musafir

‘കം സെന്റി ദക്തൂറ?’

കം സെന്റി ദക്തൂറ?എത്ര സെന്റിമീറ്റർ ഗർഭ പാത്ര വികസനമായെന്നാണ് ചോദ്യം. വീടടുത്താണ്. കാറുണ്ട്. പോയിട്ടു കുറച്ചു കഴിഞ്ഞുവരാം.പത്തു സെന്റിമീറ്റർ ഗർഭപാത്ര വികസനമായാലാണ് പ്രസവമുണ്ടാവുകയെന്നും ഓരോ സെന്റിമീറ്റർ വികസനത്തിനും ഏകദേശം ഒരു മണിക്കൂറോളമെടുക്കുമെന്നൊക്കെയുള്ള പ്രായോഗിക പരിജ്ഞാനമൊക്കെ അവർക്കുണ്ട്. നല്ല വേദനയുണ്ടെങ്കിൽ ഈ ഒരു മണിക്കൂർ നിയമത്തിനൊന്നും പ്രസക്തിയില്ലെന്നറിയുന്ന ദക്തൂറ വഴങ്ങുന്നില്ല. ‘പ്രശ്‌നങ്ങളുണ്ടാകാം. അഡ്മിറ്റ് ചെയ്യുകയാണ് നല്ലത്.

‘വേണ്ട ദക്തൂറ എനിക്ക് പ്രസവ മുറി വെറുപ്പാണ്. കഴിഞ്ഞ തവണയും ഞാനിങ്ങനെയൊക്കെത്തന്നെയാണ് ചെയ്തത്. രണ്ടാം വട്ടം വന്ന് അരമണിക്കൂറിനകം പ്രസവം കഴിഞ്ഞു. ( ബർസ/ഖദീജ മുംതസ്/ പേജ് 30)- അറേബ്യയിലെ/മരുഭൂമിയിലെ ആധുനിക സ്ത്രീയുടെ ശബ്ദമാണ് ബർസയിലെ ഈ രംഗത്ത് നാം വായിക്കുന്നത്. മക്കയിലെ ആശുപത്രിയിലെ ഈ രംഗത്തിൽ നിന്നും ഡോ. അബ്ദുല്ലയുടെ ഓർമ്മക്കുറിപ്പുകളിലെത്തുമ്പോൾ 80തുകളിലെ ബദു തമ്പിലെ പ്രസവത്തെക്കുറിച്ച് ഇങ്ങിനെ കാണാം:

ഞാൻ ആ തമ്പിൽ ചെല്ലുമ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. കിടന്ന കിടപ്പിൽ പിച്ചാത്തികൊണ്ട് അവർ പൊക്കിൾ കൊടി സ്വയം ഛേദിക്കുകയും ചെയ്തിരുന്നു. അത് ഒരു സാധാരണ കാര്യം എന്ന ഭാവം മാത്രമായിരുന്നു അവർക്ക്. മരുഭൂമിയിലെ സ്ത്രീകളിൽ സഹനത്തിന്റെ അംശം കൂടുതലാണ്. അതിനാലവർ പ്രസവം പോലുള്ള കാര്യങ്ങളെ സാധാരണമായി കാണുന്നു. മരുഭൂമിയിൽ നിന്നും അവർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന കഠിനതയാണ് ഈ മനോഘടനായി മാറുന്നത്. മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന ചെന്നായ്ക്കളെ കറിക്കത്തിക്കൊണ്ട് അരിഞ്ഞു വീഴ്ത്തുന്ന ബദു സ്ത്രീകളെക്കുറിച്ചുള്ള വാർത്തകൾ ഇന്നും അറബ് പത്രങ്ങളിൽ ഇടക്കിടെ കാണാം. ബദു സ്ത്രീകളുടെ ധൈര്യത്തെക്കുറിച്ച് നിരവധി കഥകൾ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ കേട്ടിട്ടുണ്ട്.

