rafeek

അടുക്കളയിലെ അവസാനിക്കാത്ത പാത്രം കഴുകലും കുഞ്ഞിൻ്റെ മലമൂത്ര വിസർജ്ജനം വൃത്തിയാക്കലും കേരളത്തിലെ പുരുഷന് ഇഷ്ടമല്ല


റീഡ് വിഷൻ സംവാദം:
ഒന്ന്: തുടർച്ചയായ സ്ത്രീധന പീഡനങ്ങളിൽ നിന്നും കൊലപാതകങ്ങളിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്? ‘ശാക്തീകരിക്കപ്പെട്ട സ്ത്രീ’ എന്നത് കേരളത്തിൽ ഇപ്പോഴും ഒരു കെട്ടുകഥയാണോ?
രണ്ട്: ട്രോളുകൾ കണ്ട് ചിരിക്കാൻ മാത്രമുള്ളതാണോ സ്ത്രീകൾക്ക് മൊബൈൽ ഫോൺ ?എന്തുകൊണ്ട് അവർ നേരിടുന്ന ഗാർഹിക ദുരന്തങ്ങൾ കുടുംബത്തിനു മുന്നിൽ വിളിച്ചു പറയുന്നില്ല?
മൂന്ന്: പെൺകുട്ടികളുടെ ‘അമ്മ’മാരുടെ പരാജയം കൂടിയല്ലെ ഇത്? ‘ഭർത്താവിനെ ‘മൂല്യമുള്ള ‘ഉത്തമപുരുഷൻ’ എന്നു പഠിപ്പിച്ചു വെച്ച കുടുംബ ശീലങ്ങളുടെ പ്രശ്നം കൂടിയല്ലെ ഇത്? ‘ഭർത്താവിനെ തിരിച്ചടിക്കാൻ ‘ കഴിയാത്ത വിധം അബലകളാവേണ്ടതുണ്ടോ സ്ത്രീകൾ? അനാവശ്യമായ ഭർതൃ രക്ഷാകർതൃത്വങ്ങൾ ഇപ്പാഴും തുടരുന്നത് എന്തു കൊണ്ട്?

 

റഫീക്ക് അഹമ്മദ് പ്രതികരിക്കുന്നു :

ഇന്ത്യയിലെ ഏറ്റവും കൂടിയ പാട്രിയാർക്കിയൽ സമൂഹം തന്നെയാണ് നമ്മുടേത്. കാലം നമ്മുടെ ഇച്ഛയ്ക്ക് പുറത്ത് കൊണ്ടുവരുന്ന പരിണാമപരമല്ലാത്ത ഒരു വളർച്ചയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ഞാൻ ഉൾപ്പെടെയുള്ള പുരുഷ സമൂഹം മാറ്റങ്ങൾക്കു വേണ്ടിയുള്ള സൈദ്ധാന്തിക താത്വിക അവലോകനങ്ങളിൽ പങ്കെടുക്കുമെങ്കിലും പ്രയോഗവൽക്കരണത്തിൻ്റെ കാര്യം വരുമ്പോൾ നിസ്സംഗരായിരിക്കും. ഉത്തമന് മനസ്സിലാവും വിധം ഏറ്റവും ലളിതവൽക്കരിച്ചു പറഞ്ഞാൽ അടുക്കളയിലെ അവസാനിക്കാത്ത പാത്രം കഴുകലും കുഞ്ഞിൻ്റെ മലമൂത്ര വിസർജനം വൃത്തിയാക്കലും പുരുഷന് ഇഷ്ടമല്ല എന്നതു തന്നെ കാരണം. മരുമക്കത്തായം നിലനിന്നിരുന്ന ചില സമുദായങ്ങളിൽ ഒരു കാലത്ത് സ്ത്രീകൾക്ക് പ്രാമാണ്യമുണ്ടായിരുന്നു എന്ന വാദവും ഒരുതരം മിത്താണ്. സ്വത്ത് ആയിരുന്നു അവിടത്തെ നായിക. സ്ത്രീധന പീഡനങ്ങളുടെ തുടർക്കഥകളും ഇതിന് അടിവരയിടുന്നു. നോക്കൂ ഉദാഹരണത്തിന് MBBS കാരായ വധു വരന്മാരെ എടുക്കാം. എല്ലാ അർത്ഥത്തിലും ലിംഗത്തിൽ ഒഴികെ അവർ തുല്യരായിരിക്കുമ്പോഴും വരന് സ്ത്രീധനത്തിന് അവകാശമുണ്ട്. ഈ ലിംഗവിഭജനവും ആൺകോയ്മയും ഇവിടെ ആഴത്തിൽ വേരുള്ളതാണ്. പക്ഷെ അത് ഇതേ നിലയ്ക്ക് തുടർന്നു പോവുകയില്ല എന്നു തന്നെ വിചാരിക്കുന്നു. സ്ത്രീ ശാക്തീകരിക്കപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പൊതു സമൂഹത്തിൽ ഈ വിഷയം പ്രശ്നവൽക്കരിക്കപ്പെടുന്നത് അതുകൊണ്ടാണല്ലൊ. വളരെ പതുക്കെയാണെങ്കിലും അത് നടക്കുന്നുണ്ട്.

