞാൻ ചെയ്തിട്ടുണ്ട്.’ സന്ദേശ’വും ‘ഭാഗ്യദേവത’യും. ‘സന്ദേശ’ത്തിലെ ലാസ്റ്റ് സീൻ പലരും എനിക്ക് വാട്സാപ്പിൽ അയക്കാറുണ്ട്. അതിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് മാള അരവിന്ദനോടും കെ.പി.എ.സി.ലളിതയോടും തിലകൻ നല്ല ഡയലോഗ് പറയുന്നുണ്ട്. അതായത്, ‘ഞാനുമായി ബന്ധമില്ലാത്ത ഒരു കുടുംബത്തിന് വേണ്ടി എൻ്റെ സമ്പാദ്യത്തിൻ്റെ ഭൂരിഭാഗവും സമ്പാദിച്ചു ‘ എന്നതാണത്. അതിൽ അയാൾ പറയുന്നുണ്ട്, ‘ഭാര്യയെ നോക്കേണ്ടത് ഭർത്താവിൻ്റെ കടമയാണ്. അല്ലാതെ കുടുംബത്തിൽ നിന്ന് തരുന്ന കാശ് ഉപയോഗിച്ചല്ല ‘ എന്ന്. ഇത് വ്യക്തമായ ഒരു സന്ദേശമാണ്.’ഭാഗ്യദേവത ‘ എന്ന സിനിമ ഉണ്ടായതു തന്നെ സ്ത്രീധനത്തെ പശ്ചാത്തലമാക്കിയാണ്. സ്ത്രീധനം മാത്രം മോഹിച്ച് കല്യാണം കഴിച്ച ജയറാം അവതരിപ്പിച്ച കഥാപാത്രം സ്ത്രീധനം കിട്ടാതാവുമ്പോൾ ഭാര്യയെ തൊടുന്നില്ല, ഉപദ്രവിക്കുന്നു, തിരിച്ചു വീട്ടിൽ കൊണ്ടാക്കുന്നു. അവൾക്ക് രണ്ടു കോടി രൂപ ലോട്ടറി അടിച്ചപ്പോൾ ഭർത്താവിന് ഇവളെ വേണം. അയാൾക്ക് കിട്ടുന്ന ‘ഒരടി ‘യാണ് ക്ലൈമാക്സിൽ ഇഷ്യൂസ് എന്നു പറയുന്നത്.
മാധവിക്കുട്ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ‘കല്യാണം പോലെ തന്നെ ആഘോഷിക്കപ്പെടേണ്ടതാണ് വേർപിരിയലുകളും ‘. ദുരന്തമനുഭവിച്ചു കൊണ്ട് നമ്മുടെ പെൺകുട്ടികൾ ജീവിക്കാൻ പാടില്ല എന്ന അവസ്ഥയിൽ എന്ന് സമൂഹം എത്തുന്നുവോ അപ്പോൾ മാത്രമേ നമ്മെ വേദനിപ്പിക്കുന്ന വാർത്തകൾ ഇല്ലാതാവുകയുള്ളൂ.
സത്യൻ അന്തിക്കാടിന്റെ ശബ്ദത്തിൽ കേൾക്കൂ