ആ ധൈര്യമൊക്കെ അവരുപയോഗിക്കുന്നത് കുടുംബത്തെ നിലനിർത്താനും കുട്ടികളെ പോറ്റാനുമാണ്. പക്ഷെ, അവരുടെ ജീവിതം എവിടെയുമെന്നപോലെ അവരുടേതല്ല. ലോകത്ത് എവിടേയും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അതികഠിനമായി അവരും സഹിക്കുന്നു, പേറുന്നു. സ്വന്തം ജീവിതം, അങ്ങിനെയൊന്ന് പെണ്ണിനുണ്ടോ എന്ന് ചോദിച്ച അറബ് സ്ത്രീ സുഹൃത്തുക്കളെ ഓർക്കുന്നു. ഭർത്താവ് തന്റെ തന്നെ വിദ്യാർഥിയെ വിവാഹം ചെയ്തതറിയാതെ പൊട്ടത്തിയായി ജീവിച്ചതിനെക്കുറിച്ച് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഇഗ്ലീഷ് അധ്യാപിക എഴുതിയ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. മരുഭൂമിയിൽ നിനച്ചിരിക്കാതെ മഴ പെയ്ത ഒരു ദിവസം തന്നെ കാറുമായി വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ അവർ ഭർത്താവിനോടാവശ്യപ്പെട്ടു. തനിക്ക് തിരിക്കുകളുണ്ടെന്നും ടാക്‌സി എടുത്ത് വീട്ടിലേക്ക് പോകാനും ഭർത്താവ് പറഞ്ഞു. കുറച്ചു കഴിഞ്ഞ് ഭർത്താവ് യൂണിവേഴ്‌സിറ്റിയിൽ കാറുമായി വന്ന് തന്റെ ഒരു വിദ്യാർഥിനിയുമായി പോകുന്നത് അവർ അൽപ്പം മാറി നിന്ന് കണ്ടു. പിന്നെയാണ് അവർ അറിയുന്നത് അത് ഭർത്താവിന്റെ രണ്ടാം ഭാര്യയാണെന്ന്.

മഹർ അറബ് സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നു എന്നു പറയാറുണ്ട്. അതിൽ ചില ശരികളുമുണ്ട്. എന്നാൽ നിത്യജീവിതാനുഭവത്തിൽ പല തരത്തിൽ അത് അട്ടിമറിക്കപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. മഹറും മിക്കപ്പോഴും പുരുഷനിലേക്ക്, വധുവിന്റെ പിതാവിലേക്ക് ആണ് ചെന്നു ചേരുന്നത്. മരുമക്കത്തായം സ്ത്രീകൾക്ക് നൽകുന്ന സുരക്ഷിതത്വം മെഹർ സമ്പ്രദായത്തിന് നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല. (പിതാവോ കുടുംബത്തിലെ പുരുഷൻമാരോ ആവശ്യപ്പെടുന്ന മഹർ തുക കിട്ടാത്തതിന്റെ പേരിൽ എത്രയോ അറബ് യുവതികൾ അവിവാഹിതരായി തുടരാറുണ്ട്. സ്ത്രീ മഹർ ആവശ്യപ്പെടുക എന്ന യഥാർഥ ആശയമല്ല പലപ്പോഴും നടപ്പാക്കപ്പെടാറ്).

മുസ്ലിം സമൂഹങ്ങൾക്കിടയിൽ ഇന്തോനേഷ്യയിലെ മിനങ്കബാവുകൾക്കിടയിലും ലക്ഷദ്വീപിലെ മുസ്ലിംകൾക്കിടയിലുമാണ് മരുമക്കത്തായം പ്രവർത്തിക്കുന്നത്. (മുഖ്യധാര ഇസ്‌ലാം മക്കത്തായികളാണ്, മരുമക്കത്തായികളല്ല). മലബാറിൽ ചിലയിടങ്ങളിൽ ഇതുണ്ടെങ്കിലും സ്വത്ത് വിഭജനം മക്കത്തായ രീതിയിലേക്ക് മാറുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു. സ്വത്ത് അധികാരമാണ് ഇന്നത്തെ കുടുംബ ഘടനയിൽ സ്ത്രീക്ക് രക്ഷയാവുക. (ഒരു സ്വത്തുമില്ലാത്തവർ എന്തു ചെയ്യുമെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു). അല്ലെങ്കിൽ കുടുംബഘടന പൊളിച്ചെഴുതപ്പെടണം. അറേബ്യയിലെ സ്ത്രീകളുടെ കാര്യവും ഇതിൽ നിന്നും ഭിന്നമല്ല.

റാനിയ അൽബാസിനെ നേരിൽ കണ്ടതിന്റെ അനുഭവം അങ്ങിനെ ഒന്നാണ്. 2004ലാണ് ഞാനവരെ കാണുന്നത്. ആദ്യത്തെ സൗദി വനിതാ ടി.വി ആങ്കറാണ് അവർ. സൗദി ടി.വിയിൽ അവർ ആങ്കർ ചെയ്തിരുന്ന ഫാമിലി ഷോ വളരെ പ്രശസ്തമായിരുന്നു. ഷോപ്പിങ് മാളുകളിലും മറ്റും വരുമ്പോൾ അവർക്കു ചുറ്റും ആരാധകർ കൂടുമായിരുന്നു. റാനിയയെ അവരുടെ ഭർത്താവ് ഏതാണ്ട് ആസിഡ് ആക്രമണത്തിനു തുല്യമായ ആക്രമണത്തിനിരയാക്കി. മുഖം അടിച്ചു പരത്തി. അവർ ഇനി ഒരിക്കലും ടി.വിയിൽ പ്രത്യക്ഷപ്പെടരുതെന്ന അയാളുടെ തീരുമാനമാണ് നടപ്പാക്കപ്പെട്ടത്. നിരവധി പ്ലാസ്റ്റിക്ക് സർജറികൾക്കു ശേഷം റാനിയ വീണ്ടും ടി.വിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. തന്റെ അനുഭവങ്ങൾ അവർ ഡിസ്ഫിഗേഡ് എന്ന ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റാനിയയുടെ ജീവിതത്തിൽ നിന്നും എന്താണ് മനസ്സിലാക്കാൻ കഴിയുന്നത്? ആലോചിച്ചു നോക്കൂ.

