പർദ്ദ കാമ്പസ് വേഷമാകുമ്പോൾ
ഡോ. ടി.പി. നഫീസ ബേബി
ക്യാമ്പസുകൾ ഏതാനും വർഷങ്ങളായി പെൺ ഭൂരിപക്ഷ പ്രദേശമാണ് .സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം വലിയൊരുവിഭാഗം ആൺകുട്ടികളും പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പോകുന്നതും പെൺകുട്ടികളിൽ പഠിക്കാനും ഉയരാനുമുള്ള ഉത്സാഹം വർദ്ധിച്ചുവരുന്നതും ഇതിന് കാരണമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ നിന്നുണ്ടായ വൻ വിദ്യാഭ്യാസ മുന്നേറ്റം , ആൺകുട്ടികളെ ബഹുദൂരം പിറകിലാക്കിക്കൊണ്ട് കോളേജുകളിലെ സീറ്റുകൾ പെൺകുട്ടികൾ കയ്യടക്കാൻ കാരണമായിട്ടുണ്ട്.
ഇപ്രകാരം പെൺകുട്ടികളാൽ നിറഞ്ഞ്, വിദ്യാഭ്യാസ വിപ്ലവം നടത്തിക്കൊണ്ടിരിക്കുന്ന ആർട്‌സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസുകളിൽ ഗൾഫ് സ്വാധീനം വേറിട്ട ഒരു രീതിയിലാണ് സ്വാധീനം ചെലുത്തിയത് .അതിൽ പ്രധാനപ്പെട്ട ഒന്ന് തീർച്ചയായും വേഷത്തിലാണ്. എഴുപതുകളിലും എൺപതുകളിലും വേഷം കൊണ്ട് വലിയ അന്തരം മുസ്ലിം പെൺകുട്ടികൾക്ക് മറ്റു വിഭാഗങ്ങളുമായി ക്യാമ്പസുകളിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ക്യാമ്പസുകളിൽ പർദ്ദ ഒരു സർവ്വസാധാരണമായ വേഷമായി മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ ഉണ്ട്.
പർദ്ദ കേരള മുസ്ലിം പെൺകുട്ടികളുടെ തനതായ വേഷമല്ല. കേരളകാലാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യവുമല്ല. ഗൾഫ് രാജ്യങ്ങളിൽ അവിടുത്തെ കാലാവസ്ഥക്കും പ്രകൃതിക്കും ഇണങ്ങുന്ന വിധത്തിൽ രൂപപ്പെടുത്തിയ വസ്ത്രമാണത്. ആ വേഷം നമ്മുടെ പെൺകുട്ടികൾ ഒരു സൗകര്യമായി ക്യാമ്പസുകൾ നിറച്ചപ്പോൾ , പരിണിത ഫലം ദൂരവ്യാപകമായിരുന്നു.
കാമ്പസുകളിൽ പല തരത്തിലുള്ള അച്ചടക്ക പ്രശ്‌നങ്ങളും പർദ്ദയുടെ ദുരുപയോഗം സൃഷ്ടിക്കുന്നുണ്ട്.പെട്ടെന്ന് ആളെ തിരിച്ചറിയപ്പെടില്ല എന്നതാണ് അതിലൊന്ന്. ക്ലാസ് കട്ട് ചെയ്ത് ആൺകുട്ടികളുടെ കൂടി ബൈക്കിലും മറ്റും കറങ്ങി നടക്കാൻ , മുഖം മാത്രം പുറത്തു കാണിച്ചു കൊണ്ടുള്ള പർദ്ദ ഏറ്റവും വലിയ എളുപ്പമാർഗ്ഗം ആയി എടുക്കുന്നവരുണ്ട്. ആൺ / പെൺ തുല്യത എന്ന സർഗാത്മക ക്യാമ്പസ് അനുഭവങ്ങളുടെ ശാക്തീകരണത്തിനു പകരം, രക്ഷിതാക്കളുടെ കണ്ണിൽ പൊടിയിടാൻ , ‘നല്ല പിള്ള ‘ ചമയാൻ പർദ്ദ ഒരു മികച്ച ഉപാധിയാണ്. പർദ്ദയും നക്കാബും ധരിച്ച് വീട്ടിൽ നിന്നിറങ്ങുന്ന ‘ചിലർ ‘ ഈ വേഷം ഒരു മറയായി ധാരാളമായി ഉപയോഗിക്കുന്നു എന്നതാണ് ഒരു ദുഃഖ സത്യം.
ഗൾഫ് സ്വാധീനം ക്യാമ്പസിൽ ചെലുത്തിയ മറ്റൊരു നെഗറ്റീവ് ഇഫക്റ്റ് എന്ന് പറയുന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസം വിവാഹത്തിലൂടെ അലങ്കോലമാക്കുക എന്നതാണ്. പഠിച്ചുകൊണ്ടിരിക്കുന്ന ,നല്ല മാർക്ക് വാങ്ങുന്ന ഏറ്റവും മിടുക്കിയായ പെൺകുട്ടിയെ തന്നെ വിവാഹ മാർക്കറ്റിലേക്ക് സെലക്ട് ചെയ്യാനുള്ള ഒരു ചന്തയായി കോളേജ് ക്യാമ്പസുകൾ മാറിയിട്ടുണ്ട്. ഒരുമാസം ലീവിന് വരുന്ന ഭർത്താവിൻറെ കൂടെ കറങ്ങി നടന്നു തിരിച്ചുവരുമ്പോൾ മതിയായ ഹാജരില്ലാതെ കോളേജുകളിൽ നിന്ന് റോൾ ഔട്ടായി പുറത്തു പോകേണ്ട അവസ്ഥ വന്ന് ഒരുപാട് വിദ്യാർഥിനികളുടെ ഭാവി നശിപ്പിക്കാൻ ഇത്തരം വിവാഹങ്ങൾ കാരണമായിട്ടുണ്ട്. ഗൾഫ്കാരൻ ലീവിൽ വരുമ്പോൾ വിവാഹം നടത്താനുള്ള തിരക്ക് , ഒരു പെൺകുട്ടിയുടെ സ്വപ്നവും ഭാവിയും ജീവിതവുമാണ് പലപ്പോഴും ഇല്ലാതെയാക്കുന്നത്.
ഗൾഫ് സ്വാധീനം പല വിധത്തിൽ ഉള്ള സാമ്പത്തിക സ്വാതന്ത്ര്യം കുടുംബങ്ങൾക്കും അതിലെ ഓരോ അംഗങ്ങൾക്കും നൽകിയിട്ടുണ്ട്. എന്നാൽ, ഗൾഫ് , പെൺകുട്ടികളിൽ പുറത്തേക്ക് പ്രതിഫലിപ്പിച്ചത് ‘പർദ്ദ ‘ യിലൂടെയാണ്. എന്നാൽ, ‘ തൊപ്പി’ ആൺകുട്ടികളിൽ അത്ര വ്യാപകമായി വന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പുതുതായി മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ ‘ പർദ്ദ ‘ക്യാമ്പസുകളിൽ ‘മതാത്മക പ്രതീകമായി.
Add a Comment