o
രണ്ട്: സ്ത്രീ സമൂഹം തന്നെയാണ് ഇതിന് ഉത്തരം തേടേണ്ടത്. ട്രോളുകളും തമാശകളും തൊണ്ണൂറു ശതമാനവും സ്ത്രീവിരുദ്ധ പരമാണ്. പലതും നിഷ്കളങ്കമായി തോന്നുമ്പോൾ തന്നെയും അടിയുറച്ചു പോയ സ്ത്രീവിരുദ്ധ മൂല്യബോധം അവയിൽ പ്രവർത്തിക്കുന്നത് വ്യക്തമാണല്ലൊ.
o

മൂന്ന്: സ്ത്രീ-പുരുഷ സങ്കൽപ്പങ്ങൾ രൂപീകരിക്കപ്പെടുന്നതിൽ മതവിശ്വാസങളുടെ സ്വാധീനം പരമപ്രധാനമാണല്ലൊ. ലിംഗ തുല്യതയ്ക്കു വേണ്ടിയുള്ള ഏത് ശ്രമവും പ്രാചീനമായ മത വിശ്വാസങ്ങളുടെ മൂല്യ ഘടനയെ തച്ചുടച്ചു കൊണ്ടു മാത്രമേ പൂർണമാവു. സ്ത്രീകൾക്കെതിരായ വയ്ക്കു വേണ്ടി പോലും ആചാര സംരക്ഷണത്തിൻ്റെ, അല്ലെങ്കിൽ മതനിയമസംരക്ഷണത്തിൻ്റെ പേരിൽ അണിനിരക്കാൻ സ്ത്രീകളെ കിട്ടുമല്ലൊ.

ഏറ്റവും പ്രധാനം സാമ്പത്തികമായ സ്വാശ്രയത്വം ആണ് എന്നിരിക്കിലും പുരുഷൻ്റെ തണൽ എന്ന ഒന്ന് അനിവാര്യതയായിത്തന്നെ കരുതപ്പെട്ടു പോരുന്നത് ഈയൊരു പരമ്പരാഗത മതമൂല്യബോധത്തിൻ്റെ ഭാഗമായിത്തന്നെയാണ്. ലോക ചരിത്രത്തിൽ ഒരിക്കലും ഒരിടത്തും ഒരു വ്യവസ്ഥിതിയും ആത്മഹത്യ ചെയ്തിട്ടില്ല. ഒരു ഉടമയും അടിമയെ സ്വമേധയാ സ്വതന്ത്രനാക്കിയിട്ടില്ല. ചരിത്ര ബോധവും ശാസ്ത്രീയ യുക്തിയും ഉൾക്കൊണ്ട് പുതിയ പെൺ തലമുറ പുതിയ രാഷ്ട്രീയ വിവേകം ആർജിച്ച് ഉണർന്നെണീക്കുക എന്നല്ലാതെ ഇതിനൊന്നും വേറെ എളുപ്പമാർഗങ്ങളില്ല.

Comments are closed.