സൗദി എഴുത്തുകാരി ശരീഫ അശംലാന്റെ കഥകളിൽ അറബ് സ്ത്രീകൾ അനുഭവിക്കുന്ന പീഡയുടെ നിരവധി മുദ്രകളുണ്ട്. ചിത്തരോഗാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മകളെ കാണാൻ പോകുന്ന ഉമ്മയെക്കുറിച്ചുള്ള കഥയുടെ ഉള്ളടക്കം താൻ സഹിച്ച പോലെ മകൾ സഹിക്കാൻ തയ്യാറായില്ല, അതിനാലവൾ ഭ്രാന്തിയായി എന്നാണ്. അവളെ നോക്കിയപോലെ ഞാനവളുടെ മക്കളേയും നോക്കുന്നുവെന്നും കഥയിലുണ്ട്. അതാണ് അറബ് ലോകത്തെ/മരുഭൂമിയിലെ സ്ത്രീ ലോകത്തേക്ക് തുറക്കുന്ന വലിയ വാതിലെന്നു തന്നെ തോന്നുന്നു.

മരുഭൂമിയിലെ/ അറേബ്യയിലെ സ്ത്രീകൾ ഒരു നിലയിൽ കൂടുതൽ ശാക്തീകരിക്കപ്പെട്ടവരാണ്. രാത്രി വളരെ വൈകിയും ഒരു ഭയവുമില്ലാതെ അവർ യാത്ര ചെയ്യാറുണ്ട്. സ്വന്തമായി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന സ്ത്രീകൾ പുരുഷൻമാരായ തങ്ങളുടെ ജോലിക്കാരെ നിയന്ത്രിക്കുന്നതിൽ കരുത്തുള്ളവരാണ്. എന്നാൽ ബിസിനസ് ചെയ്‌തോ ജോലി ചെയ്‌തോ ഉണ്ടാക്കുന്ന പണം അവരും കേരള സ്ത്രീകളെപ്പോലെ പ്രധാനമായും നിക്ഷേപിക്കുന്നത് കുടുംബത്തിൽ തന്നെയാണ്. അതിൽ നിന്നും ഭർത്താവ് അധിക വിഹിതം കൈപ്പറ്റുന്നതിനെക്കുറിച്ചുള്ള തർക്കങ്ങളും വിരളമല്ല. സ്ത്രീധന പീഡനം എന്ന പേരിൽ ഒരു ക്രൈം സൗദി അറേബ്യയിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്യുന്ന കാലത്ത് കേട്ടിട്ടില്ല. എന്നാൽ ഗാർഹിക പീഡനത്തെക്കുറിച്ചുള്ള നിരവധി വാർത്തകൾ വായിച്ചിട്ടുമുണ്ട്. ഗാർഹിക പീഡനങ്ങളുടെ അടിക്കല്ല്, അല്ലെങ്കിൽ വഴക്കുകളുടെ ആരംഭം ഭാര്യയുടെ സ്വത്ത് എങ്ങിനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള ഭർത്താവിന്റെ നിർദേശങ്ങളിൽ നിന്നു തന്നെയായിരിക്കുമ. സ്വത്ത് തന്നെയാണ് ഇവിടേയും സ്ത്രീ-പുരുഷ ബന്ധത്തെ/ദാമ്പത്യത്തെ നിർണ്ണയിക്കുന്നത്, പ്രവാചകന്റേയും ഇസ്ലാമിന്റേയും അധ്യയനങ്ങൾ എന്തു തന്നെയായാലും. മെഹർ കൊടുക്കാൻ കഴിവില്ലാത്തവരെ സഹായിക്കുന്ന സർക്കാർ-സർക്കാരേതര സന്നദ്ധ സംഘടനകൾ സൗദിയിൽ പലയിടത്തും കാണാറുണ്ട്. സ്ത്രീധനത്തിനും ആഭരണത്തിനും വേണ്ടി കേരളത്തിലും ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുന്ന രീതികളും സംഘനടകളുമുണ്ടല്ലോ. വിവാഹിതരാകാൻ പണമാണോ പ്രധാനപ്പെട്ടത് എന്ന ചോദ്യം തന്നെയാണ് അപ്പോഴെല്ലാം അവശേഷിക്കുന്നത്.
സ്ത്രീകൾ മടുത്ത ഭർത്താവിനെ ഒഴിവാക്കുന്നത്, അതായത് ഫസ്‌ക്ക് ചൊല്ലുന്നത് അറബ് സമൂഹങ്ങളിൽ ഒട്ടും അസാധാരണമല്ല. കാരണമായി ലൈംഗികാതൃപ്തിയാണെങ്കിൽ അക്കാര്യം സ്ത്രീകൾ ബന്ധമൊഴിയുന്ന രേഖയിൽ പറയാൻ മടിക്കാറുമില്ല. കാരണം എന്തായാലും ഒരു മടിയും പേടിയും പരിഹാസ ഭയങ്ങളൊന്നുമില്ലാതെ അവർ തുറന്നു രേഖപ്പെടുത്തും. കേരളത്തിൽ അങ്ങിനെയില്ലെന്നു തന്നെയാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. മറ്റൊരു കാര്യം, വിവാഹ മോചിത/ വിവാഹ മോചിതൻ എന്നത് അറബ്/മുസ്‌ലിം ലോകത്ത് പുനർ വിവാഹത്തിന് മങ്ങലേൽപ്പിക്കുന്ന ഒരു ഘടകവുമല്ല. കേരളീയ സമൂഹത്തിൽ ഇന്നും അതത്ര എളുപ്പത്തിലുള്ളതാണെന്നും തോന്നുന്നില്ല (പുതു തലമുറയിൽ മാറ്റമുള്ളതായി കാണുന്നുണ്ടെങ്കിലും).
സ്ത്രീധനം സ്ത്രീക്ക് ഭർതൃഗൃഹത്തിൽ സുരക്ഷ നൽകുമെന്ന വാദം 1988ൽ മാനുഷി പത്രാധിപ മധുക്വിഷോർ മുന്നോട്ടു വെച്ചത് (മാനുഷി-ലക്കം 48, റീ തിങ്കിംഗ് ഡവറി ബോയ്‌ക്കോട്ട് എന്ന ലേഖനം) അക്കാലത്ത് വലിയ വിവാദമായി മാറി. പിൽക്കാലത്ത് ആ ചർച്ച ഇ.പി.ഡബ്‌ള്യുവിലും മറ്റും തുടർന്നു. സ്ത്രീവാദ പ്രസിദ്ധീകരണ എഡിറ്ററും ചിന്തകയുമായ മധുക്വിഷോർ വാദിച്ചത് സ്ത്രീധനത്തുകയുടെ പേരിൽ ഒരു സ്ത്രീക്ക് ഭർതൃഗൃഹത്തിൽ കൂടുതൽ സുരക്ഷക്കായി അവകാശമുയർത്താമെന്നായിരുന്നു. എന്നാൽ പണം മനുഷ്യന് മതിയാകില്ല എന്നും പല കാരണം പറഞ്ഞ് കൂടുതൽ കൂടുതൽ ചോദിക്കുമെന്നതുമാണ് യഥാർഥത്തിൽ നടക്കുന്നതെന്ന കാര്യം മധുക്വിഷോർ വിസ്മരിച്ചു. എംഗൽസ് പറയുന്നത് ഭർത്താവിന്റെ വീട്ടിലേക്ക് വിവാഹാനന്തരം പോകുന്നതോടെ സ്ത്രീ കുടിയേറ്റക്കാരിയായി മാറുന്നു എന്നാണ് (കുടുംബം, ഭരണകൂടം, സ്വകാര്യ സ്വത്ത് എന്നിവയുടെ ഉൽഭവം)- വന്നവൾ, വരത്തി ഇതൊക്കെയാണ് പലപ്പോഴും ഭർതൃവീട്ടുകാരുടെ കാഴ്ചചപ്പാട്. മരുമക്കത്തായം ഇതിനേയും ചോദ്യം ചെയ്യുന്നു. ഭാര്യയുടെ വീട്ടിലാണ് ഭർത്താവ് ഈ സമ്പ്രദായത്തിൽ ജീവിക്കുന്ന്. ദാമ്പത്യം, സഹജീവിതം എന്നിവ ധനമുക്തമാക്കാനുള്ള മാതൃക യഥാർഥത്തിൽ അറബ് ജീവിതത്തിലും ശരിയായ അർഥത്തിൽ (പ്രായോഗിക- നിത്യ-ജീവിതത്തിൽ) ഉണ്ടെന്നതിന് തെളിവുകൾ കുറവാണ്.

Comments are closed.